Connect with us

ssf conferance

സഹിഷ്ണുതയില്ലാത്ത സമൂഹത്തിലാണ് ഫാസിസവും തീവ്രവാദവും വേരു പിടിക്കുന്നത്: സി മുഹമ്മദ് ഫൈസി

തിരുനബിക്ക് പിറന്ന നാട്ടില്‍ നിന്ന് പലായനം ചെയ്യേണ്ട അവസ്ഥ വരെ വന്നിട്ടും അസഹിഷ്ണുവാകുകയോ, അക്രമത്തിന്റെ പാത സ്വീകരിക്കുകയോ ചെയ്തില്ല. ആ മാതൃകയാണ് നാം പിന്‍പറ്റേണ്ടത് എന്നും അദ്ദേഹം പറഞ്ഞു

Published

|

Last Updated

മലപ്പുറം | സഹിഷ്ണുതയും സൗഹാര്‍ദ്ദവും അസ്തമിക്കുന്ന സമൂഹങ്ങളിലാണ് ഫാസിസവും തീവ്രവാദവും വളരുന്നതെന്ന് ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി പറഞ്ഞു. രണ്ടത്താണി നുസ്‌റത്ത് കാമ്പസില്‍ എസ് എസ് എഫ് ദേശീയ കമ്മിറ്റി സംഘടിപ്പിച്ച സീറത്തുന്നബി ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിലെ അക്കാദമിക് സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഫാസിസവും താലിബാന്‍ പോലെയുള്ള തീവ്ര ചിന്താഗതികളും രൂപപ്പെടുന്നത് അസഹിഷ്ണുതയില്‍ നിന്നാണ്. ഇഷ്ടമില്ലാത്ത കാര്യങ്ങളെ അടിച്ചമര്‍ത്തുന്നതും തന്റെ അഭിരുച്ചിക്കെതിരെയുള്ള കാര്യങ്ങളെ നശിപ്പിക്കാന്‍ ശ്രമിക്കുന്നതും ഫാസിസമാണ്. അത്തരം പ്രവണതകളെ ഇസ്ലാം അംഗീകരിക്കുന്നില്ല. തിരുനബിക്ക് പിറന്ന നാട്ടില്‍ നിന്ന് പലായനം ചെയ്യേണ്ട അവസ്ഥ വരെ വന്നിട്ടും അസഹിഷ്ണുവാകുകയോ, അക്രമത്തിന്റെ പാത സ്വീകരിക്കുകയോ ചെയ്തില്ല. ആ മാതൃകയാണ് നാം പിന്‍പറ്റേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

എസ് എസ് എഫ് സംസ്ഥാന സെക്രട്ടറി ജാബിര്‍ സഖാഫി പാലക്കാട് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പൊരുളില്ലാത്ത തിരുനബി വിമര്‍ശനങ്ങള്‍, രാഷ്ട്രം, രാഷ്ട്രീയം, പൗരന്‍, പൗരത്വം തിരുനബി കാഴ്ചപ്പാടുകള്‍, ഇന്‍ക്ലൂസീവ് ഇസ്‌ലാം എന്നീ വിഷയങ്ങളില്‍ ഫൈസല്‍ അഹ്‌സനി രണ്ടത്താണി, എം മുഹമ്മദ് സ്വാദിഖ്, ശാഫി സഖാഫി മുണ്ടമ്പ്ര എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അലി ബാഖവി ആറ്റുപുറം, എസ് എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി എന്‍ ജഅഫര്‍ എന്നിവര്‍ സംസാരിച്ചു.