local body election 2025
നന്നമ്പ്ര ഡിവിഷനില്‍ യൂത്ത് ലീഗ് നേതാവും മുന്‍ ഡി സി സി സെക്രട്ടറിയും തമ്മില്‍ പോരാട്ടം
തിരൂരങ്ങാടി നിയോജക മ ണ്ഡലത്തിലെ നന്നമ്പ്ര, തെന്നല, എടരിക്കോട് പഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്നതാണ് നന്നമ്പ്ര ഡിവിഷന്‍.
തിരൂരങ്ങാടി | ജില്ലാ പഞ്ചായത്ത് നന്നമ്പ്ര ഡിവിഷനില്‍ യൂത്ത് ലീഗ് നേതാവും മുന്‍ ഡി സി സി സെക്രട്ടറിയും തമ്മിലാണ് പോരാട്ടം. യു ഡി എഫ് സ്ഥാനാര്‍ഥിയായി യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് ശരീഫ് കുറ്റൂരും എല്‍ ഡി എഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മുന്‍ ഡി സി സി സെക്രട്ടറി കെ പി കെ തങ്ങളുമാണ് പ്രധാന മത്സരം. തിരൂരങ്ങാടി നിയോജക മ ണ്ഡലത്തിലെ നന്നമ്പ്ര, തെന്നല, എടരിക്കോട് പഞ്ചായത്തുകള്‍ ഉള്‍ക്കൊള്ളുന്നതാണ് നന്നമ്പ്ര ഡിവിഷന്‍.
നിലവിലെ അംഗം യാസ്മിന്‍ അരിമ്പ്ര 23,000ത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചിരുന്നത്. യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റിന് പുറമേ വേങ്ങര അലിവ് ചാരിറ്റബിള്‍ ചെയര്‍മാന്‍ കൂടിയാണ് ശരീഫ് കുറ്റൂര്‍. യു ഡി എഫ് സ്ഥാനാര്‍ഥിയായി നാട്ടുകാരനെ നിര്‍ത്തണമെന്ന പൊതുവികാരം ഉണ്ടായിരുന്നു. എന്നാല്‍ നേതൃത്വം ഇത് അംഗീകരിച്ചില്ല.
പുറത്ത് നിന്നുള്ളയാളെ നിര്‍ത്തിയതില്‍ അണികളില്‍ മുറുമുറുപ്പുണ്ടായിരുന്നു. ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ഥി കെ പി കെ തങ്ങള്‍ നന്നമ്പ്ര ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റാണ്. 10 വര്‍ഷത്തിലേറെ ഡി സി സി സെക്രട്ടറിയായിരുന്നിട്ടുണ്ട്. പഞ്ചായത്ത് യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റായി രാഷ്ട്രീയത്തില്‍ പ്രവേശിച്ച ഇദ്ദേഹം താനൂര്‍ നിയോജക മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ്, ബ്ലോക്ക് കോണ്‍ഗ്രസ്സ് പ്രസിഡന്റ്, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ വൈസ് പ്രസിഡന്റ്, സെക്രട്ടറി, ഇന്ത്യ പോപുലേഷന്‍ പ്രൊജക്ട് ജില്ലാ ഉപദേശക സമിതിയില്‍ യുവജന പ്രതിനിധി തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
നന്നമ്പ്ര ഗവ. ആശുപത്രി കെട്ടിടത്തില്‍ മറ്റൊരു സംഘടന നിര്‍മിച്ച എന്ന് തെറ്റിദ്ധരിപ്പിച്ച് എഴുതിയത് മായ്ക്കാന്‍ പറഞ്ഞതിന്റെ പേരില്‍ പഞ്ചായത്ത് ഭരിക്കുന്ന ലീഗുമായി ഇടയുകയും കോണ്‍ഗ്രസ്സ് നേതൃത്വം കോണ്‍ഗ്രസ്സിന്റെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്യുകയായിരുന്നു. അല്‍പകാലം അധ്യാപകനായിട്ടുണ്ട്.
യു ഡി എഫ് പ്രവര്‍ത്തകരുമായും പ്രത്യേകിച്ച് കോണ്‍ഗ്രസ്സുകാരുമായും ഇപ്പോഴും നല്ല സൗഹൃദമാണ്. ഈ ബന്ധവും ഡിവിഷനിലെ വോട്ടര്‍ എന്നതും വോട്ടാക്കി മാറ്റാമെന്ന പ്രതീക്ഷയിലാണ് കെ പി കെ തങ്ങള്‍.
ബി ജെ പിയിലെ റിജു സി രാഘവ്, ആം ആദ്മി പാര്‍ട്ടിയിലെ മൂസ ജാറത്തിങ്ങല്‍, എസ് ഡി പി ഐയുടെ ഫൈസല്‍ എന്നിവരും മത്സരിക്കുന്നുണ്ട്.




