dr hurair kutty
ഡോ.ഹുറൈര്‍ കുട്ടി: വൈദ്യ ശാസ്ത്ര രംഗത്തെ അതുല്യപ്രതിഭ
പാവപ്പെട്ട രോഗികളില്‍ നിന്ന് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയായിരുന്നു ചികിത്സ.

പാലക്കാട് | നിളാ തീരത്തെ കൂടല്ലൂര്‍ ഗ്രാമം ആയുര്‍വേദ പെരുമക്ക് പ്രശസ്തിയുളള നാടാണ്. നന്മയുടെ സൗഖ്യതമാണ് കൂടല്ലൂരിലെ തൃഫല. ഈ പേരിനെ അന്വർഥമാക്കുന്നതാണ് ഇവിടുത്തെ ചികിത്സാ രീതിയും. വിദേശികളും സ്വദേശികളുമായി ദിനംപ്രതി അനേകരാണ് സൗഖ്യത്തിന്റെ തീര്‍ഥം തേടി ഇവിടെ എത്തുന്നത്. ഇത്തരമൊരു തീരത്ത് ഡോ. ഹുറൈര്‍ കുട്ടിയുടെ ആയുര്‍വേദ ചികിത്സയും കുടല്ലൂര്‍ നിവാസികള്‍ക്ക് വരദാനമായാണ് കരുതുന്നത്.
വളാഞ്ചേരിക്കടുത്ത് ഇരുമ്പിളിയം പെരിങ്ങാട്ടുതൊടി വൈദ്യ കുടുംബത്തില്‍ നിന്നാണ് ഇന്നും നിലനില്‍ക്കുന്ന പെരുമ തുടങ്ങുന്നത്. മാലിക്ക് ബിൻ ദീനാര്‍ (റ)ന്റെ കാലത്തുണ്ടായിരുന്ന പ്രാചീന വൈദ്യ പാരമ്പര്യമാണ് താവഴിയായി പെരിങ്ങാട്ടു തൊടി കുടുംബത്തിന് ലഭിച്ചത്. സ്വാതന്ത്ര്യ സമര സേനാനിയായിരുന്ന പള്ളിമഞ്ഞാലില്‍ അബ്ദുല്ലക്കുട്ടിയുടെ സഹധർമിണിയായി പെരിങ്ങാട്ടുതൊടി തിത്തുമ്മ ഉമ്മ കൂടല്ലൂരില്‍ വന്നത് വൈദ്യജ്ഞാനവും കൈയില്‍ കരുതിയാണ്. വൈദ്യരംഗത്ത് സ്ത്രീകള്‍ അപൂർവമായ കാലത്താണ് തിത്തുമ്മു ഉമ്മ തന്റെ പിതാവില്‍ നിന്ന് വൈദ്യം പഠിച്ചത്. മാതാവിൽ നിന്ന് ഹുറൈര്‍ കുട്ടിയും ചികിത്സയുടെ ബാലപാഠങ്ങള്‍ പഠിച്ചു. ഇവരെ നാട്ടുകാര്‍ വൈദ്യരുമ്മ എന്നാണ് വിളിച്ചിരുന്നത്. അറിവിന്റെ സര്‍വകലാശാലയായ ഉമ്മ ഏതു സംശയങ്ങള്‍ക്കും പരിഹാരമായിരുന്നു. പത്ത് വയസ്സുള്ളപ്പോള്‍ ഇവരുടെ അടുത്തുവരുന്ന രോഗികള്‍ക്ക് മരുന്ന് കുറിപ്പുകള്‍ എഴുതിക്കൊടുത്തിരുന്നതും ഹുറൈര്‍ കുട്ടിയായിരുന്നു.
ഉമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ആയുര്‍വേദ ഡോക്ടറാകാന്‍ അദ്ദേഹം തീരുമാനിച്ചത്. 1983 ലാണ് ഡോക്ടര്‍ സര്‍ക്കാര്‍ സർവീസില്‍ മെഡിക്കല്‍ ഓഫീസറായി പ്രവേശിക്കുന്നത്. നീണ്ടകാലത്തെ സേവനങ്ങള്‍ക്കൊടുവില്‍ സർവീസില്‍ നിന്ന് വിരമിച്ചപ്പോള്‍ ഉമ്മയുടെ പേരില്‍ തിത്തീമു ഉമ്മ മെമ്മോറിയല്‍ ആയുർവേദ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച്ച് സെന്റര്‍ കൂടല്ലുരില്‍ ആരംഭിച്ചു. സ്വന്തം മരുന്നുകൂട്ടുകളും പഥ്യവുമൊക്കെ നല്‍കിയുള്ള ചികിത്സയിലൂടെ രോഗം പൂർണമായും മാറ്റിയിട്ടേ ഡോക്ടര്‍ക്ക് വിശ്രമം ഉണ്ടായിരുന്നുള്ളൂ. പകലെന്നോ രാത്രിയെന്നോ കണക്കില്ലാതെ എപ്പോള്‍ വേണമെങ്കിലും രോഗികള്‍ക്ക് അദ്ദേഹത്തെ ഫോണ്‍ ചെയ്യാം. നേരിട്ട് വരാന്‍ കഴിയാത്തവര്‍ക്ക് മരുന്നു കുറിപ്പ് വാട്‌സ് ആപ്പില്‍ അയച്ചു കൊടുക്കും.
