National
അധ്യാപക ജോലി നഷ്ടമാകുമെന്ന ഭയം; നവജാത ശിശുവിനെ കാട്ടില്‍ ഉപേക്ഷിച്ച മാതാപിതാക്കള്‍ അറസ്റ്റില്‍
72 മണിക്കൂര്‍ മാത്രം പ്രായമുള്ള കുഞ്ഞ് ഒരു രാത്രി മുഴുവന്‍ തണുപ്പും പ്രാണികളുടെ കടിയുമേറ്റാണ് വനത്തില്‍ കല്ലുകള്‍ക്കിടയില്‍ കിടന്നത്

ഭോപ്പാല്‍ | ജോലി പോകുമെന്ന ഭയത്തില്‍ നവജാത ശിശുവിനെ കാട്ടില്‍ കല്ലുകള്‍ക്കിടയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ പിതാവായ സ്‌കൂള്‍ അധ്യാപകനും ഭാര്യയും അറസ്റ്റില്‍. മധ്യപ്രദേശിലെ ചിന്ദ് വാരയിലെ നന്ദന്‍വാടി ഗ്രാമത്തിലാണ് സംഭവം. സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകന്‍ ബബ്ലു ദണ്ഡോലിയ (38) യും അമ്മ രാജ്കുമാരി ദണ്ഡോലിയ (30)യുമാണ് അറസ്റ്റിലായത്. ദമ്പതികളുടെ നാലാമത്തെ കുട്ടിയാണിത്.
ജോലി പോകുമെന്ന ഭയത്താലാണ് നവജാത ശിശുവിനെ ഉപേക്ഷിച്ചതെന്നാണ് മാതാപിതാക്കള്‍ പോലീസിനോട് പറഞ്ഞു. 72 മണിക്കൂര്‍ മാത്രം പ്രായമുള്ള കുഞ്ഞ് ഒടുവില്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഒരു രാത്രി മുഴുവന്‍ തണുപ്പും പ്രാണികളുടെ കടിയുമേറ്റാണ് വനത്തില്‍ കല്ലുകള്‍ക്കിടയില്‍ കിടന്നത്. രാവിലെ പ്രഭാതസവാരിക്കിറങ്ങിയ നാട്ടുകാരാണ് കുഞ്ഞിന്റെ കരച്ചില്‍ കേട്ട് ഓടിയെത്തി, കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നത്. കുഞ്ഞിന് ഉറുമ്പുകളുടെ കടിയേറ്റതായും ഹൈപ്പോതെര്‍മിയയുടെ ലക്ഷണങ്ങളുള്ളതായും ചിന്ദ്വാര ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. നവജാതശിശു ഇപ്പോള്‍ സുരക്ഷിതനും നിരീക്ഷണത്തിലുമാണെന്നും ഡോക്ടര്‍ാമര്‍ വ്യക്തമാക്കി.
സെപ്റ്റംബര്‍ 23-ന് പുലര്‍ച്ചെയാണ് അധ്യാപകനായ ബബ്ലുവിന്റെ ഭാര്യ രാജ്കുമാരി വീട്ടില്‍ പ്രസവിച്ചത്. മണിക്കൂറുകള്‍ക്കകം കുഞ്ഞിനെ കാട്ടിലേക്ക് കൊണ്ടുപോയി കല്ലുകള്‍ക്കിടയില്‍ ഉപേക്ഷിക്കുകയായിരുന്നു. മധ്യപ്രദേശില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ നിയന്ത്രണമുണ്ട്. ജോലി നഷ്ടപ്പെടുമോ എന്ന് ഭയന്ന് നിലവില്‍ മൂന്ന് കുട്ടികളുള്ള ദമ്പതികള്‍ ഗര്‍ഭവിവരം രഹസ്യമാക്കി വെച്ചിരുന്നുവെന്നാണ് വിവരം. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി ധനോറ പോലീസ് അറിയിച്ചു.