Connect with us

International

ഡൊണാൾഡ് ട്രംപിന്റെ ഗസ്സ സമാധാന പദ്ധതി: രേഖ ലഭിച്ചിട്ടില്ലെന്ന് ഹമാസ്

ട്രംപും ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള 20-ഇന സമാധാന പദ്ധതി വൈറ്റ് ഹൗസ് പുറത്തുവിട്ടത്.

Published

|

Last Updated

ഗസ്സ സിറ്റി | യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച ഗസ്സ സമാധാന പദ്ധതിയുടെ രേഖ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്ന് ഹമാസ്. ഹമാസ് ഉദ്യോഗസ്ഥൻ മഹ്മൂദ് മർദ്ദാവി അൽ ജസീറ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം അറിയിച്ചത്. നെതന്യാഹുവിനൊപ്പമുള്ള ട്രംപിന്റെ സംയുക്ത വാർത്താസമ്മേളനത്തിന് തൊട്ടുപിന്നാലെയായിരുന്നു മർദ്ദാവിയുടെ പ്രതികരണം.

ട്രംപും ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും വൈറ്റ് ഹൗസിൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് ഗസ്സയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള 20-ഇന സമാധാന പദ്ധതി വൈറ്റ് ഹൗസ് പുറത്തുവിട്ടത്. 66,000-ത്തിലധികം ഫലസ്തീനികളുടെ മരണത്തിനിടയാക്കിയ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ  20 ഇന നിർദ്ദേശങ്ങളെന്ന് വൈറ്റ് ഹൗസ് അവകാശപ്പെട്ടു.

ബന്ദികളെ മോചിപ്പിക്കുന്നതിനായി തയ്യാറെടുക്കുന്നതിന് അംഗീകരിച്ചിട്ടുള്ള അതിർത്തിരേഖയിലേക്ക് ഇസ്റാഈലി സൈന്യം പിൻവാങ്ങുമെന്നതാണ് പദ്ധതിയിലെ ഒരു പ്രഖ്യാപനം. ആരെയും ഗസ്സ വിട്ടുപോകാൻ നിർബന്ധിക്കില്ല. പുറത്തുപോകാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള സ്വാതന്ത്ര്യമുണ്ടാകും, കൂടാതെ അവർക്ക് തിരികെ വരാനും സ്വാതന്ത്ര്യമുണ്ടാകും. ഈ നിർദ്ദേശം ഇരുപക്ഷവും അംഗീകരിക്കുകയാണെങ്കിൽ, യുദ്ധം ഉടൻ അവസാനിക്കുമെന്നും വൈറ്റ് ഹൗസ് വൃത്തങ്ങൾ വ്യക്തമാക്കി.

ട്രംപ് മുന്നോട്ടുവെച്ച 20 ഇന പദ്ധതിക്ക് ഇസ്റാഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പിന്തുണ പ്രഖ്യാപിച്ചു. ഗസ്സ യുദ്ധം അവസാനിപ്പിക്കാൻ മാത്രമല്ല, മധ്യപൂർവദേശത്ത് സമാധാനത്തിന് കളമൊരുക്കാൻ കൂടിയുള്ള ഒരു നിർണായക ചുവടുവെപ്പാണ് ഇന്നത്തെ കൂടിക്കാഴ്ചയെന്ന് നെതന്യാഹു പറഞ്ഞു.

Latest