Connect with us

Kerala

യൂട്യൂബ് വഴി പരിചയപ്പെട്ട യുവതിയെ ബലാത്സംഗം ചെയ്തു; വ്യാജ സിദ്ധൻ അറസ്റ്റിൽ

'മിറാക്കിൾ പാത്ത്' എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് അറസ്റ്റിലായ സജിൽ

Published

|

Last Updated

കൊളത്തൂർ | യൂട്യൂബ് ചാനലിലൂടെ പരിചയപ്പെട്ട യുവതിയെ ബലാത്സംഗം ചെയ്ത കേസിൽ വ്യാജ സിദ്ധൻ അറസ്റ്റിൽ. കാളിക്കാവ് ഉദിരംപൊയിൽ സ്വദേശി ചെറുപാണക്കാട് സജിലിനെയാണ് (36) കൊളത്തൂർ പോലീസ് അറസ്റ്റ് ചെയ്തത്. ‘ദിവ്യഗർഭം’ വാഗ്ദാനം ചെയ്താണ് ഇയാൾ യുവതിയെ ബലാത്സംഗം ചെയ്തത്. ഒളിവിലായിരുന്ന പ്രതിയെ തിരുവനന്തപുരം നെടുമങ്ങാട് വെച്ച് കൊളത്തൂർ പോലീസ് പിടികൂടുകയായിരുന്നു.

‘മിറാക്കിൾ പാത്ത്’ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് സജിൽ. കൊളത്തൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ വാടകക്ക് താമസിക്കുന്ന പരാതിക്കാരിയെ യൂട്യൂബ് ചാനൽ വഴി പരിചയപ്പെട്ട പ്രതി, താൻ ആഭിചാരക്രിയകൾ ചെയ്യുന്ന ആളാണെന്ന് വിശ്വസിപ്പിച്ച് ബന്ധം സ്ഥാപിച്ചു. തുടർന്ന് യുവതി താമസിക്കുന്ന ക്വാർട്ടേഴ്സിലേക്ക് അതിക്രമിച്ച് കയറി വായ പൊത്തിപ്പിടിച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു.

കഴിഞ്ഞ മാസം 24-ന് കൽപകഞ്ചേരി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത സമാനമായ കേസിലും സജിൽ പ്രതിയാണ്. കൽപകഞ്ചേരി കേസിൽ പരാതിക്കാരിയുടെ അടുത്ത ബന്ധുവിനെയാണ് ഇയാൾ ബലാത്സംഗം ചെയ്തത്. കൊളത്തൂർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് ഒളിവിലായിരുന്ന പ്രതിക്കെതിരെ കൂടുതൽ ഇരകൾ പരാതി പറയാൻ ഒരുങ്ങുന്നതായി പോലീസ് അറിയിച്ചു.

മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥിന്റെ മേൽനോട്ടത്തിൽ, പെരിന്തൽമണ്ണ ഡി വൈ എസ് പി. എ പ്രേംജിത്തിന്റെ നിർദേശപ്രകാരം, കൊളത്തൂർ പോലീസ് ഇൻസ്പെക്ടർ ജി പ്രൈജുവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോലീസുകാരായ സുധീഷ്, നജ്മുദ്ദീൻ, ബിജു, സുധീഷ് മേൽമുറി, ഗ്രേസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

---- facebook comment plugin here -----

Latest