Connect with us

chandrayan 3 soft landing

ഭൂമിയിലെ സ്വപ്നം; ചന്ദ്രനില്‍ സാക്ഷാത്കാരം

നന്ദി പറയാം. ദിവസങ്ങള്‍, മാസങ്ങള്‍, ഒരുപക്ഷേ വര്‍ഷങ്ങള്‍ തന്നെ നമ്മുടെ ഈ അഭിമാന നിമിഷത്തിനായി ഉറക്കമില്ലാത്ത രാവുകള്‍ താണ്ടിയ ഐ എസ് ആര്‍ ഒയിലെ ശാസ്ത്രജ്ഞന്മാരോട്. പ്രാര്‍ഥനയുമായി കാത്തിരുന്ന ജനകോടികളോട്. ഇതൊരു തുടക്കമാകട്ടെ, നമ്മുടെ ഓരോ ബഹിരാകാശ ദൗത്യങ്ങളുടെയും ഓരോ നേട്ടങ്ങളുടെയും.

Published

|

Last Updated

എസ് ആര്‍ ഒ ആസ്ഥാനത്ത് ശാസ്ത്രജ്ഞര്‍ നിരയായി ഇരുന്ന് ചരിത്രമാകാന്‍ പോകുന്ന ഓരോ നിമിഷവും വീക്ഷിച്ചുകൊണ്ടിരിക്കുന്നു. അവരുടെ മുഖത്ത് പലവിധ വികാരങ്ങള്‍ മിന്നിമറയുന്നു. ഇന്ത്യയിലെ ഓരോ മുക്കിലും മൂലയിലുമിരുന്ന് ടി വിയിലും മൊബൈല്‍ ഇന്റര്‍നെറ്റിലും ലക്ഷങ്ങള്‍ അത് വീക്ഷിച്ചുകൊണ്ടിരിക്കുന്നു. യാത്ര ചെയ്യുന്നവര്‍ വണ്ടി റോഡിന് വശങ്ങളില്‍ ഒതുക്കിനിര്‍ത്തി ചന്ദ്രയാന്‍ 3ന്റെ സോഫ്റ്റ് ലാന്‍ഡിംഗ് വീക്ഷിച്ചുകൊണ്ടിരിക്കുന്നു. ആ 19 മണിക്കൂര്‍ പ്രതീക്ഷയുടേതാണ്. ഓരോ ഇന്ത്യക്കാരനും ആകാംക്ഷയും പ്രതീക്ഷയുമായി കാത്തിരിക്കുന്നു. ഇതിനു മുമ്പ് ഒരു മിഷനും ഇത്രയേറെ ഉദ്വേഗം ഉളവാക്കിയിട്ടില്ല.

ചന്ദ്രയാന്റെ കാഴ്ചകള്‍. ടി വിയില്‍ ദൃശ്യങ്ങള്‍ നിറയുന്നു. ലാന്‍ഡര്‍ ഇതാ ചന്ദ്രോപരിതലം തൊടാന്‍ പോകുന്നു. ചെയര്‍മാന്‍ സോമനാഥിന്റെ മുഖം ഉദ്വേഗത്തിനൊടുവില്‍ തിളങ്ങി. സമയം കൃത്യം 6.04. അദ്ദേഹം മൈക്കിന്റെ അടുത്തേക്ക്. “ബഹുമാനപ്പെട്ട പ്രധാനമന്ത്രി, നാം ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയിരിക്കുന്നു. നമ്മള്‍ ചന്ദ്രനില്‍ ചേര്‍ന്നുനില്‍ക്കുന്നു. അങ്ങ് ഞങ്ങളോട് സംസാരിക്കൂ.’ പ്രധാനമന്ത്രി പറഞ്ഞു, “ഇന്ത്യ ഇതാ ചന്ദ്രനില്‍. ഈ നിമിഷം നമ്മുടെ രാജ്യത്തെയോര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. എല്ലായിടത്തും ചന്ദ്രോത്സവമാണ്. ഓരോ വീടുകളിലും ആഘോഷമാണ്. അഭിമാനിക്കൂ. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ഓരോരുത്തര്‍ക്കും അഭിനന്ദനങ്ങള്‍’. ഇന്ത്യ ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുന്ന നാലാമത്തെ രാജ്യമായിരിക്കുന്നു.
ആഗസ്റ്റ് 17ന് ചന്ദ്രയാന്‍ 3 വിക്ഷേപിച്ചതു മുതല്‍ 140 കോടി ജനങ്ങള്‍ അധിവസിക്കുന്ന ഇന്ത്യ എന്ന മഹാരാജ്യം വലിയ പ്രാര്‍ഥനയിലും പ്രതീക്ഷയിലുമായിരുന്നു. 37 ദിവസത്തിനൊടുവില്‍ ചന്ദ്രനിലെ ദക്ഷിണ ധ്രുവത്തില്‍ ആദ്യമായി ഇന്ത്യയുടെ ബഹിരാകാശ പേടകം സോഫ്റ്റ് ലാന്‍ഡിംഗ് നടത്താന്‍ പോകുന്നു. അമേരിക്കക്കും റഷ്യക്കും ചൈനക്കും ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം തേടിയത് ഇന്നലെ വൈകിട്ട് 6.04ന്. 6.05ന് ഉത്തരമായി, ഇന്ത്യ. ചന്ദ്രനില്‍ ചരിത്രമെഴുതി ഇന്ത്യ. കുറച്ചു ദിവസങ്ങള്‍ക്കു മുമ്പ് റഷ്യയുടെ മറ്റൊരു പേടകമായ ലൂണ 25 പരാജയമായപ്പോള്‍ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇന്ത്യ നേട്ടം കൊയ്തത് വിസ്മയമായി.