ആത്മീയ രംഗത്തെ പ്രമുഖരെയും ചികിത്സിച്ചിട്ടുണ്ട്. ചാവക്കാട് ഹിബത്തുല്ലാഹ്, പഴുന്നാന മൂപ്പര്‍, അണ്ടോണ ഉസ്താദ്, തൊഴിയൂര്‍ കുഞ്ഞുമുഹമ്മദ് മുസ്‌ലിയാര്‍ ഉള്‍പ്പെടെ മണ്‍മറഞ്ഞ നിരവധി പണ്ഡിതന്മാര്‍ക്കും സൂഫിവര്യര്‍ക്കും ആശ്വാസമായിരുന്നു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉള്‍പ്പെടെയുള്ള ഇരു സമസ്തയുടെയും നേതാക്കളുമായും വലിയ സൗഹൃദം നിലനിര്‍ത്തിയിരുന്നു. മക്കള്‍ ഡോ.നിയാസ് ഹുറൈര്‍ കുട്ടിയും ഡോ. ശിയാസ് ഹുറൈര്‍ കുട്ടിയും പിതാവിന്റെ വഴിയില്‍ അഭിമാനമായി നാടിന്റെ പ്രതീക്ഷയായി കൂടെയുണ്ട്.
അന്ത്യവിശ്രമം നിളയുടെ മടിത്തട്ടില്‍
ആനക്കര | ആര്‍ഷഭാരതത്തിന്റെ ആയുർവേദ സംസ്‌കൃതി നിളാതടത്തിന് കനിഞ്ഞേകിയ കൂടല്ലൂരിന്റെ മഹാവൈദ്യന്‍ ഡോ. ഹുറൈർ കുട്ടിക്ക് നിളയുടെ മടിതട്ടില്‍ അന്ത്യവിശ്രമം. നിളയോട് ചേര്‍ന്നു കിടക്കുന്ന കൂടല്ലൂര്‍ ജുമാ മസ്ജിദ് ഖബർസ്ഥാനില്‍ അന്ത്യ വിശ്രമം കൊള്ളുമ്പോഴും പാവപ്പെട്ടവന്റെ മനസ്സില്‍ എന്നും ഈ നാമമുണ്ടാകും. പാവപ്പെട്ട രോഗികളില്‍ നിന്ന് ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയായിരുന്നു ചികിത്സ.
ശനിയാഴ്ച പുലര്‍ച്ചെ നാലോടെയായിരുന്നു അന്ത്യം. രാത്രി എട്ടോടെ വമ്പിച്ച ജനാവലിയുടെ സാന്നിധ്യത്തില്‍ കൂടല്ലൂര്‍ ജുമാമസ്ജദില്‍ ഖബറടക്കി. മരണവിവരം അറിഞ്ഞ് ആയിരക്കണക്കിനാളുകളാണ് വിവിധ ജില്ലകളില്‍ നിന്ന് ജനാസ കാണാനെത്തിയത്. ഒറ്റ സ്പര്‍ശത്തില്‍ രോഗികളെ സാന്ത്വനിപ്പിക്കുന്ന തിത്തുമ്മ മകന് പിതാവിന്റെ പേര് തന്നെ നല്‍കുകയായിരുന്നു. ആയുര്‍വേദ മെഡിക്കല്‍ കോളജില്‍ നിന്ന് വൈദ്യശാസ്ത്രം പഠിച്ചപ്പോള്‍ തന്നെ തൂതപ്പുഴയും ഭാരതപ്പുഴയും കൂട്ടുചേരുന്ന കൂട്ടക്കടവിൽ മാത്രം കുരുക്കുന്ന അപൂർവ ഔഷധച്ചെടികളുടെ അനുഗ്രഹം നാട്ടുകാര്‍ക്ക് ഉപയോഗപ്പെടുത്താന്‍ മാതാവ് മകനെ പഠിപ്പിച്ചു.
പൂർവജ്ഞാനവും ശാസ്ത്ര ജ്ഞാനവും കൂട്ടിചേര്‍ന്നുള്ള ഹുറൈർ കുട്ടിയുടെ അതുല്യമായ ചികിത്സാ രീതികള്‍ക്കാണ് ഇന്നലെ പുലര്‍ച്ചെയോടെ വിരാമമായത്. എന്നിരുന്നാലും കാലം മറക്കാത്തെ കണക്ക് പുസ്തകത്തില്‍ ഈ നാമം തങ്കലിപികളാൽ നിറം മങ്ങാതെ നില്‍ക്കും.