Kuwait
കെനിയയില്‍ നിന്നും ഗാര്‍ഹിക തൊഴിലാളികള്‍; റിക്രൂട്ട്‌മെന്റിനൊരുങ്ങി കുവൈത്ത്
പ്രവേശന പരീക്ഷകളില്‍ ഏകദേശം 1,500 കെനിയന്‍ പൗരന്മാര്‍ വിജയിച്ചു. ഇവര്‍ ഡിസംബറില്‍ കുവൈത്തില്‍ എത്തുമെന്നാണ് വിവരം.

കുവൈത്ത് സിറ്റി | കുവൈത്തില്‍ കെനിയയില്‍ നിന്നുള്ള വീട്ടുജോലിക്കാര്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. ഇതുമായി ബന്ധപ്പെട്ട ധാരണാപത്രം ഒപ്പിടുന്നതിന് ചര്‍ച്ചകള്‍ നടന്നുവരുന്നതായി കുവൈത്തിലെ കെനിയന്‍ സ്ഥാനപതി ഹലീമ മഹമൂദ് പറഞ്ഞു. കുവൈത്തിലെ വിവിധ മേഖലകളിലുള്ള തസ്തികകളിലേക്കു നടന്ന പ്രവേശന പരീക്ഷകളില്‍ ഏകദേശം 1,500 കെനിയന്‍ പൗരന്മാര്‍ വിജയിച്ചതായും അവര്‍ അറിയിച്ചു. 5,000ത്തിലധികം അപേക്ഷകരില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട ഇവര്‍ ഡിസംബറില്‍ കുവൈത്തില്‍ എത്തുമെന്നാണ് വിവരം.
കുവൈത്തും കെനിയയും തമ്മില്‍ ഔദ്യോഗിക തൊഴില്‍ കരാര്‍ നിലവിലില്ലെങ്കിലും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ച നടന്നുവരികയാണ്. കെനിയന്‍ മന്ത്രിസഭയില്‍ വന്ന മാറ്റങ്ങളാണ് കരാര്‍ ഒപ്പിടാന്‍ വൈകുന്നതിന് കാരണമായി പറയപ്പെടുന്നത്.
ഗാര്‍ഹിക തൊഴിലാളി റിക്രൂട്ട്മെന്റ്, ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നേരിട്ടുള്ള വിമാന സര്‍വീസ് മുതലായ വിഷയങ്ങളില്‍ ഉടന്‍ തന്നെ ധാരണാപത്രം ഒപ്പ് വെക്കുമെന്നും ഹലീമ മഹമൂദ് വ്യക്തമാക്കി.