ആത്മായനം
നുണപ്രചാരകരാകരുത്
പരസ്പര ബന്ധങ്ങളിലും ഇടപാടുകളിലും കളവു വരുന്നതിനെ നാം സൂക്ഷിക്കണം. യാഥാര്‍ഥ്യങ്ങളെ വളച്ചൊടിച്ച് അവതരിപ്പിക്കുന്നത് ഗുരുതരമായ തെറ്റാണ്. കേട്ടതിനെ എരിവും പുളിയും ചേർത്ത് പ്രചരിപ്പിക്കുന്നത് ചിലര്‍ക്കൊക്കെ ഒരു വിനോദമാണ്. കേട്ടതൊക്കെ പറഞ്ഞുനടക്കല്‍ തന്നെ തെറ്റാണെന്ന് നബി(സ്വ) പറഞ്ഞിരിക്കെ കേട്ടതില്‍ കളവ് കൂട്ടിച്ചേര്‍ത്ത് പ്രചരിപ്പിക്കല്‍ എത്ര വലിയ പാപമാണ്!

തബൂക്ക് യുദ്ധത്തിനായുള്ള പടപ്പുറപ്പാടിലാണ് മുസ്്ലിം സൈന്യം. സ്വഹാബികൾ തിരുനബി(സ്വ)യുടെ കൂടെ ചേർന്നു. കപടവിശ്വാസികൾ ആ വഴിക്കു വന്നില്ല. നിർഭാഗ്യമെന്നു പറയട്ടെ അക്കൂട്ടത്തിൽ വിശ്വാസികളിൽ പെട്ട കഅബ് (റ) അടക്കം മൂന്ന് പേർ കൂടിയുണ്ടായിരുന്നു.മുസ്്ലിം സൈന്യത്തില്‍ ചേരണമെന്നദ്ദേഹം ആഗ്രഹിച്ചിരുന്നു. അതിന് വേണ്ട ഒരുക്കങ്ങളും നടത്തിയിരുന്നു. പക്ഷേ, എന്തുകൊണ്ടോ അത് പൂര്‍ത്തിയായില്ല, അദ്ദേഹം യുദ്ധത്തിന് പോയതുമില്ല.
യുദ്ധാനന്തരം സമരത്തോട് വിമുഖത കാട്ടിയവരിൽ പലരും നബി(സ്വ)യോട് നുണകൾ പറഞ്ഞു തടി തപ്പി. പക്ഷേ, കഅബ്(റ)ന്റെ മനസ്സതിന് സമ്മതിച്ചില്ല, അവിടുന്ന് ഉള്ളത് തുറന്ന് പറഞ്ഞു: ‘നബിയേ, യുദ്ധത്തില്‍ ചേരാതിരിക്കാന്‍ പറയത്തക്ക കാരണങ്ങളൊന്നും എനിക്കുണ്ടായിരുന്നില്ല. അങ്ങയോടല്ലാതെ മറ്റാരോടെങ്കിലുമായിരുന്നെങ്കില്‍ എനിക്ക് കളവ് പറഞ്ഞ് രക്ഷപ്പെടാമായിരുന്നു.’
ഉടനെ നബി(സ്വ) പ്രതിവചിച്ചു: താങ്കള്‍ പറഞ്ഞതാണ് സത്യം. അതുകൊണ്ട് നിങ്ങളുടെ കാര്യത്തില്‍ അല്ലാഹുവിന്റെ തീരുമാനം വരുന്നത് വരെ ഞങ്ങളിൽ നിന്ന് മാറിനില്‍ക്കണം.
അദ്ദേഹം ഒറ്റപ്പെട്ടു, എല്ലാവരാലും ബഹിഷ്കൃതനായി. മറ്റു പലരും കള്ളം പറഞ്ഞു തടി കാത്തപോലെ രക്ഷപ്പെടാത്തതിന് അടുപ്പക്കാരിൽ പലരും അദ്ദേഹത്തെ അടക്കം പറഞ്ഞു. ബഹിഷ്കരണം കൂടുതല്‍ ശക്തമായി. അദ്ദേഹം ആള്‍ക്കൂട്ടത്തിനിടെ ഏകാന്തതയുടെ കൈപ്പിറക്കി കൊണ്ടിരുന്നു. പ്രലോഭനങ്ങളും വമ്പിച്ച വാഗ്ദാനങ്ങളുമായി എതിർ ചേരിയിലുള്ള പലരും അദ്ദേഹത്തെ സമീപിച്ചുനോക്കി.
