Connect with us

Kerala

തൊഴിലുറപ്പ് പദ്ധതി; കേരളത്തില്‍ 4 മാസത്തിനുള്ളില്‍ ഒരു കോടി തൊഴില്‍ ദിനങ്ങള്‍

നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ നാലുമാസങ്ങളില്‍ 8.3 ലക്ഷം കുടുംബങ്ങള്‍ക്ക് തൊഴിലുറപ്പ് പദ്ധതിയിലൂടെ ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Published

|

Last Updated

തിരുവനന്തപുരം| കൊവിഡ്, ലോക്ക്ഡൗണ്‍ പ്രതിസന്ധികള്‍ക്കിടയിലും ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസമായിരിക്കുകയാണ് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി. നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ നാലുമാസങ്ങളില്‍ 8.3 ലക്ഷം കുടുംബങ്ങള്‍ക്ക് തൊഴിലുറപ്പ് പദ്ധതിയിലൂടെ ആനുകൂല്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 2020-21 വര്‍ഷങ്ങളില്‍ 16.7 ലക്ഷം കുടുംബങ്ങള്‍ക്ക് തൊഴിലുറപ്പ് പദ്ധതിയിലൂടെ തൊഴില്‍ ലഭിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍.

തൊഴിലുറപ്പ് പദ്ധതിയുടെ 80 ശതമാനം ഗുണഭോക്താക്കളും സ്ത്രീകളാണ്. ഈ വര്‍ഷം ഏപ്രില്‍ 1 മുതല്‍ ഓഗസ്റ്റ് 1 വരെ 8.3 ലക്ഷം കുടുംബങ്ങളില്‍ നിന്നുള്ള തൊഴിലാളികള്‍ക്ക് 1.09 കോടി വ്യക്തിഗത തൊഴില്‍ ദിനങ്ങള്‍ സംസ്ഥാനത്ത് സൃഷ്ടിക്കാന്‍ സാധിക്കുമെന്ന് കേന്ദ്ര ഗ്രാമ വികസന വകുപ്പ് മന്ത്രി ഗിരിരാജ് സിംഗ് പറഞ്ഞിരുന്നു. ഇത് സംസ്ഥാനത്തെ 19.5 ലക്ഷം സ്ത്രീ തൊഴിലാളികള്‍ക്കും 5.28 ലക്ഷം പുരുഷ തൊഴിലാളികള്‍ക്കുമാണ് പ്രയോജനം ചെയ്തത്.

നിലവില്‍ എല്ലാ ജില്ലകളിലും ഈ പദ്ധതി വിജയകരമായി മുന്നോട്ട് പോകുന്നുണ്ട്. ഓഗസ്റ്റ് 20 ഓടെ ആകെ വ്യക്തിഗത ദിനങ്ങള്‍ 1.7 കോടി കവിഞ്ഞതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ തൊഴിലുറപ്പ് പദ്ധതിക്ക് കീഴില്‍ 10.20 വ്യക്തിഗത തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടുണ്ട്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ ചുരുങ്ങിയത് 100 ജോലി എന്നതാണ് 2005 ലെ നിയമത്തില്‍ പറയുന്നത്.

പദ്ധതി പ്രകാരം ഒരു അവിദഗ്ദ്ധ തൊഴിലാളിക്ക് ഒരു ദിവസം 291 രൂപയാണ് വേതനം. കേന്ദ്രസര്‍ക്കാര്‍ തൊഴിലുറപ്പ് പദ്ധതിക്ക് 3.5 ശതമാനം വര്‍ദ്ധനവ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളിലുള്ള തൊഴിലാളികളുടെ വേതനം മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൂടുതലായതിനാല്‍ ഈ വര്‍ദ്ധനവില്‍ നിന്ന് ഒഴിവാക്കപ്പെട്ടിട്ടുണ്ട്. കൊവിഡ് കാലത്ത് തൊഴിലുറപ്പ് പദ്ധതിയുടെ പ്രാധാന്യം മനസ്സിലാക്കിയ മിഷന്‍ ഡയറക്ടറേറ്റ് തൊഴിലാളികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വാക്‌സിനേഷന്‍ ക്യാംപുകള്‍ ആരംഭിച്ചിരുന്നു.

Latest