Connect with us

Uae

ദുബൈ വിമാനത്താവളം 65-ാം വാർഷിക നിറവിൽ

1960 സെപ്തംബർ 30-ന് തുടക്കം. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനയാത്രാ കേന്ദ്രമായി വളർന്നു

Published

|

Last Updated

ദുബൈ | ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബൈ ഇന്റർനാഷണൽ എയർപോർട്ട് (ഡി എക്‌സ് ബി) 65-ാം വാർഷിക നിറവിൽ. 65 വർഷങ്ങൾക്ക് മുൻപ് ഒരു ചെറിയ ടെർമിനലും മണൽ നിറഞ്ഞ റൺവേയും മാത്രമായി തുടങ്ങിയതാണ് ഈ വിമാനത്താവളത്തിന്റെ ജൈത്രയാത്ര. 1960 സെപ്തംബർ 30-നാണ് ഔദ്യോഗികമായി ഇത് ചിറക് വിരിച്ചത്. ഈ ഭീമൻ വ്യോമയാന കേന്ദ്രത്തിന്റെ 65-ാം വാർഷികത്തിൽ, ദുബൈ എയർപോർട്ട്‌സ് ചെയർമാൻ ശൈഖ് അഹ്്മദ് ബിൻ സഈദ് അൽ മക്തൂം ഡി എക്‌സ് ബി യുടെ ആദ്യ ദിവസങ്ങളെക്കുറിച്ചുള്ള ഒരു അപൂർവ വീഡിയോ പങ്കിട്ടു.

ഡി സി 3 വിമാനങ്ങൾ മാത്രം കൈകാര്യം ചെയ്യാൻ കഴിയുന്ന ഒരു വിമാനത്താവളത്തിൽ നിന്ന്, ഇപ്പോൾ 92-ലധികം അന്താരാഷ്ട്ര വിമാനക്കമ്പനികൾക്ക് സേവനം നൽകുന്ന വലിയ കേന്ദ്രമായി ഇത് വളർന്നു. 1959-ൽ നഗരത്തിന്റെ അരികിൽ നിന്ന് ഏകദേശം നാല് കിലോമീറ്റർ അകലെ, തരിശുഭൂമിയിൽ വിമാനത്താവളം സ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.

1960-ൽ ആരംഭിച്ച് ഒരു വർഷത്തിനുള്ളിൽ, മണൽ കൊണ്ടുള്ള ഒരു റൺവേയും ഒരു ടെർമിനലും പൂർത്തിയായി. 1963-ൽ ഒരു അസ്ഫാൽറ്റ് റൺവേയുടെ പണി തുടങ്ങി. രണ്ട് വർഷത്തിനുള്ളിൽ, മറ്റ് നവീകരണങ്ങളോടൊപ്പം അത് തുറന്നു. 1969-ൽ, ഒരു ദശാബ്ദത്തിനുള്ളിൽ, വിമാനത്താവളം ഒമ്പത് എയർലൈനുകൾക്ക് സേവനം നൽകുകയും 20 ലക്ഷ്യസ്ഥാനങ്ങളെ ബന്ധിപ്പിക്കുകയും ചെയ്തു.
1970-ൽ ഒരു പുതിയ മൂന്ന് നില ടെർമിനൽ കെട്ടിടം ഉയർന്നു. ഒരു പുതിയ കൺട്രോൾ ടവർ, അധിക ടാക്‌സിവേകൾ, എയർഫീൽഡ് ലൈറ്റിംഗ്, ലാൻഡിംഗ് ഉപകരണം എന്നിവയും അന്ന് കൂട്ടിച്ചേർത്തു. 1983-ൽ ഇത് ഇപ്പോഴത്തെ വിമാനത്താവളത്തിന് ഏതാണ്ട് സമാനമായി. ദുബൈ ഡ്യൂട്ടി ഫ്രീ ആദ്യമായി പ്രവർത്തനം ആരംഭിച്ച വർഷമായിരുന്നു അത്. 1984-ൽ ഏറ്റവും പുതിയ എയർഫീൽഡ് ലൈറ്റിങ്, ഇൻസ്ട്രുമെന്റ്‌ലാൻഡിംഗ് സംവിധാനങ്ങൾ എന്നിവയുള്ള കാറ്റഗറി II വർഗീകരണത്തോടെ രണ്ടാമത്തെ റൺവേ തുറന്നു. 1985-ൽ യു എ ഇ യുടെ ഫ്ലാഗ് കാരിയർ എമിറേറ്റ്‌സ് ആരംഭിച്ചു.

1998-ൽ ടെർമിനൽ-2 തുറന്നു. അതോടെ പ്രതിവർഷ ശേഷി 20 ലക്ഷം യാത്രക്കാരായി വർധിച്ചു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളം അടുത്തിടെ ടെർമിനൽ മൂന്നിൽ ഒരു സ്മാർട്ട് ഇടനാഴി അനാച്ഛാദനം ചെയ്തു. ഇമിഗ്രേഷനായുള്ള നീണ്ട ക്യൂകൾ ഇല്ലാതാക്കിയ ഈ എ ഐ അധിഷ്ഠിത “റെഡ് കാർപറ്റ്’, പത്ത് യാത്രക്കാർക്ക് ഒരേസമയം പാസ്‌പോർട്ട് സ്‌കാനുകൾ, ഡോക്യുമെന്റ്പരിശോധനകൾ എന്നിവ നടത്താനും കൗണ്ടറുകളിൽ പോകാതെ നിമിഷങ്ങൾക്കുള്ളിൽ ഇമിഗ്രേഷൻ പൂർണമാക്കാനും പ്രാപ്തമാക്കുന്നു.

 

Latest