Connect with us

VRATHA VISHUDDHI

വിവാഹം മുടക്കലും തലയിൽ കുടുക്കലും അരുത്

വിവാഹാവശ്യാർഥം അന്വേഷിച്ചെത്തുന്നവരോട് ഉള്ളത് ഉള്ളത് പോലെ പറയണമെന്നും അത് പരദൂഷണമോ ഏഷണിയോ അല്ലെന്നുമാണ് ഇമാം നവവി(റ)യടക്കമുള്ള വിചക്ഷണരായ പണ്ഡിതർ പഠിപ്പിക്കുന്നത്

Published

|

Last Updated

നമുക്ക് സഹപാഠികളും സുഹൃത്തുക്കളും കുറേ കാണും. കൂട്ടുകൂടാനും കൂടെ നടക്കാനും ഇഷ്ടം പോലെ ആളുമുണ്ടാകും. എന്നാൽ അവരിൽ കൂടെ കൂട്ടാൻ പറ്റിയ എത്ര പേരുണ്ടെന്ന് ചിന്തിച്ച് നോക്കൂ. വ്യക്തിപരമായ ദൗത്യങ്ങളിൽ സഹായിക്കാനോ ഒരുമിച്ച് യാത്ര പോകാനോ പ്രതിസന്ധി ഘട്ടങ്ങളിൽ തുണയാകാനോ പ്രാപ്തരായ ഒരാളെ കിട്ടാൻ വല്യ പാടാണെന്ന് ബോധ്യപ്പെടും. ഈയൊരു പ്രതിസന്ധിയാണ് വിവാഹാന്വേഷണ സമയത്ത് വധൂവരന്മാരും അവരുടെ കുടുംബക്കാരും അനുഭവിക്കേണ്ടി വരുന്നത്- അനുയോജ്യരെ കിട്ടാത്ത അവസ്ഥ.

സ്‌കൂളും കോളജും വിടുന്ന നേരത്ത് തുരുതരാ വിദ്യാർഥികൾ ഇറങ്ങി വരുന്നത് കാണാം. ഈ കുട്ടികൾക്കെല്ലാം വർഷാ വർഷം വയസ്സ് കൂടുന്നുണ്ട്. അവരും യുവതികളും യുവാക്കളുമാകുന്നുണ്ട്. അവർക്കും വിവാഹ പ്രായമെത്തുന്നുണ്ട്. എന്നാലും വിവാഹം കഴിക്കാൻ നേരം ഇണയെ കിട്ടാതെ വലയുന്ന എത്രയോ ചെറുക്കന്മാരെയും പെൺകുട്ടികളെയും കാണാം. എന്നാൽ പിന്നെ കല്യാണം ശരിയാകാത്ത ആണിന്റെയും പെണ്ണിന്റെയും ബന്ധുക്കൾ കൂടിയിരുന്ന് അവരുടെ കാര്യത്തിലൊരു തീരുമാനമെടുത്തുകൂടേ എന്ന് തോന്നും. കഴിയില്ല; വിവാഹത്തിന്റെ കാര്യം അങ്ങനെയാണ്. ഏതെങ്കിലും ആണിന് ഏതെങ്കിലും പെണ്ണ് എന്ന രീതിയല്ല വിവാഹത്തിന് നാം അനുവർത്തിച്ച് പോരുന്ന രീതി.

ഇണകളുടെ സംതൃപ്തി, മനപ്പൊരുത്തം, വിദ്യാഭ്യാസം, ജോലി, കുടുംബങ്ങൾ തമ്മിലുള്ള യോജിപ്പ് തുടങ്ങി നിരവധി കാര്യങ്ങളെ കുറിച്ച് അന്വേഷണം നടത്തും. കൂടാതെ രണ്ട് പേർക്കും എന്തെങ്കിലും ദുഷിപ്പോ ദുശ്ശീലങ്ങളോ ഉണ്ടോ എന്ന് ഇരു വീട്ടുകാരും കാരണവന്മാരും കുത്തിച്ചികഞ്ഞ് അന്വേഷിക്കും. എല്ലാം കൊണ്ടും സംതൃപ്തരാണെങ്കിൽ വിവാഹം നടക്കും. അല്ലെങ്കിൽ അടുത്ത അന്വേഷണങ്ങളിലേക്ക് പോകും. ജീവിത പങ്കാളി നന്നാകണം, ഉഷാറാകണം എന്ന് ഏതൊരാളുടെയും ആഗ്രഹമാണ്. സ്വന്തം വ്യക്തിജീവിതത്തെ കുറിച്ച് മതിപ്പില്ലാത്തവർ വരെ ഈ ആഗ്രഹക്കാരാണ്.

