Kerala
മകള്‍ക്കെതിരെ ആരോപണമുയര്‍ന്നിട്ടു പോലും പ്രതികരിക്കുന്നില്ല; മുഖ്യമന്ത്രി അപൂര്‍വജീവിയെന്ന് സുധാകരന്‍
'വിവാദമുയര്‍ന്നിട്ടും തനിക്ക് ഇതൊന്നും ബാധകമല്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രി.'

കൊച്ചി | മുഖ്യമന്ത്രിയെ അപൂര്‍വജീവിയെന്ന് വിശേഷിപ്പിച്ച് കെ പി സി സി അധ്യക്ഷന്‍ കെ സുധാകരന്‍. മാസപ്പടി വിവാദത്തില്‍ മകള്‍ക്ക് എതിരെ ആരോപണമുണ്ടായിട്ടും മുഖ്യമന്ത്രി പ്രതികരിക്കാതിരിക്കുന്നതിലാണ് സുധാകരന്റെ പരാമര്‍ശം.
വിവാദമുയര്‍ന്നിട്ടും തനിക്ക് ഇതൊന്നും ബാധകമല്ലെന്ന നിലപാടിലാണ് മുഖ്യമന്ത്രിയെന്ന് സുധാകരന്‍ പറഞ്ഞു. ഇടത് സര്‍ക്കാറിനും അതിന് നേതൃത്വം കൊടുക്കുന്ന സി പി എമ്മിനുമെതിരെ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നതിനു പുറമെയാണ് വീണാ വിജയനെതിരായ മാസപ്പടി ആരോപണം. ഇതിനോടൊന്നും പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ല. പുതുപ്പള്ളിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോഴും പിണറായി ഇത്തരം വിഷയങ്ങളില്‍ മൗനം പാലിച്ചു. ഈ സാഹചര്യത്തിലാണ് കെ പി സി സി അധ്യക്ഷന്റെ പരാമര്‍ശം.
വാ തുറന്നാല്‍ കളവ് മാത്രം പറയുന്ന സി പി എം പക്ഷെ, കരുവന്നൂര്‍ ബേങ്ക് തട്ടിപ്പ് കേസില്‍ കുടുങ്ങിപ്പോയെന്നും സുധാകരന്‍ പറഞ്ഞു. സി പി എം നേതാവും മുന്‍ മന്ത്രിയുമായ എ സി മൊയ്തീനെതിരെ അന്വേഷണം നടക്കുകയാണ്. കുറ്റക്കാരെ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരാന്‍ കഴിയട്ടെ.
തന്റെ നിരപരാധിത്വം തെളിയിക്കാനാണ് മോന്‍സണ്‍ മാവുങ്കലുമായി ബന്ധപ്പെട്ട് തനിക്കെതിരെയുള്ള പോക്‌സോ കേസില്‍ മാനനഷ്ട കേസുമായി മുന്നോട്ട് പോകുന്നതെന്നും അല്ലാതെ സി പി എം സംസ്ഥാന സെക്രട്ടറിയെ ശിക്ഷിക്കണമെന്ന് തനിക്കില്ലെന്നും സുധാകരന്‍ വ്യക്തമാക്കി.