ചന്ദ്രയാന്‍ 1, 2, 3

ഇന്ത്യയുടെ ചന്ദ്രയാന്‍ ദൗത്യങ്ങളില്‍ മൂന്നാമത്തേതാണ് ചന്ദ്രയാന്‍ 3. ഒന്നാമത്തേത് 2008ല്‍ ആയിരുന്നു. ചാന്ദ്ര ദൗത്യങ്ങളില്‍ ക്രാഷ് ലാന്‍ഡിംഗ്, സോഫ്റ്റ് ലാന്‍ഡിംഗ് എന്നിങ്ങനെ രണ്ട് തരത്തിലാണ് ലാന്‍ഡിംഗ് നടക്കാറുള്ളത്. ക്രാഷ് ലാന്‍ഡിംഗിനേക്കാള്‍ സോഫ്റ്റ് ലാന്‍ഡിംഗിലൂടെ മാത്രമേ നമുക്ക് റോവറുകളെ സുരക്ഷിതമായി ഇറക്കാനും, അതുവഴി കൂടുതല്‍ പഠനങ്ങള്‍ നടത്താനും കഴിയുകയുള്ളൂ. എന്നാല്‍ ഇന്ത്യയുടെ ആദ്യത്തെ ചന്ദ്രയാന്‍ ദൗത്യം ക്രാഷ് ലാന്‍ഡിംഗ് ആയിരുന്നു. രണ്ടാമത്തേതാകട്ടെ 2019ല്‍ സോഫ്റ്റ് ലാന്‍ഡിംഗിനു ശ്രമിച്ചെങ്കിലും അവസാന ഘട്ടത്തില്‍ പരാജയപ്പെടുകയും ചെയ്തു. ഇത്തവണ സോഫ്റ്റ് ലാന്‍ഡിംഗ് സാധ്യമാക്കി ചന്ദ്രയാന്‍ മൂന്നാമത്തെ ദൗത്യം ചരിത്രത്തില്‍ അടയാളപ്പെടുത്തി ലോകത്തിന്റെ നെറുകയില്‍ എത്തുക തന്നെയായിരുന്നു ലക്ഷ്യം. നാം അത് സാധിച്ചെടുക്കുകയും ചെയ്തു.

ചന്ദ്രയാന്‍ 2ന് സംഭവിച്ചത്

ചന്ദ്രയാന്‍ 2ന് മൂന്ന് ഭാഗങ്ങളാണ് ഉണ്ടായിരുന്നത്. ചന്ദ്രനെ വലംവെച്ച് കറങ്ങാന്‍ വേണ്ടിയുള്ള ഓര്‍ബിറ്റര്‍, വിക്രം എന്ന് പേരുള്ള ലാന്‍ഡര്‍, പ്രഗ്യാന്‍ എന്ന പേരുള്ള ഒരു റോവറും. ചന്ദ്രന്റെ ഉപരിതലത്തില്‍ എത്തിക്കഴിഞ്ഞാല്‍ ഓര്‍ബിറ്ററും ലാന്‍ഡറും തമ്മിലുള്ള ബന്ധം വേര്‍പ്പെടുകയും ലാന്‍ഡര്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ മെല്ലെ ലാന്‍ഡ് ചെയ്യുകയും ചെയ്യും. എന്നാല്‍ ആദ്യത്തെ എല്ലാ ഘട്ടങ്ങളും ചന്ദ്രയാന്‍ 2 വിജയകരമായി പൂര്‍ത്തിയാക്കിയെങ്കിലും സോഫ്റ്റ് ലാന്‍ഡിംഗില്‍ ഉണ്ടായ പിഴവുകള്‍ ദൗത്യത്തിന് തിരിച്ചടിയായി. അവിടെ വെച്ചുണ്ടായ ചെറിയ സാങ്കേതിക പിഴവുകള്‍ മൂലം ചന്ദ്രയാന്‍ 2ന് സോഫ്റ്റ് ലാന്‍ഡ് ചെയ്യാന്‍ സാധിച്ചില്ല. അത് ക്രാഷ് ലാന്‍ഡ് ചെയ്ത് ലാന്‍ഡറിനും റോവറിനും കേടുപാടുകള്‍ സംഭവിച്ചു. അപ്പോഴും ഓര്‍ബിറ്റര്‍ കൃത്യമായി ചന്ദ്രനെ വലംവെച്ചു കൊണ്ടിരുന്നു. അതുകൊണ്ട് തന്നെ ചന്ദ്രയാന്‍ 2 ഒരു പരാജയമാണെന്ന് പറയാന്‍ കഴിയില്ല. പക്ഷേ, നമ്മുടെ ലക്ഷ്യം അതിനും മേലെയായിരുന്നു. ലോക ശക്തികളായ അമേരിക്ക, റഷ്യ, ചൈന എന്നിവര്‍ക്കൊപ്പം ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് എന്ന ലക്ഷ്യം മാത്രമായിരുന്നു നമ്മുടേത്.

