International
ആക്രമണ, നിരീക്ഷണ ശേഷി മെച്ചപ്പെടുത്തുക ലക്ഷ്യം; ഡ്രോണ്‍ കരാര്‍ പുനഃക്രമീകരിച്ച് പാക്കിസ്താനും തുര്‍ക്കിയും
900 മില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ കരാറാണ് പുനഃക്രമീകരിച്ചത്.

ഇസ്‌ലാമാബാദ് | ഇന്ത്യയുടെ ഓപറേഷന്‍ സിന്ദൂറിന് പിന്നാലെ ഡ്രോണ്‍ കരാര്‍ പുനഃക്രമീകരിച്ച് പാക്കിസ്താനും തുര്‍ക്കിയും. ആക്രമണ, നിരീക്ഷണ ശേഷി മെച്ചപ്പെടുത്തുക ലക്ഷ്യം വച്ചാണിത്. 900 മില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ കരാറാണ് പുനഃക്രമീകരിച്ചത്. മുന്‍ കരാറിലെ പോരായ്മകള്‍ തിരുത്തിയാണ് പുതിയത് തയ്യാറാക്കിയത്. തുര്‍ക്കി വിദേശകാര്യ മന്ത്രി ഹകാന്‍ ഫിദാന്‍, പ്രതിരോധ മന്ത്രി യാസര്‍ ഗുലര്‍, പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്, ഫീല്‍ഡ് മാര്‍ഷല്‍ ജനറല്‍ അസിം മുനീര്‍ എന്നിവരുള്‍പ്പെടെ ഉന്നതതല സംഘം നേരത്തെ നടത്തിയ കൂടികക്കാഴ്ചയിലാണ് പുതുക്കിയ കരാറിന് അന്തിമരൂപം നല്‍കിയിരുന്നത്.
തുര്‍ക്കിയിലെ പ്രമുഖ ഡ്രോണ്‍ നിര്‍മാതാക്കളായ ബേക്കറും ചര്‍ച്ചകളുടെ കേന്ദ്രബിന്ദുവാണ്. മെച്ചപ്പെട്ട ഡ്രോണുകളും യുദ്ധോപകരണങ്ങളും വിതരണം ചെയ്യുക എന്നതിനൊപ്പം ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം ശക്തിപ്പെടുത്തുകയും കരാര്‍ പുതുക്കുന്നതിലൂടെ ലക്ഷ്യമിടുന്നുണ്ട്. 700-ലധികം തുര്‍ക്കി നിര്‍മിത BAYRAKTAR TB2, AKINCI UAV എന്നിവ പുതുക്കിയ കരാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പാകിസ്താന്റെ സൈനിക പ്രവര്‍ത്തന ശേഷി വര്‍ധിപ്പിക്കുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. 2025 അവസാനത്തോടെ തുര്‍ക്കിയും പാക്കിസ്താനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 500 കോടി അമേരിക്കന്‍ ഡോളറായി ഉയര്‍ത്താനും നീക്കമുണ്ട്.
ഓപറേഷന്‍ സിന്ദൂറിനിടെ ഇന്ത്യക്കെതിരെ പാക്കിസ്താന്‍ ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നുവെങ്കിലും ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ അതെല്ലാം തകര്‍ത്തിരുന്നു.