മേൽപ്പറഞ്ഞ ഓരോന്നും അന്വേഷിച്ചതിനു ശേഷം തൃപ്തികരമെങ്കിൽ മാത്രം വിവാഹം നടത്തുന്നതാണ് നല്ലത്. കാരണം വ്യക്തിശുദ്ധി, കൂട്ടുകെട്ട് തുടങ്ങിയവയെക്കുറിച്ച് ഭാര്യാ ഭർത്താക്കന്മാർ വിവാഹ ബന്ധം സ്ഥാപിച്ചതിന് ശേഷം അറിയുകയും അതിൽ അവർ സംതൃപ്തരല്ലാതിരിക്കുകയും ചെയ്താൽ ദാമ്പത്യ ജീവിതത്തിൽ അസ്വാരസ്യങ്ങളുണ്ടാകുകയും ഒരുപക്ഷേ ദാമ്പത്യ ബന്ധത്തിന്റെ തകർച്ചയിലേക്ക് വരെ എത്തുകയും ചെയ്യും. ഇത്തരം ഭവിഷ്യത്തുക്കൾ അഭിമുഖീകരിക്കേണ്ടി വരുന്നതിലെ ക്ലേഷം കണക്കിലെടുത്താണ് എല്ലാവരും സൂക്ഷ്മമായ വിവാഹ അന്വേഷണത്തിലേക്ക് പോകുന്നത്.

വിവാഹാവശ്യാർഥം അന്വേഷിച്ചെത്തുന്നവരോട് ഉള്ളത് ഉള്ളത് പോലെ പറയണമെന്നും അത് പരദൂഷണമോ ഏഷണിയോ അല്ലെന്നുമാണ് ഇമാം നവവി(റ)യടക്കമുള്ള വിചക്ഷണരായ പണ്ഡിതർ പഠിപ്പിക്കുന്നത്. അന്വേഷിക്കുന്നവരോട് ന്യൂനതകൾ മറച്ചു വെക്കുന്നതിനെ തുടർന്നുണ്ടാകുന്ന പ്രത്യാഘാതങ്ങളും വലുതായത് കൊണ്ടാണിത് എന്ന് വ്യക്തമാണല്ലോ.
അതേസമയം, ഇല്ലാ കഥകൾ പറഞ്ഞും തെറ്റിദ്ധരിപ്പിച്ചും വിവാഹം മുടക്കാനുള്ള ഇടപെടൽ നിഷിദ്ധമാണ്. ഉള്ളത് മറച്ചുവെക്കാൻ പാടില്ല എന്നത് കൊണ്ടുതന്നെ വിവാഹിതരാകുന്നവരുടെ കുഴപ്പങ്ങളും കുറവുകളും വെള്ളം ചേർക്കാതെ പറയുന്നതിന് വിരോധമില്ല. അത് പറയുന്നവരെ വിവാഹം മുടക്കികളെന്ന് വിളിക്കുകയോ ഇതിനെതിരെ രംഗത്ത് വരുകയോ ഫ്ലക്‌സുകൾ സ്ഥാപിക്കുകയൊ ചെയ്യുന്നതിന് പകരം വ്യക്തിശുദ്ധി കൈവരിക്കാനാവശ്യമായ ശ്രമങ്ങളുമായി മുന്നോട്ട് പോവുകയാണ് വേണ്ടത്.

---- facebook comment plugin here -----

Latest