National
യുദ്ധ സാഹചര്യം ഇന്ത്യയുടെ വ്യാപാര മേഖലയെ ബാധിക്കും
ഇന്ത്യക്ക് ആവശ്യമായ ക്രൂഡ് ഓയിലിന്റെ 80 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുകയാണ്. ഇതില്‍ വലിയൊരു പങ്കും വരുന്നത് മിഡില്‍ ഈസ്റ്റില്‍ നിന്നാണ്
ന്യൂഡല്‍ഹി | അമേരിക്ക-ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖംനഈ കൊല്ലപ്പെട്ടത് ഇന്ത്യയുടെ വ്യാപാര മേഖലയെ കാര്യമായി ബാധിച്ചേക്കുമെന്നു വിലയിരുത്തല്‍. മിഡില്‍ ഈസ്റ്റ് സംഘര്‍ഷം കപ്പല്‍ ഗതാഗതം തടസ്സപ്പെടുന്നതിനും ആഗോള വിപണിയില്‍ ആശങ്കകള്‍ക്കും കാരണമായി. ഈ മേഖലയുമായി വലിയ വ്യാപാര, ഊര്‍ജ്ജ ബന്ധങ്ങളാണ് ഇന്ത്യക്കുള്ളത്.
ക്രൂഡ് ഓയില്‍ ഇറക്കുമതി മുതല്‍ കയറ്റുമതിയും ചരക്കുനീക്കവും വരെ, പല മേഖലകളിലും ഈ സംഘര്‍ഷം വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഇന്ത്യക്ക് ആവശ്യമായ ക്രൂഡ് ഓയിലിന്റെ 80 ശതമാനത്തിലധികവും ഇറക്കുമതി ചെയ്യുകയാണ്. ഇതില്‍ വലിയൊരു പങ്കും വരുന്നത് മിഡില്‍ ഈസ്റ്റില്‍ നിന്നാണ്. എണ്ണ ഉത്പാദനത്തിലോ വിതരണത്തിലോ ഉണ്ടാകുന്ന ഏത് തടസ്സവും ഇന്ത്യയുടെ ഇറക്കുമതിച്ചെലവ് കുത്തനെ കൂട്ടും. വിതരണം തടസ്സപ്പെടുമോ എന്ന ഭയത്തില്‍ ബ്രെന്റ് ക്രൂഡ് ഓയിലിന്റെ വില ഇപ്പോള്‍ തന്നെ കുതിച്ചുയര്‍ന്നു. ലോകത്തെ എണ്ണ വ്യാപാരത്തിന്റെ ഏകദേശം 20 ശതമാനവും കടന്നുപോകുന്നത് ഹോര്‍മുസ് കടലിടുക്കു വഴിയാണ്. ഇറാന്‍ ഈ പാത അടയ്ക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്താല്‍, എണ്ണവില ബാരലിന് 100 ഡോളര്‍ വരെ എത്തിയേക്കാം. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇത് ഇന്ധനവില വര്‍ധനവിനും പണപ്പെരുപ്പത്തിനും കാരണമാകും.
പാചകവാതക (എല്‍ പി ജി) ഇറക്കുമതിയുടെ വലിയൊരു ഭാഗവും ഹോര്‍മുസ് കടലിടുക്ക് വഴിയാണ് വരുന്നത്. സംഘര്‍ഷ മേഖലയിലൂടെ കടന്നുപോകാന്‍ കപ്പലുകള്‍ മടിക്കുന്നതും ടാങ്കറുകളുടെ നീക്കം കുറഞ്ഞതും വിതരണ ശൃംഖലയെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ക്ഷാമം ഒഴിവാക്കാന്‍ ഇന്ത്യന്‍ എണ്ണക്കമ്പനികള്‍ ആഭ്യന്തരമായി എല്‍ പി ജി ഉത്പാദനം കൂട്ടിയിട്ടുണ്ട്. പ്രതിസന്ധി നീണ്ടുപോയാല്‍ വീടുകളിലെ പാചകവാതകത്തിന് വില കൂടാനും ക്ഷാമം നേരിടാനും സാധ്യതയുണ്ട്.
ഈ പ്രതിസന്ധി ഇന്ത്യയുടെ വ്യാപാര മേഖലയെയും ബാധിക്കുന്നുണ്ട്. ചരക്കുകൂലി വര്‍ധന, ഉയര്‍ന്ന ഇന്‍ഷുറന്‍സ് പ്രീമിയം, ചരക്കുനീക്കത്തിലെ കാലതാമസം എന്നിവ പ്രധാന ആശങ്കകളായി മാറുകയാണ്. പശ്ചിമേഷ്യയുമായി വ്യാപാരം നടത്തുന്ന കയറ്റുമതിക്കാര്‍ക്ക് ചരക്കുനീക്കത്തില്‍ തടസ്സങ്ങള്‍ നേരിടേണ്ടി വന്നേക്കാം. കപ്പല്‍ പാതകളിലെ അനിശ്ചിതത്വം സാധനങ്ങള്‍ എത്തുന്നത് വൈകിപ്പിക്കും. സംഘര്‍ഷം രൂക്ഷമാവുകയാണെങ്കില്‍ എന്‍ജിനീയറിങ് സാധനങ്ങള്‍, തുണിത്തരങ്ങള്‍, കാര്‍ഷിക ഉത്പന്നങ്ങള്‍ തുടങ്ങിയ മേഖലകളിലെ കയറ്റുമതിയെ ഇത് ബാധിക്കും.



