Ongoing News
ഈസ്റ്റ് ബംഗാള്‍-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മത്സരം സമനിലയില്‍

ഗോവ | ഐ എസ് എലില്‍ എസ് സി ഈസ്റ്റ് ബംഗാള്‍-നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ് സി മത്സരം സമനിലയില്‍ കലാശിച്ചു. ഗോവയിലെ തിലക് മൈതാന്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി. മാര്‍കോ സഹാനക്, അന്റോണിയോ പെറോസെവിക് എന്നിവരാണ് ഗോള്‍ സ്‌കോറര്‍മാര്‍.
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ആദ്യം വല കുലുക്കിയത്. ആദ്യ പകുതിയുടെ ഇന്‍ജ്വറി ടൈമിലായിരുന്നു ഗോള്‍. ബോക്‌സിന്റെ മധ്യത്തില്‍ നിന്ന് മാര്‍കോ സഹനെക് തൊടുത്ത് ഇടങ്കാലന്‍ ഷോട്ട് പോസ്റ്റിന്റെ വലത് മൂലയില്‍ പതിക്കുകയായിരുന്നു (1-0). രണ്ടാം പകുതിയുടെ ഒമ്പതാം മിനുട്ടില്‍ തന്നെ ഈസ്റ്റ് ബംഗാള്‍ തിരിച്ചടിച്ചു. പാട്രിക് ഫ്‌ളോട്ട്മാന്റെ ഫൗളില്‍ നിന്ന് ലഭിച്ച പെനാള്‍ട്ടിയില്‍ നിന്നായിരുന്നു സമനില ഗോള്‍. കിക്കെടുത്ത അന്റോണിയോ പെറോസോവികിന് പിഴച്ചില്ല (1-1).
താരതമ്യേന രണ്ടാം പകുതിയിലാണ് ഇരു ടീമുകളിലും നിന്ന് ആവേശകരമായ ചില നീക്കങ്ങള്‍ കണ്ടത്. നോര്‍ത്ത് ഈസ്റ്റിന്റെ ഖജോ സൊഹര്‍ലിയാന ഹീറോ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. 20 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി ടേബിളില്‍ പത്താം സ്ഥാനത്താണ് നോര്‍ത്ത് ഈസ്റ്റ്. 19 മത്സരത്തില്‍ നിന്ന് 11 പോയിന്റുമായി ഏറ്റവും അവസാനമാണ് ഈസ്റ്റ് ബംഗാള്‍. ഇരു ടീമുകളും ടൂര്‍ണമെന്റില്‍ നിന്ന് നേരത്തെത്തന്നെ പുറത്തായി കഴിഞ്ഞിരുന്നു.