പക്ഷേ, ആ സത്യസന്ധനു മുന്നില്‍ അവരെല്ലാം ഇളിഭ്യരായി. വന്നുപോയ അപരാധത്തില്‍ അദ്ദേഹം ഉള്ളുരുകി പശ്ചാത്തപിച്ചു.
അമ്പത് ദിവസത്തിനു ശേഷം കഅബിന്റെ പശ്ചാത്താപം സ്വീകരിച്ചതായി അല്ലാഹു ആയത്തിറക്കി. ‘സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുക, സത്യസന്ധരോടൊപ്പം അണിനിരക്കുകയും ചെയ്യുക.’
കഅബ്(റ)ന്റെ സത്യസന്ധത ലോകാവസാനം വരെയുള്ള സത്യവിശ്വാസികള്‍ ഖുര്‍ആനിലൂടെ അനുസ്മരിച്ചുകൊണ്ടിരിക്കുന്നു. ആഹ്ലാദത്തോടെ അദ്ദേഹം വീട്ടില്‍ നിന്നിറങ്ങിയോടി മദീനാ പള്ളിയിലെത്തി. തന്റെ അനുയായിയുടെ സത്യസന്ധതക്ക് ലഭിച്ച അവര്‍ണനീയ ബഹുമതി കാരണം ആനന്ദത്തിലായ പുണ്യപ്രവാചകര്‍(സ്വ) പ്രശോഭിത മുഖവുമായി കഅബ്(റ)നെ സ്വീകരിച്ചു.
‘യാ റസുലല്ലാഹ്, എന്റെ സത്യസന്ധതയാണ് എന്നെ രക്ഷിച്ചത്. ഇനിയൊരിക്കലും ഞാന്‍ കളവ് പറയില്ല’. സത്യസന്ധതയുടെ മധു നുകര്‍ന്ന അദ്ദേഹം ആത്മഗതം ചെയ്തു. സംഭവബഹുലമായ ആ പുരുഷായുസ്സ് അവസാനിക്കുന്നത് വരെ ഒരു കളവും പറഞ്ഞില്ല.
ഫേക്ക് ന്യൂസുകൾ നിർമിച്ച് പ്രചരിപ്പിക്കുന്ന സ്വഭാവം ഏറിയ കാലത്ത് ആവർത്തിച്ചു വായിക്കേണ്ടതാണീ ചരിത്രം. കളവ് വിശ്വാസിക്കൊട്ടും ഭൂഷണമല്ല. ഫലിതമായ് പോലും പാടില്ല.
ഇമാം മാലിക്(റ) ഉദ്ധരിക്കുന്ന ഹദീസ് നോക്കൂ: തിരുനബി(സ്വ) പറഞ്ഞു: വിശ്വാസിയില്‍ നിന്ന് ചില ദുര്‍ബല നിമിഷങ്ങളില്‍ തെറ്റുകളേതും സംഭവിക്കാന്‍ സാധ്യതയുണ്ടെങ്കിലും കളവ്, വഞ്ചന എന്നിവ ഒരു സാഹചര്യത്തിലും യഥാർഥ വിശ്വാസിയില്‍ നിന്നുണ്ടാവുകയേയില്ല തന്നെ’.
അല്ലാഹുവേ, സത്യം മാത്രം പറയുന്ന നാവ് ഞാന്‍ നിന്നോട് ചോദിക്കുന്നുയെന്നത് തിരുനബി(സ്വ)യുടെ നിരന്തര പ്രാർഥനയായിരുന്നു.
മുസ്്ലിംകളില്‍ ആരെങ്കിലും കളവ് പറയാനുള്ള സാഹചര്യമുണ്ടായാല്‍ അവര്‍ ആത്മാർഥമായി തൗബ ചെയ്യുന്നത് വരെ അവിടുന്ന് മാനസിക സംഘര്‍ഷം അനുഭവിച്ചിരുന്നു. അടുപ്പക്കാരാരെങ്കിലും അസത്യം പറഞ്ഞാല്‍ പശ്ചാത്തപിക്കുന്നത് വരെ റസൂല്‍(സ്വ) അവരോട് പിണങ്ങുമായിരുന്നു. അസത്യത്തിന്റെ വക്താക്കള്‍ക്ക് ഇസ്്ലാമില്‍ യാതൊരു ഇടവുമില്ല. അത്തരക്കാരില്‍ നിന്ന് മാലാഖമാർ പോലും അകന്നുനില്‍ക്കും. അക്കാര്യം നബി(സ്വ) പറഞ്ഞതാണ് : ‘വല്ലവനും കളവു പറഞ്ഞാൽ അതു കാരണം വമിക്കുന്ന ദുര്‍ഗന്ധം നിമിത്തം മലക്കുകള്‍ അവനില്‍ നിന്ന് അകലും’.
