Connect with us

Articles

ജീവിതത്തിന് നിറങ്ങള്‍ നല്‍കുന്ന പെണ്‍ ലൈബ്രറി

ഏതു പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും അക്ഷരം പഠിക്കാനുള്ള ഒരിടമാണ് ഈ വായനശാല. ഗ്രന്ഥശാലയുടെ സ്ഥാപക കവിത സൈനി എന്ന പെണ്‍കുട്ടിയാണ്.

Published

|

Last Updated

ജയ്പുര്‍| ജയ്പുരിലെ ബസ്സി എന്ന ഗ്രാമത്തിലെ ലൈബ്രറിയെക്കുറിച്ചുള്ള വാര്‍ത്തകളാണ് സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നത്. ഈ വായനശാലയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ഇത് സ്ത്രീകള്‍ക്ക് മാത്രമായുള്ള ഒരു ലൈബ്രറിയാണ്. ഏതു പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും അക്ഷരം പഠിക്കാനുള്ള ഒരിടമാണ് ഈ വായനശാല. ഗ്രന്ഥശാലയുടെ സ്ഥാപക കവിത സൈനി എന്ന പെണ്‍കുട്ടിയാണ്.

കവിത ഈ വായനശാല തുടങ്ങാനുള്ള കാരണമാണ് ഇനി പറയാന്‍ പോകുന്നത്. സ്ത്രീകള്‍ക്ക് ജീവിക്കാന്‍ ഒട്ടും എളുപ്പമല്ലാത്ത ഒരു ഗ്രാമമാണ് ബസ്സി എന്നാണ് ഈ പെണ്‍കുട്ടി പറയുന്നത്. ഗ്രാമത്തിലെ സ്ത്രീകള്‍ക്ക് യാത്ര ചെയ്യാന്‍ വിലക്കുമുണ്ട്. വായിക്കാനും പഠിക്കാനും ഒരുപാട് ആഗ്രഹമുള്ള പെണ്‍കുട്ടികള്‍ ധാരാളമുള്ള ഗ്രാമമാണിത്. വായിക്കണമെന്ന് തോന്നിയാല്‍ അതിനുള്ള ലൈബ്രറി അവിടെയില്ല. പതിനാല് കിലോ മീറ്റര്‍ ദൂരെ ഒരു ലൈബ്രറിയുണ്ട്. എന്നാല്‍ അത്രയും ദൂരം യാത്ര ചെയ്ത് ലൈബ്രറിയില്‍ പോകാന്‍ രക്ഷിതാക്കള്‍ പെണ്‍കുട്ടികളെ അനുവദിച്ചിരുന്നില്ല. പെണ്‍മക്കള്‍ യാത്രയ്ക്കിടയില്‍ ലൈംഗിമായി പീഡിപ്പിക്കപ്പെടുമെന്ന ഭയമായിരുന്നു മാതാപിതാക്കള്‍ക്ക്. ഈ പേടി കാരണം പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നവര്‍ നിരവധിയാണ്.

കവിത സൈനിയെന്ന വായനയെ നെഞ്ചേറ്റിയ പെണ്‍കുട്ടിയും ഇതേ അവസ്ഥയിലൂടെയായിരുന്നു ജീവിച്ചത്.വായിക്കാന്‍ ഒരു പുസ്തകം പോലും കിട്ടാതെ അവള്‍ സങ്കടപ്പെട്ടു. അകലെയുള്ള ലൈബ്രറിയിലേക്ക് പോവാന്‍ രക്ഷിതാക്കള്‍ അവളെ അനുവദിച്ചില്ല. ഗ്രാമത്തിലെ മറ്റു പെണ്‍കുട്ടികളും തന്നെപ്പോലെ ഇക്കാര്യത്തില്‍ അസ്വസ്ഥരാണെന്ന് അവള്‍ മനസിലാക്കി. ഇതിനൊരു പരിഹാരം വേണമെന്ന ചിന്തയായി കവിതയ്ക്ക്. അങ്ങനെയാണ് ഗ്രാമത്തില്‍ സ്വന്തമായി ഒരു ലൈബ്രറി ആരംഭിക്കുക എന്ന ആശയത്തിലെത്തിയത്. നാട്ടിലെ ഒരു മുറിയില്‍ കവിത വായനശാല ആരംഭിച്ചു. തന്നെപോലെ ബുദ്ധിമുട്ട് അനുഭവിക്കുന്ന എല്ലാ പെണ്‍കുട്ടികള്‍ക്കും ഈ ലൈബ്രറിയിലൂടെ അറിവും അക്ഷര വെളിച്ചവും നല്‍കണമെന്നാണ് കവിതയുടെ ആഗ്രഹം.

കവിതയുടെ വായനശാലയില്‍ നിലവില്‍ 398 പുസ്തകങ്ങളാണുള്ളത്. രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ ഗ്രന്ഥാലയം തുറന്നുപ്രവര്‍ത്തിക്കും. ഇവിടെ നിന്ന് പുസ്തകങ്ങള്‍ സൗജന്യമായി വായിക്കാം. കൂടാതെ ഗ്രാമത്തിലെ സ്ത്രീകളെ അവിടെവെച്ച് അവള്‍ ഇംഗ്ലീഷും പഠിപ്പിക്കുന്നു. ഒഴിവ് സമയങ്ങളില്‍ സ്ത്രീകളെ തുണികളില്‍ എംബ്രോയ്ഡറി ചെയ്യാനും കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കാനും കവിത പരിശീലിപ്പിക്കുന്നു. അതിനൊപ്പം എംബ്രോയ്ഡറി ചെയ്ത തുണികളും, കളിപ്പാട്ടങ്ങളും വിപണനം ചെയ്യാനും അവരെ സഹായിക്കുകയും ചെയ്യും. ഈ കൂട്ടായ്മയില്‍ നിന്ന് വിപണിയില്‍ എത്തുന്ന കളിപ്പാട്ടങ്ങള്‍ക്ക് 100 മുതല്‍ 1000 രൂപ വരെ വില ലഭിക്കുന്നു എന്ന് കവിത പറയുന്നു. ഗ്രാമത്തിലെ നിര്‍ധനരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും അക്ഷരവെളിച്ചം മാത്രമല്ല ജീവിതത്തിന് അര്‍ത്ഥം കൂടിയാണ് കവിത നല്‍കുന്നത്.