ആ 19 മണിക്കൂറുകള്‍

അങ്ങനെ ഇന്ത്യ കാത്തിരുന്ന നിമിഷം വന്നെത്തി. ഇന്നലെ വൈകുന്നേരം 5.45നാണ് സോഫ്റ്റ് ലാന്‍ഡിംഗ് പ്രക്രിയ ആരംഭിച്ചത്. ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് ഏതാണ്ട് 30 കിലോമീറ്റര്‍ ഉയരത്തിലാണ് അപ്പോള്‍ പേടകം. റഫ് ബ്രേക്കിംഗ് ഫേസ് (Rough Braking Phase) എന്നാണ് ഈ ഘട്ടത്തിന്റെ പേര്. അതുവരെ തിരശ്ചീനമായി 90 ഡിഗ്രിയില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന ലാന്‍ഡര്‍ ലംബമായി സഞ്ചരിക്കേണ്ടതുണ്ട്. അതിന് ത്രസ്റ്ററുകള്‍ ജ്വലിപ്പിച്ചുകൊണ്ട് വേഗത നന്നായി കുറക്കേണ്ടിയിരുന്നു. മുമ്പ് വിക്ഷേപിച്ച ചന്ദ്രയാന്‍ 2 പാളിപ്പോയത് ഈ ഘട്ടത്തിലായിരുന്നു. എന്നാല്‍ ചന്ദ്രയാന്‍ 3ല്‍ കാര്യങ്ങള്‍ കൃത്യമായി നമ്മുടെ വഴിക്കുതന്നെ നടന്നു.

30 കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ ദൂരത്തിലേക്കാണ് അടുത്ത ഘട്ടത്തില്‍ അതെത്തിയത്. ഓള്‍ട്ടിട്യൂഡ് ഹോള്‍ഡ് ഫേസ് എന്ന 10 മിനുട്ട് നീളുന്ന ഘട്ടമായിരുന്നു അടുത്തത്. അതിനു ശേഷം ഫൈന്‍ ബ്രെക്കിംഗ് ഫേസില്‍ പേടകം ചന്ദ്രന്റെ 800 മീറ്ററോളം അടുത്തെത്തി. അതായത് തൊട്ടടുത്തു തന്നെ ലാന്‍ഡിംഗിന് തയ്യാറെടുത്തുകൊണ്ട്. സെന്‍സറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് അവസാനവട്ട പരിശോധനകള്‍ നടത്തി. മെല്ലെ മെല്ലെ ദൂരം കുറഞ്ഞുവന്നു. അകലം 150 മീറ്റര്‍ ആയി കുറഞ്ഞു. ഇറങ്ങാന്‍ പോകുന്ന സ്ഥലം സുരക്ഷിതമാണോയെന്ന പരിശോധനയാണ് അടുത്തതായി നടന്നത്. ഹസാഡ് വെരിഫിക്കേഷന്‍ എന്നാണ് ഈ ഘട്ടത്തിന് പറയുന്നത്. അങ്ങനെ ഹസാഡ് വെരിഫിക്കേഷനും ചന്ദ്രയാന്‍ വിജയിച്ചതോടെ ഇറങ്ങാനുള്ള ശ്രമമായി. സ്ലോവ്ഡ് ഡിസന്റ് (Slowed Descetn) എന്ന ഈ ഘട്ടം കൂടി കഴിയുന്നതോടെ പിന്നെയുള്ളത് അവസാന ഘട്ടമായ ടെര്‍മിനല്‍ ഡിസന്റ് ആയിരുന്നു. ഇവിടെ വേഗം സെക്കന്‍ഡില്‍ ഒന്നോ രണ്ടോ മീറ്റര്‍ മാത്രമായി. എല്ലാം സെറ്റ്. സമയം 6.04. ചന്ദ്രയാന്‍ 3 ചന്ദ്രന്റെ വിരിമാറില്‍ തൊട്ടു. ചരിത്രം പിറന്നു.

