Connect with us

Kerala

വിവിധ ആവശ്യങ്ങളുന്നയിച്ച് വൈദ്യുതി ബോര്‍ഡ് തൊഴിലാളികളുടെ സംയുക്ത വേദി പ്രക്ഷോഭത്തിന്

അനിശ്ചിതകാല പ്രക്ഷോഭത്തിനു മുന്നോടിയായി ഇന്ന് (ഒക്ടോ: പത്ത്, വെള്ളി) തിരുവനന്തപുരം വൈദ്യുതഭവന്റെ മുന്നില്‍ പ്രതിഷേധ ധര്‍ണയും സമര പ്രഖ്യാപനവും.

Published

|

Last Updated

തിരുവനന്തപുരം | വിവിധ ആവശ്യങ്ങളുന്നയിച്ച് വൈദ്യുതി ബോര്‍ഡിലെ തൊഴിലാളികള്‍, ഓഫീസേഴ്‌സ്, പെന്‍ഷനേഴ്‌സ്, കരാര്‍ തൊഴിലാളികള്‍ എന്നിവരുടെ സംയുക്ത സമരവേദിയായ എന്‍ സി സി ഒ ഇ ഇ ഇ കേരള ചാപ്റ്റര്‍ പ്രക്ഷോഭത്തിന്. സി ഐ ടി യു, എ ഐ ടി യു സി, ഐ എന്‍ ടി യു സി എന്നീ കേന്ദ്ര ട്രേഡ് യൂണിയനുകള്‍ അടങ്ങുന്നതാണ് എന്‍ സി സി ഒ ഇ ഇ ഇ. മുന്‍കാല ശമ്പള പരിഷ്‌കരണ കരാറുകള്‍ക്ക് അംഗീകാരം നല്‍കുക, പെന്‍ഷന്‍ മാസ്റ്റര്‍ ട്രസ്റ്റിലേക്ക് പണം വകയിരുത്തുക, ഡി എ കുടിശ്ശിക അനുവദിക്കുക, കരാര്‍ ജീവനക്കാരുടെ ശമ്പളം യഥാസമയം വിതരണം ചെയ്യുക, ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് ആവശ്യമായ ജീവനക്കാരെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് അനിശ്ചിതകാല പ്രക്ഷോഭം നടത്തും. ഇതിനു മുന്നോടിയായി ഇന്ന് (ഒക്ടോ: പത്ത്, വെള്ളി) തിരുവനന്തപുരം വൈദ്യുത ഭവന്റെ മുന്നില്‍ പ്രതിഷേധ ധര്‍ണയും സമര പ്രഖ്യാപനവും നടത്തും.

മുന്‍ പ്രക്ഷോഭങ്ങളെ തുടര്‍ന്നുണ്ടാക്കിയ ഒത്തുതീര്‍പ്പ് വ്യവസ്ഥകളില്‍ നിന്നും തീരുമാനങ്ങളില്‍ നിന്നും വൈദ്യുതി ബോര്‍ഡ് മാനേജ്‌മെന്റ് ഏകപക്ഷീയമായി പിന്നോട്ടുപോയ സാഹചര്യത്തിലാണ് പ്രക്ഷോഭം. വൈദ്യുതി ഭവന് മുന്നിലെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി അന്നേ ദിവസം കേരളത്തിലെ മുഴുവന്‍ ഡിവിഷന്‍ ഓഫീസുകളിലും ഉച്ചയ്ക്ക് പ്രതിഷേധ പ്രകടനവും യോഗങ്ങളും നടത്തും. പ്രശ്‌നങ്ങള്‍ക്ക് അടിയന്തിര പരിഹാരം ഉണ്ടാകാത്ത പക്ഷം ഈമാസം 15 മുതല്‍ പട്ടം വൈദ്യുതി ഭവന് മുന്നില്‍ അനിശ്ചിത കാല പ്രക്ഷോഭം ആരംഭിക്കും. ആവശ്യമെങ്കില്‍ പണിമുടക്കുള്‍പ്പെടെ നടത്താനാണ് എന്‍ സി സി ഒ ഇ ഇ ഇ തീരുമാനം.

സമരത്തിന് മുന്നോടിയായി എന്‍ സി സി ഒ ഇ ഇ ഇ നേതാക്കള്‍ വൈദ്യുതി മന്ത്രിയെ കണ്ട് വിശദമായ നിവേദനം സമര്‍പ്പിച്ചു. ഉദ്യോഗസ്ഥ തലത്തില്‍ നടക്കുന്ന അവകാശ നിഷേധത്തിനെതിരെ മന്ത്രി അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് സംയുക്ത വേദി കണ്‍വീനര്‍ എസ് ഹരിലാലും ചെയര്‍മാന്‍ എം പി ഗോപകുമാറും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

 

---- facebook comment plugin here -----

Latest