Connect with us

Kerala

യുഡിഎഫ് ഭരണകാലത്ത് 16 പേര്‍ ചികിത്സ കിട്ടാതെ മരിച്ചു,950 പേര്‍ പ്രസവത്തിനിടെ മരിച്ചു: മന്ത്രി വീണ ജോര്‍ജ്

യുഡിഎഫ് കാലത്ത് തിമിര ശസ്ത്രക്രിയ നടത്തി അഞ്ചുപേര്‍ക്ക് കാഴ്ച നഷ്ടമായി. അവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയില്ല

Published

|

Last Updated

തിരുവനന്തപുരം |  യുഡിഎഫ് ഭരണകാലത്ത് ചികിത്സ ലഭിക്കാതെയും പിഴവ് മൂലവും 16 പേര്‍ മരിച്ചതായി ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പ്രസവത്തിനിടെ 950 പേര്‍ മരിച്ചെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.വിളപ്പില്‍ശാല സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സാ നിഷേധമെന്ന അടിയന്തര പ്രമേയ ചര്‍ച്ചയിലെ മറുപടി പ്രസംഗത്തിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്

യുഡിഎഫ് കാലത്ത് തിമിര ശസ്ത്രക്രിയ നടത്തി അഞ്ചുപേര്‍ക്ക് കാഴ്ച നഷ്ടമായി. അവര്‍ക്ക് നഷ്ടപരിഹാരം നല്‍കിയില്ല. യുഡിഎഫ് കാലത്ത് ലാബുകള്‍ ഇല്ലായിരുന്നു. യുഡിഎഫിന്റെ കാലത്ത് ഏതെങ്കിലുമൊരു മെഡിക്കല്‍ കോളജുകളില്‍ കാത്തലാബ് തുടങ്ങിയിട്ടുണ്ടോയെന്ന് മന്ത്രി വീണാ ജോര്‍ജ് ചോദിച്ചു. കല്ല് ഇട്ട് പോയ മെഡിക്കല്‍ കോളേജുകള്‍ക്ക് പകരം കുട്ടികള്‍ ഇരുന്നു പഠിക്കുന്ന മെഡിക്കല്‍ കോളജ് ആക്കി ഈ കാലഘട്ടം മാറ്റിയെന്ന് മന്ത്രി പറഞ്ഞു.സര്‍ക്കാര്‍ ആശുപത്രികളില്‍ ഒരു ദിവസം 2,000 പേര്‍ക്ക് ഡയാലിസിസ് ചെയ്യുന്നു. ഇന്ന് തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ നേത്ര പടലം മാറ്റിവെച്ചു. രാജ്യത്ത് തന്നെ ഇതാദ്യമാണെന്നും മന്ത്രി പറഞ്ഞു. അതേസമയം മറുപടി പ്രസംഗത്തില്‍ വിളപ്പില്‍ശാല വിഷയം മന്ത്രി പരാമര്‍ശിച്ചില്ല.

എല്ലാവരും സിസ്റ്റത്തിന്റെ ഇരകളാണെന്നും ആരോഗ്യ വകുപ്പില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്നും പ്രമേയം അവതരിപ്പിച്ച പി സി വിഷ്ണുനാഥ് ആരോപിച്ചിരുന്നു.സര്‍ക്കാരിന് വീഴ്ചയുണ്ടാകുമ്പോള്‍ മന്ത്രിക്ക് ഉത്തരവാദിത്തമുണ്ടെന്നും വലിയ തകര്‍ച്ചയിലേക്കാണ് ആരോഗ്യമേഖല പോകുന്നതെന്നും പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. ശിശു മരണ നിരക്കും, മാതൃ മരണ നിരക്കും കുറയാന്‍ കാരണം പ്രസവങ്ങള്‍ 70 ശതമാനവും സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയതാണെന്ന് വിഡി സതീശന്‍ പറഞ്ഞു.

 

Latest