Ongoing News
മൂന്നര മണിക്കൂറുള്ള കേരളത്തിലേക്കും എട്ട് മണിക്കൂറുള്ള ലണ്ടനിലേക്കും നിരക്ക് സമാനം; വിമാനക്കൂലിയില്‍ നട്ടംതിരിഞ്ഞ് പ്രവാസികള്‍
കേരള സെക്ടറിലേക്കുള്ള വിമാന ടിക്കറ്റുകളാണ് ഇപ്പോള്‍ ഏറ്റവും ഉയര്‍ന്നതെന്ന് ട്രാവല്‍ ഏജന്റുമാര്‍ വ്യക്തമാക്കുന്നു.

ദുബൈ | യു എ ഇയില്‍ നിന്ന് കേരളമടക്കമുള്ള ഇന്ത്യയിലെ ചില വിമാനത്താവളങ്ങളിലേക്കുള്ള വിമാനനിരക്ക് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള നിരക്കിന് തുല്യം! യുഎഇയിലെ സ്‌കൂളുകള്‍ വേനല്‍ അവധിക്ക് അടച്ചതിനാല്‍ യാത്ര ചെയ്യുന്ന നിരവധി പ്രവാസി കുടുംബങ്ങളെ വെട്ടിലാക്കുകയാണ് ഉയര്‍ന്ന വിമാന ടിക്കറ്റ് നിരക്ക്. അവസാന നിമിഷം ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ച പല യാത്രക്കാരും കുതിച്ചുയരുന്ന വില കാരണം യാത്ര മാറ്റിവെക്കുകയാണ്.
മാസങ്ങള്‍ക്കു മുന്‍പേ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് നിരക്കിളവില്‍ ടിക്കറ്റ് ലഭിച്ചിരുന്നു. എന്നാല്‍ ജോലിയിലുള്ളവരുടെ അവധിയടക്കം മറ്റു കാര്യങ്ങള്‍ കാരണം നേരത്തെ ടിക്കറ്റെടുക്കാനാവാത്തവര്‍ ഇപ്പോള്‍ വിഷമാവസ്ഥയിലായിരിക്കുകയാണ്. അതിനിടെ വിവിധ ട്രാവല്‍ ഏജന്റുമാര്‍ ഒരുക്കിയ ചാര്‍ട്ടര്‍ വിമാന സര്‍വീസുകള്‍ ഉപയോഗപ്പെടുത്തിയവര്‍ ധാരാളമുണ്ട്. ഇതിലും ടിക്കറ്റ് നിരക്ക് സാധാരണത്തെക്കാളും ഉയര്‍ന്ന നിലയിലാണ്.
കേരള സെക്ടറിലേക്കുള്ള വിമാന ടിക്കറ്റുകളാണ് ഇപ്പോള്‍ ഏറ്റവും ഉയര്‍ന്നതെന്ന് ട്രാവല്‍ ഏജന്റുമാര്‍ വ്യക്തമാക്കുന്നു. ടിക്കറ്റ് നല്‍കുന്ന സെര്‍ച്ച് എഞ്ചിനുകള്‍ പ്രകാരം ജൂലൈ 3-ന് കേരളത്തിലെ കൊച്ചിയിലേക്കുള്ള വണ്‍-വേ ഡയറക്ട് ഫ്‌ലൈറ്റ് ടിക്കറ്റ് നിരക്കുകള്‍ 1,554 ദിര്‍ഹത്തിനും 2,287 ദിര്‍ഹത്തിനും ഇടയിലാണ്. അതേസമയം, 7 മണിക്കൂറും 45 മിനിറ്റും എടുക്കുന്ന ദുബൈ – ഹീത്രൂ നേരിട്ടുള്ള വിമാനത്തിന് 2,680 ദിര്‍ഹം ആണ് വില. ഏതാണ്ട് നാല് മണിക്കൂറാണ് കേരളത്തിലെ ഏത് എയര്‍പോര്‍ട്ടിലേക്കും എടുക്കുന്ന സമയം.
കൊച്ചി, തിരുവനന്തപുരം, കണ്ണൂര്‍, കോഴിക്കോട് എന്നീ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കും വില ഉയര്‍ന്നു തന്നെയാനുള്ളത്. കണക്ഷന്‍ ഫ്ളെറ്റുകളെ ആശ്രയിക്കുന്നവര്‍ക്കും പതിവില്‍ കൂടിയ നിരക്ക് തന്നെയാണ് നല്‍കേണ്ടി വരുന്നത്. ഈദ് അവധി ദിനങ്ങള്‍ കൂടി വരുന്നതിനാല്‍ ആവശ്യക്കാരുടെ എണ്ണം കൂടുതല്‍ വര്‍ധിച്ചിട്ടുണ്ട്.
ഗള്‍ഫ് മേഖലയില്‍ നിന്നുള്ള വിമാനക്കൂലിയിലെ വര്‍ധനവിനെതിരെ നിരവധി തവണകളായി പ്രവാസികള്‍ ശബ്ദമുയര്‍ത്തുന്നുണ്ട്. എന്നാല്‍ അത്തരമൊരു ആവശ്യത്തെ സര്‍ക്കാരും വിമാനക്കമ്പനികളും ഗൗനിക്കുന്നേയില്ല എന്ന പരിഭവമാണ് ഗള്‍ഫ് പ്രവാസികള്‍ക്ക്. ഇതിന് പരിഹാരമെന്ന നിലയില്‍ കേരള സര്‍ക്കാര്‍ കെ ഫ്‌ളൈറ്റ് ഏര്‍പ്പെടുത്തണമെന്നും അല്ലെങ്കില്‍ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് നിരക്കിളവിന് ശ്രമിക്കണമെന്നും ലോക കേരള സഭയില്‍ അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
കോവിഡ് റീപാട്രിയേഷന്‍ വിമാനങ്ങളില്‍ 750 ദിര്‍ഹമിനധികം നിരക്ക് ഈടാക്കരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. അന്ന് ഇന്ത്യയില്‍ നിന്ന് വരുന്ന വിമാനങ്ങളില്‍ സാധാരണ യാത്രക്കാര്‍ ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. അത്തരമൊരു നീക്കത്തിലേക്ക് വരാത്തതില്‍ പ്രവാസ ലോകത്തിന് വലിയ പരിഭവമാണുള്ളത്.