ഇഹലോകത്തിന്റെ അപ്പക്കഷ്ണങ്ങൾക്കു വേണ്ടി കളവ് നിർമിക്കരുത്. ‘സത്യം പറഞ്ഞത് കാരണം നേരിടേണ്ടിവരുന്ന തിരിച്ചടികളാണ് കളവ് പറഞ്ഞു ലഭിക്കുന്ന ഉയര്‍ച്ചയെക്കാള്‍ എനിക്കേറ്റവും പ്രിയങ്കരമെന്ന ഉമർ(റ)ന്റെ വാക്കുകൾ സ്മരിക്കേണ്ടതാണ്.
ഊഹങ്ങളുടെ അടിസ്ഥാനത്തില്‍ മാത്രം അന്യരെ സംബന്ധിച്ച് അപവാദം പ്രചരിപ്പിക്കുന്ന രീതി നമുക്കിടയിൽ സർവസാധാരണമാണ്. ഊഹങ്ങളെ സൂക്ഷിക്കണമെന്ന് നബി(സ്വ) താക്കീത് നല്‍കിയിട്ടുണ്ട്. “നിങ്ങള്‍ ഊഹങ്ങളെ സൂക്ഷിക്കണം. കാരണം ഊഹമെന്നത് വര്‍ത്തമാനത്തിലെ ഏറ്റവും വലിയ കളവാണ്’ (ബുഖാരി).
അന്യരുടെ ധനം അപഹരിച്ചെടുക്കുന്നതിനും മറ്റ് സ്വാര്‍ഥ താത്പര്യങ്ങള്‍ക്കുമായി കള്ളസത്യം പറയുന്നവര്‍ വലിയ പാപമാണ് ചെയ്യുന്നത്.
നബി(സ്വ) പറഞ്ഞു: “ആരെങ്കിലും സത്യം ചെയ്ത് ഒരു മുസ്‌ലിമിന് അവകാശപ്പെട്ടത് അപഹരിച്ചെടുത്താല്‍ അല്ലാഹു അവന് നരകം നിര്‍ബന്ധമാക്കുകയും സ്വര്‍ഗം നിഷിദ്ധമാക്കുകയും ചെയ്തിരിക്കുന്നു.’ അപ്പോള്‍ ഒരാള്‍ ചോദിച്ചു: “വളരെ നിസ്സാരമായതെന്തെങ്കിലുമാണെങ്കിലോ?’ നബി(സ്വ) പറഞ്ഞു: “ഒരു അറാക്കിന്റെ കൊള്ളിയാണെങ്കിലുമതേ’ (അഹമ്മദ്)
പരസ്പര ബന്ധങ്ങളിലും ഇടപാടുകളിലും കളവു വരുന്നതിനെ നാം സൂക്ഷിക്കണം. യാഥാര്‍ഥ്യങ്ങളെ വളച്ചൊടിച്ച് അവതരിപ്പിക്കുന്നത് ഗുരുതരമായ തെറ്റാണ്. കേട്ടതിനെ എരിവും പുളിയും ചേർത്ത് പ്രചരിപ്പിക്കുന്നത് ചിലര്‍ക്കൊക്കെ ഒരു വിനോദമാണ്. കേട്ടതൊക്കെ പറഞ്ഞുനടക്കല്‍ തന്നെ തെറ്റാണെന്ന് നബി(സ്വ) പറഞ്ഞിരിക്കെ കേട്ടതില്‍ കളവ് കൂട്ടിച്ചേര്‍ത്ത് പ്രചരിപ്പിക്കല്‍ എത്ര വലിയ പാപമാണ്!
മറ്റുള്ളവരെ ചിരിപ്പിക്കാന്‍ വേണ്ടി കളവു പറയുന്നത് ഇന്നൊരു ട്രെന്‍ഡാണ്. റസൂൽ (സ്വ) പറഞ്ഞു: “സംസാരിക്കുമ്പോള്‍ ജനങ്ങളെ ചിരിപ്പിക്കുന്നതിനായി നുണ പറയുന്നവന് നാശം! അവനു നാശം! അവനു നാശം!” (തിര്‍മിദി).
