Connect with us

Kerala

സിപിഎം ജാഥയില്‍ പങ്കെടുക്കാത്ത ഇ പി ജയരാജന്‍ വിവാദ ദല്ലാള്‍ നന്ദകുമാറിന്റെ വസതിയില്‍

സിപിഎമ്മിനെ പലഘട്ടത്തിലും തലവേദന തീര്‍ത്ത വ്യക്തിയാണ് ദല്ലാള്‍ നന്ദകുമാര്‍

Published

|

Last Updated

തിരുവനന്തപുരം |  സിപിഎമ്മില്‍ ഇ പി ജയരാജനുമായി ബന്ധപ്പെട്ട വിവാദത്തിന് തീരുന്നില്ല. ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുക്കാതെ എല്‍ഡിഎഫ് കണ്‍വീനര്‍ കൂടിയായ ഇ പി ജയരാജന്‍ വിവാദ ദല്ലാള്‍ നന്ദകുമാറിന്റെ വസതി സന്ദര്‍ശിച്ചതാണ് പുതിയ വിവാദം. കൊച്ചി വെണ്ണലയിലെ വീട്ടിലെത്തിയ ഇ പി ജയരാജന്‍ നന്ദകുമാറിന്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിലും പങ്കെടുത്തു.ഇ പി ജയരാജനൊപ്പം പ്രൊഫ.കെ വി തോമസും നന്ദകുമാറിന്റെ വീട്ടിലെ ചടങ്ങില്‍ പങ്കെടുത്തിരുന്നു.

സിപിഎമ്മിനെ പലഘട്ടത്തിലും തലവേദന തീര്‍ത്ത വ്യക്തിയാണ് ദല്ലാള്‍ നന്ദകുമാര്‍. ലാവലിന്‍ കേസ്, വിഴിഞ്ഞം തുറമുഖം, കോടതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, ആഴക്കടല്‍ കരാര്‍ വിവാദം എന്നിവ ഇതില്‍ ചിലതാണ്. മേഴ്സിക്കുട്ടിയമ്മയ്ക്കെതിരെ സ്ഥാനാര്‍ഥിയെ നിര്‍ത്തുകയും അടക്കം നിരവധി ചരട് വലികളിലും നന്ദകുമാറിന്റെ പേര് ഉയര്‍ന്നു കേട്ടിരുന്നു.

സിപിഎമ്മിന്റെ ജനകീയ ജാഥയില്‍ ഇ പി പങ്കെടുക്കാത്തത് പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. എന്നാല്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ട മറ്റ് പരിപാടികളുള്ളതിനാലാണ് ജാഥയില്‍ പങ്കെടുക്കാത്തതെന്നായിരുന്നു ഇ പി യുടെ വിശദീകരണം.

ഞായറാഴ്ചയാണ് ഇ പി ജയരാജന്‍ നന്ദകുമാറിന്റെ വീട്ടിലെത്തിയത്. ദല്ലാള്‍ നന്ദകുമാറിന്റെ വീട്ടിലെ ചടങ്ങില്‍ ഇ പി ജയരാജന്‍ പങ്കെടുക്കുന്ന കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ മാധ്യമങ്ങളോട് പ്രതികരിച്ചത്.

താന്‍ ജാഥയിലെ അംഗമല്ലെന്നും മുന്‍ നിശ്ചയിച്ച മറ്റു പരിപാടികള്‍ ഉണ്ടായിരുന്നുതിനാലാണ് പങ്കെടുക്കാനാകാത്തതെന്നുമായിരുന്നു നേരത്തെ ഇ പി വിശദീകരിച്ചത്.ജാഥ പൂര്‍ത്തിയായിട്ടില്ലല്ലോയെന്നും ഇ പി ചോദിച്ചു. ഇപി മനഃപൂര്‍വ്വം വിട്ടുനില്‍ക്കുന്നതല്ലെന്നും എല്‍ഡിഎഫ് കണ്‍വീറനായ അദ്ദേഹത്തിന് എപ്പോള്‍ വേണമെങ്കിലും ജാഥയില്‍ പങ്കെടുക്കാമല്ലോ എന്ന് പാര്‍ട്ടി സെക്രട്ടറി ചോദിക്കുകയും ചെയ്തിരുന്നു.

 

Latest