Connect with us

National

ഛത്തീസ്ഗഡ് മുഖ്യമന്ത്രി ബെറ്റിങ് ആപ്പില്‍ നിന്നും 508 കോടി കൈപ്പറ്റിയതായി ഇ ഡി

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാദേവ് ആപ്പിന്റെ ഉടമകള്‍ക്കെതിരെ ഇഡി അന്വേഷണം നടക്കുന്നതിനിടെയാണ് വെളിപ്പെടുത്തല്‍

Published

|

Last Updated

റായ്പൂര്‍  |നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ, ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗേലിനെതിരെ വെളിപ്പെടുത്തലുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബാഗേലിന് മഹാദേവ് ബെറ്റിങ് ആപ്പിന്റെ പ്രമോട്ടര്‍മാര്‍ 508 കോടി രൂപ നല്‍കിയതായാണ് ഇഡി വെളിപ്പെടുത്തിയിരിക്കുന്നത്. ഇ ഡി വെളിപ്പെടുത്തല്‍ സംസ്ഥാനത്ത് വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മഹാദേവ് ആപ്പിന്റെ ഉടമകള്‍ക്കെതിരെ ഇഡി അന്വേഷണം നടക്കുന്നതിനിടെയാണ് വെളിപ്പെടുത്തല്‍. സംസ്ഥാനത്തുനിന്ന് 5.39 കോടി രൂപ കണ്ടെടുത്തതിനു പിന്നാലെ അറസ്റ്റിലായ അസിം ദാസ് എന്നയാളെ ചോദ്യം ചെയ്തതില്‍നിന്നാണ് മുഖ്യമന്ത്രിക്കു പണം നല്‍കിയ വിവരം ലഭിച്ചതെന്ന് ഇഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. തന്റെ കൈവശമുള്ള പണം സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കായി ‘ബാഗേല്‍’ എന്നയാള്‍ക്ക് നല്‍കാനുള്ളതാണെന്ന് ഇയാള്‍ മൊഴി നല്‍കിയതായി ഇഡി പറയുന്നു. ഇയാളില്‍നിന്നു പിടിച്ചെടുത്ത ഫോണ്‍ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കിയതായും മഹാദേവ് നെറ്റ്വര്‍ക്കിന്റെ ഉന്നതോദ്യോഗസ്ഥനായ ശുഭം സോണിയുടെ ഇമെയില്‍ പരിശോധിച്ചതില്‍നിന്നുമാണ് വിവരം ലഭിച്ചതെന്നും അന്വേഷണം തുടരുകയാണെന്നും ഇ.ഡി അറിയിച്ചു. നവംബര്‍ 7, 17 തീയതികളിലാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍.

 

Latest