Connect with us

Uae

ദുബൈ; സ്വകാര്യ സ്‌കൂളുകളിൽ ഇനി അറബി പഠനം നിർബന്ധം

ചെറുപ്പം മുതലേ കുട്ടികളില്‍ അറബി ഭാഷാ വൈദഗ്ദ്ധ്യം വികസിപ്പിക്കുകയാണ് ലക്ഷ്യം.

Published

|

Last Updated

ദുബൈ | ദുബൈയിലെ എല്ലാ സ്വകാര്യ സ്‌കൂളുകളിലും ബാല്യകാല കേന്ദ്രങ്ങളിലും കുട്ടികള്‍ക്ക് അറബി ഭാഷാ വിദ്യാഭ്യാസം നിര്‍ബന്ധമാക്കുന്ന പുതിയ നയം നോളജ് ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ്അതോറിറ്റി (കെ എച്ച് ഡി എ) അവതരിപ്പിച്ചു.

ജനനം മുതല്‍ ആറ് വയസ്സ് വരെയുള്ള കുട്ടികളെ ലക്ഷ്യമാക്കിയുള്ള നയം സെപ്തംബര്‍ മുതല്‍ ഘട്ടം ഘട്ടമായി പ്രാബല്യത്തില്‍ വരുത്തും. ആദ്യ ഘട്ടത്തില്‍ നാല് മുതല്‍ ആറ് വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കുള്ള ഭാഷാ വിദ്യാഭ്യാസം ഉള്‍പ്പെടുത്തും. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ വ്യാപിപ്പിക്കുമെന്നും നയം വ്യക്തമാക്കുന്നു.

ചെറുപ്പം മുതലേ കുട്ടികളില്‍ അറബി ഭാഷാ വൈദഗ്ദ്ധ്യം വികസിപ്പിക്കുകയാണ് ലക്ഷ്യം. വിദ്യാഭ്യാസത്തിന്റെ പ്രാരംഭ ഘട്ടങ്ങള്‍ മുതല്‍ തന്നെ എല്ലാ കുട്ടികളിലും ഭാഷയോടുള്ള സ്നേഹം വളര്‍ത്തേണ്ടത് അത്യാവശ്യമാണെന്നും അതിലൂടെ ഇമാറാത്തി, അറബ്, മാതൃഭാഷയല്ലാത്തവര്‍ ഉള്‍പ്പെടെ എല്ലാ കുട്ടികള്‍ക്കും യു എ ഇയുടെ ഭാഷയിലും സംസ്‌കാരത്തിലും മുഴുകാന്‍ കഴിയുമെന്ന് ഉറപ്പാക്കുകയുമാണെന്ന് കെ എച്ച് ഡി എ വിദ്യാഭ്യാസ ഗുണനിലവാര ഉറപ്പ് ഏജന്‍സിയുടെ സി ഇ ഒ ഫാത്തിമ ബെല്‍റിഹിഫ് പറഞ്ഞു.

കൂടാതെ, ദുബൈയിലെ സ്വകാര്യ സ്‌കൂളുകളില്‍ ഒന്നാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള അറബി, ഇസ്്‌ലാമിക വിദ്യാഭ്യാസം, സാമൂഹിക പഠനം, ധാര്‍മിക വിദ്യാഭ്യാസം എന്നിവയുള്‍പ്പെടെയുള്ള നിര്‍ബന്ധിത വിഷയങ്ങളുടെ ആവശ്യകതകളും കെ എച്ച് ഡി എ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്.സെപ്തംബറിലും ഏപ്രിലിലും അധ്യയന വര്‍ഷം ആരംഭിക്കുന്ന മുറക്ക് ഈ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും.

---- facebook comment plugin here -----

Latest