ചാന്ദ്ര ദൗത്യങ്ങള്‍ക്ക് അപ്രാപ്യമായ ദക്ഷിണ ധ്രുവത്തില്‍ ലാന്‍ഡിംഗ് തിരഞ്ഞെടുത്തത് യാദൃച്ഛികമായിരിക്കാന്‍ ഇടയില്ല. നമ്മുടെ ശാസ്ത്രത്തിന് ഒരു ശീലമുണ്ട്. അതിന്റെ ശക്തിയില്‍ വിശ്വസിക്കാനുള്ള കഴിവ്. അപ്രാപ്യമെന്ന് കരുതുന്ന എന്തും പ്രാപ്യമാക്കി കാണിക്കാനുള്ള വെമ്പല്‍. വിക്രം എന്ന ലാന്‍ഡിംഗ് മൊഡ്യൂള്‍ ഇറക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത് 5.45നാണ്. വിജയകരമായി ഇറങ്ങാനുള്ള സാധ്യത 99 ശതമാനം ആണെങ്കിലും ഒരു ശതമാനം എന്തെങ്കിലും പ്രശ്നങ്ങള്‍ അപ്രതീക്ഷിതമായി സംഭവിച്ചാല്‍ മറ്റൊരു ദിനം കൂടി റിസര്‍വായി മാറ്റിവെച്ചിരുന്നു. ഒട്ടും താമസിക്കില്ല. ഈ മാസം 27ന് തന്നെ. പക്ഷേ, അതിലേക്ക് നാം നമ്മുടെ സ്വപ്‌നത്തെ നീട്ടിയില്ല. നിശ്ചയിച്ച അതേ ദിവസത്തില്‍, കൃത്യ സമയത്തുതന്നെ നാം നേട്ടം കൊയ്തു. ലോക ശക്തിയായ റഷ്യയുടെ ചാന്ദ്ര ദൗത്യമായ “ലൂണ’ പരാജയപ്പെട്ട് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അതേ ദൗത്യത്തിലൂടെ നമ്മുടെ ചന്ദ്രയാനിലൂടെ നാം തലയുയര്‍ത്തി നിന്നു.

ഇറങ്ങിക്കഴിഞ്ഞാല്‍

അതേ, നമ്മള്‍ സുരക്ഷിതമായി ഇറങ്ങിയിരിക്കുന്നു. ഇനിയല്‍പ്പം വിശ്രമം. അടുത്ത ദിവസം തന്നെ ലാന്‍ഡറിന്റെ ഒരുവശത്തെ പാനല്‍ തുറന്ന് റോവര്‍ പുറത്തേക്കിറങ്ങും. ആറ് ചക്രമുള്ള ഈ റോവറില്‍ ഇന്ത്യയുടെ ദേശീയ പതാകയും ഐ എസ് ആര്‍ ഒയുടെ മുദ്രയും ഉണ്ട്. അതിലുള്ള നാവിഗേഷന്‍ ക്യാമറ ഉപയോഗിച്ച് പരിസരം സ്‌കാന്‍ ചെയ്യും. അവിടെ നിന്ന് സിഗ്‌നലുകള്‍ ലാന്‍ഡറിലേക്ക് കൈമാറും. അവിടെ നിന്ന് ഭൂമിയിലേക്കും.

നന്ദി പറയാം. ദിവസങ്ങള്‍, മാസങ്ങള്‍, ഒരുപക്ഷേ വര്‍ഷങ്ങള്‍ തന്നെ നമ്മുടെ ഈ അഭിമാന നിമിഷത്തിനായി ഉറക്കമില്ലാത്ത രാവുകള്‍ താണ്ടിയ ഐ എസ് ആര്‍ ഒയിലെ ശാസ്ത്രജ്ഞന്മാരോട്. പ്രാര്‍ഥനയുമായി കാത്തിരുന്ന ജനകോടികളോട്. ഇതൊരു തുടക്കമാകട്ടെ, നമ്മുടെ ഓരോ ബഹിരാകാശ ദൗത്യങ്ങളുടെയും ഓരോ നേട്ടങ്ങളുടെയും.

(കൊച്ചി സര്‍വകലാശാല, സെന്റര്‍ ഫോര്‍ സയന്‍സ് ഇന്‍ സൊസൈറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആണ് ലേഖകന്‍)