National
തമിഴ്‌നാട്ടില്‍ ഇഡി ഉദ്യോഗസ്ഥന്റെ അറസ്റ്റ്; കൂടുതല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ്
അറസ്റ്റിലായ അങ്കിത് തിവാരിയുടെ സഹപ്രവര്‍ത്തകര്‍ക്ക് ഉടന്‍ സമന്‍സ് അയക്കും.

ചെന്നൈ| തമിഴ്‌നാട്ടില്‍ 20 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇഡി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കൂടുതല്‍ നടപടികളിലേക്ക് കടന്ന് തമിഴ്‌നാട് വിജിലന്‍സ്. കൂടുതല്‍ ഇഡി ഉദ്യോഗസ്ഥരെ സംഭവത്തില്‍ ചോദ്യം ചെയ്യുമെന്ന് വിജിലന്‍സ് അറിയിച്ചു. അറസ്റ്റിലായ അങ്കിത് തിവാരിയുടെ സഹപ്രവര്‍ത്തകര്‍ക്ക് ഉടന്‍ സമന്‍സ് അയക്കും.
കേസ് സിബിഐക്ക് കൈമാറില്ലെന്നും സൂചനയുണ്ട്. അങ്കിത് തിവാരിയുമായി ബന്ധപ്പെട്ട കൂടുതല്‍ ഇടങ്ങളില്‍ പരിശോധന ഉണ്ടാകുമെന്ന് വിജിലന്‍സ് വാര്‍ത്താക്കുറിപ്പ് ഇറക്കി. തൊട്ടു പിന്നാലെ ചെന്നൈയിലെ ഇഡി ഓഫീസിന്റെ ഗേറ്റ് പൂട്ടുകയും സിആര്‍പിഎഫ് സംഘത്തെ വിന്യസിക്കുകയും ചെയ്തു.
മേലുദ്യോഗസ്ഥര്‍ക്കും കൈക്കൂലിയുടെ വിഹിതം നല്‍കണമെന്ന് തിവാരി പറഞ്ഞതായി വിജിലന്‍സ് വാര്‍ത്തകുറിപ്പില്‍ പരാമര്‍ശിച്ചു. അങ്കിത് തിവാരിയെ ഡിണ്ടിഗല്‍ കോടതി 15 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. ഡിഎംകെ നേതാക്കളെ ലക്ഷ്യമിട്ടു തമിഴ്‌നാട്ടില്‍ ഇഡി നീക്കം ശക്തമായിരിക്കെയാണ് മധുരയില്‍ ഇഡി ഉദ്യോഗസ്ഥന്‍ അറസ്റ്റിലായത്.