Uae
ദുബൈ; ഒരു എ ഐ ഏജന്റ് 100 പേരുടെ ജോലി ചെയ്യും
അഞ്ച് മാസം മുമ്പ് ആരംഭിച്ച കോസ്‌മോ എക്‌സ്, ഇതിനോടകം യു എ ഇയിലെ 50-ലധികം കമ്പനികളുമായി സഹകരിക്കുന്നു.

ദുബൈ | യു എ ഇയില്‍ ആസ്ഥാനമുള്ള കോസ്‌മോ എക്‌സ് എന്ന നിര്‍മിത ബുദ്ധി (എ ഐ) സ്റ്റാര്‍ട്ടപ്പ്, ഒരു എ ഐ ഏജന്റിന് 100 ജീവനക്കാരുടെ ജോലി കൈകാര്യം ചെയ്യാന്‍ ശേഷിയുണ്ടെന്ന് വെളിപ്പെടുത്തി. സഹസ്ഥാപകയായ നുഹ ഹാശിം പറയുന്നതനുസരിച്ച്, ഉപഭോക്തൃ സേവനം, വില്‍പ്പന, കടം വസൂലാക്കല്‍, ഓഡിറ്റിംഗ്, ഇന്‍വോയ്സ് ഫയലിംഗ് തുടങ്ങിയ ജോലികള്‍ എ ഐ ഏജന്റുകള്‍ക്ക് ഏറ്റെടുക്കാം.
പത്ത് വര്‍ഷത്തെ ഡാറ്റ ഉപയോഗിച്ച് ഒരു ദിവസത്തിനുള്ളില്‍ 100 പേരുടെ ജോലി ചെയ്യാന്‍ കഴിവുള്ള എ ഐ ജീവനക്കാരനെ സൃഷ്ടിക്കാന്‍ സാധിക്കും. ഇത് മനുഷ്യ ജീവനക്കാര്‍ക്ക് കൂടുതല്‍ സര്‍ഗാത്മകവും ഉത്പാദനപരവുമായ ജോലികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ അനുവദിക്കുന്നു. ഉദാഹരണമായി, 10,000 ഫോണ്‍ കോളുകള്‍ കൈകാര്യം ചെയ്യാന്‍ ഒരു എ ഐ ഏജന്റിന് മാത്രം മതി, ഇതിന് സാധാരണയായി ഒട്ടേറെ ജീവനക്കാര്‍ ആവശ്യമാണ്.
അഞ്ച് മാസം മുമ്പ് ആരംഭിച്ച കോസ്‌മോ എക്‌സ്, ഇതിനോടകം യു എ ഇയിലെ 50-ലധികം കമ്പനികളുമായി സഹകരിക്കുന്നു. ദുബൈ, അബൂദബി, സാന്‍ ഫ്രാന്‍സിസ്‌കോ, പൂനെ എന്നിവിടങ്ങളില്‍ ഓഫീസുകളുള്ള ഇവര്‍ ലണ്ടനില്‍ പുതിയ ഓഫീസ് തുറക്കാനും പദ്ധതിയിടുന്നു. പൊതു – സ്വകാര്യ മേഖലകള്‍ക്കായി എ ഐ ഏജന്റുകളെ നിര്‍മിക്കുകയും കമ്പനികള്‍ക്ക് സ്വന്തമായി എ ഐ ജീവനക്കാരെ സൃഷ്ടിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്യുന്നതായി സഹസ്ഥാപകന്‍ അലോക് കുമാര്‍ വ്യക്തമാക്കി.
ഈ സാങ്കേതികവിദ്യ മിനിറ്റുകള്‍ക്കുള്ളില്‍ ജോലികള്‍ പൂര്‍ത്തിയാക്കി കമ്പനികളുടെ ദശലക്ഷക്കണക്കിന് ഡോളറിന്റെ ചെലവും ആയിരക്കണക്കിന് മണിക്കൂറുകളും ലാഭിക്കുന്നു. സാങ്കേതിക-അസാങ്കേതിക പശ്ചാത്തലമുള്ള കമ്പനികള്‍ക്ക് എ ഐ ജീവനക്കാരെ എളുപ്പത്തില്‍ സ്വന്തമാക്കാന്‍ കോസ്‌മോ എക്‌സ് സഹായിക്കുന്നു.