നേതാക്കന്മാര്‍ക്ക് വേണ്ടി കള്ളം പ്രചരിപ്പിക്കുന്ന അണികളും പ്രസ്ഥാനത്തിന് വേണ്ടിയോ സ്വന്തം താത്പര്യ സംരക്ഷണാര്‍ഥമോ കള്ളം പറയുന്ന നേതാക്കളുമുണ്ട്. കച്ചവട രംഗത്തും രാഷ്ട്രീയരംഗത്തും കള്ളവും കള്ളത്തരവും ആകാം എന്ന ധാരണയും ചിലർക്കുണ്ട്.
ഹിര്‍ഖല്‍ ചക്രവര്‍ത്തി മുഹമ്മദ് നബി(സ്വ)യെപ്പറ്റി അബൂസുഫ്‌യാനോട് ചോദിച്ചപ്പോള്‍ അന്ന് അവിശ്വാസിയായ അബൂസുഫ്‌യാന്‍ പോലും നബി(സ്വ)യെ കുറിച്ച് കളവ് പറയാന്‍ തുനിഞ്ഞില്ല എന്നത് ഓര്‍ക്കണം. പ്രവാചകന്‍ സത്യം മാത്രം പറയുന്നവനും വഞ്ചന കാണിക്കാത്തവനുമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.
മതപ്രചാരണത്തിനു വേണ്ടി കളവ് പറയാന്‍ അല്ലാഹു അനുവാദം നല്‍കിയിട്ടില്ല. ഖുര്‍ആന്‍ വചനങ്ങളെ ദുര്‍വ്യഖ്യാനം ചെയ്യുകയും വളച്ചൊടിക്കുകയും ചെയ്യുന്ന നവീന വാദികൾ മതത്തെ വികൃതമാക്കുകയാണ് ചെയ്യുന്നത്.
സത്യസന്ധരെ അല്ലാഹു ഇഷ്ടപ്പെടുന്നു. ജീവിതത്തില്‍ സത്യസന്ധത പുലര്‍ത്തുകയും സത്യവാന്മാരോടൊപ്പം നിലകൊള്ളുകയും ചെയ്യുക എന്നത് വിശ്വാസിയുടെ ബാധ്യതയാണ്. ഭൗതികമായ എന്ത് നഷ്ടവും അതിന്റെ പേരില്‍ സഹിക്കാന്‍ കഴിയണം. സത്യം ധാർമികതയിലേക്ക് നയിക്കും, ധാർമികത സ്വര്‍ഗത്തിലേക്കും വഴിനടത്തും; കളവ് അധര്‍മത്തിലേക്കും അധര്‍മം നരകത്തിലേക്കും കൊണ്ടെത്തിക്കും.
അല്ലാഹു പറയുന്നു: “സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും സത്യവാന്മാരുടെ കൂട്ടത്തില്‍ ആയിരിക്കുകയും ചെയ്യുക’. (ഖുര്‍ആന്‍ 9:119).
സത്യസന്ധന്‍മാര്‍ക്ക് അതിമഹത്തായ സ്ഥാനമാണ് അല്ലാഹു ഒരുക്കിവെച്ചിരിക്കുന്നത്. അല്ലാഹു പറയുന്നു: “ആര്‍ അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നുവോ അവര്‍ അല്ലാഹു അനുഗ്രഹിച്ചവരായ പ്രവാചകന്മാര്‍, സത്യസന്ധന്മാര്‍, രക്തസാക്ഷികള്‍, സച്ചരിതര്‍ എന്നിവരോടൊപ്പമായിരിക്കും.
അവരെത്ര നല്ല കൂട്ടുകാര്‍!’ ( ഖുര്‍ആന്‍ 4:69).
കളവിന്റെ പര്യവസാനം വളരെ ദാരുണമാണ്. അവര്‍ക്ക് എത്തിച്ചേരാനുള്ള സങ്കേതം ഭയാനകവും. അല്ലാഹുവിന്റെയടുക്കല്‍ “പെരുങ്കള്ളന്‍’ എന്ന പദവി ലഭിക്കുന്നത് എന്തുമാത്രം അപമാനകരമാണല്ലേ.
ഒരു സത്യവിശ്വാസിക്ക് ഒരിക്കലും കളവ് പറയാന്‍ സാധ്യമല്ല. അവന്റെ നാവ് അതിന് വേണ്ടി ചലിക്കില്ല. കാരണം കളവ് പറയല്‍ കപടവിശ്വാസിയുടെ സ്വഭാവമാണ്. “…തീര്‍ച്ചയായും കപട വിശ്വാസികള്‍ കള്ളം പറയുന്നവരത്രേ’ (ഖുര്‍ആന്‍ 63:1)