Connect with us

Kerala

കെ എസ് ആര്‍ ടി സി സൂപ്പര്‍ ഫാസ്റ്റ് ബസ് ഓര്‍ഡിനറി ബസില്‍ ഇടിച്ചു; പോലീസ് ജീപ്പ് തകര്‍ന്നു

പത്തനംതിട്ടയില്‍ നിന്നും തട്ട വഴി തിരുവനന്തപുരം ഭാഗത്തേക്ക് വന്ന കെ എസ് ആര്‍ ടി സി സൂപ്പര്‍ ഫാസ്റ്റ് ബസാണ് അപകടം വരുത്തിയത്.

Published

|

Last Updated

അടൂര്‍ | കെ എസ് ആര്‍ ടി സി സൂപ്പര്‍ ഫാസ്റ്റ് ബസ് ഓര്‍ഡിനറി ബസില്‍ ഇടിച്ച് പോലീസ് ജീപ്പ് തകര്‍ന്നു. അപകടത്തില്‍ എ എസ് ഐയുടെ കൈയൊടിഞ്ഞു.

ഇന്ന് രാത്രി 7.30ഓടെ നഗരമധ്യത്തില്‍ നയനം തിയേറ്ററിന് സമീപത്താണ് സംഭവം. പത്തനംതിട്ടയില്‍ നിന്നും തട്ട വഴി തിരുവനന്തപുരം ഭാഗത്തേക്ക് വന്ന കെ എസ് ആര്‍ ടി സി സൂപ്പര്‍ ഫാസ്റ്റ് ബസാണ് അപകടം വരുത്തിയത്. അമിത വേഗതയില്‍ എത്തിയ ബസ് അടൂര്‍-തട്ട റോഡ് തിരിയുന്നതിനിടെ സിഗ്‌നലിലുള്ള ഡിവൈഡര്‍ ഇടിച്ചിളക്കി. തുടര്‍ന്ന് അടൂര്‍ കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ കയറാതെ പോയ ബസ് ഗാന്ധി സ്മൃതി മൈതാനത്തിനു സമീപത്തകൂടി അമിത വേഗതയില്‍ മുന്നോട്ട് പോയി. നയനം തിയേറ്ററിന്റെ സമീപത്ത് വെച്ച് മുന്നില്‍ പോകുകയായിരുന്ന മറ്റൊരു കെ എസ് ആര്‍ ടി സി ഓര്‍ഡിനറി ബസില്‍ ഇടിക്കുകയും ചെയ്തു.

നിയന്ത്രണം വിട്ട ഓര്‍ഡിനറി ബസ് മുന്നില്‍ പോകുകയായിരുന്ന കോയിപ്രം പോലീസ് സ്റ്റേഷനിലെ ബൊലെറോയില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ജീപ്പ് പൂര്‍ണമായും തകരുകയും എ എസ് ഐ. ഷിബുരാജിന്റെ കൈയൊടിയുകയും ചെയ്തു. പോലീസുകാരായ മുഹമ്മദ് റസാഖ്, സുജിത് എന്നിവരും കേസിലെ പ്രതികളുമാണ് ജീപ്പിലുണ്ടായിരുന്നത്. പ്രതികള്‍ക്കും പരുക്കേറ്റിട്ടുണ്ട്. ബസ് ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു.

 

Latest