niyamasabha
സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി: അടിയന്തര പ്രമേയത്തില്‍ നിയമസഭയില്‍ ചര്‍ച്ച
സ്ഥിതി വഷളാക്കിയത് സര്‍ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയുമെന്നു പ്രതിപക്ഷം

തിരുവനന്തപുരം | സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധിയെ കുറിച്ചു പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന് സര്‍ക്കാര്‍ അനുമതി നല്‍കി. റോജി എം ജോണ്‍ എം എല്‍ എ അടിയന്തിര പ്രമേയം അവതരിപ്പിച്ചു.
പ്രശ്‌ന പരിഹാരത്തിന് സംസ്ഥാന സര്‍ക്കാരിന് എന്ത് ചെയ്യാനുണ്ടെന്ന് അദ്ദേഹം ചോദിച്ചു. സ്ഥിതി വഷളാക്കിയത് സര്‍ക്കാരിന്റെ ധൂര്‍ത്തും കെടുകാര്യസ്ഥതയുമാണ്. സംസ്ഥാനം പിരിച്ചെടുക്കാനുള്ള നികുതി പോലും പിരിക്കുന്നില്ല. സാധാരണക്കാരന്റെ മേല്‍ അധിക ഭാരം അടിച്ചെല്‍പ്പിക്കുന്നു എന്നല്ലാതെ ഒരു കാര്യവും ഇല്ലെന്നും കുറ്റപ്പെടുത്തി.
ജി എസ് ടി നടപ്പാക്കിയപ്പോള്‍ ഉപഭോക്തൃ സംസ്ഥാനത്തിന് വന്‍ നേട്ടമുണ്ടാകുമെന്ന് വിലയിരുത്തി സാമ്പത്തിക പരിഷ്‌കരണങ്ങള്‍ വരുത്തിയത് വന്‍ വീഴ്ചയാണെന്നും പ്രതിപക്ഷം ആരോപിച്ചു. ജി എസ് ടി വെട്ടിപ്പ് തടയാന്‍ പോലും സംവിധാനം ഉണ്ടാക്കിയിട്ടില്ല. നഷ്ടപരിഹാരം നിര്‍ത്തുന്നു എന്ന് ബോധ്യപ്പെട്ടപ്പോള്‍ മാത്രമാണ് ജി എസ് ടി വകുപ്പ് പുനസ്സംഘടിപ്പിച്ചത്.
5,000 കോടിയുടെ നഷ്ടം ഐ ജി എസ് ടി ഇനത്തില്‍ ഉണ്ടാകുമെന്നാണ് കണ്ടെത്തല്‍. ധനകാര്യ കമ്മീഷന്‍ അനുവദിച്ച ഗ്രാന്‍ഡ് കിട്ടിയിട്ടുണ്ട്. 14-ാം ധനകാര്യ കമ്മീഷന്‍ അനുവദിച്ചതിനേക്കാള്‍ 15-ാം ധനകാര്യ കമ്മീഷന്‍ ഗ്രാന്‍ഡ് കൂടുതല്‍ നല്‍കി. ഏഴ് വര്‍ഷത്തിനിടെ 25,000 കോടി നഷ്ടമാണ് ഉണ്ടായതെന്നും റോജി എം ജോണ്‍ പറഞ്ഞു.
കിഫ്ബി കടമെടുപ്പ് പരിധിയില്‍ വരുമെന്ന് പ്രതിപക്ഷം ആവര്‍ത്തിച്ച് ഓര്‍മിപ്പിച്ചിരുന്നു. കടമെടുക്കാന്‍ മാത്രമുള്ള സര്‍ക്കാരായി എല്‍ ഡി എഫ് സര്‍ക്കാര്‍ മാറിയെന്നും പദ്ധതികളെല്ലാം താളം തെറ്റിയെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി.