Kerala
മോഷണത്തിന്റെ പേരിൽ വീട്ടുജോലിക്കാരിക്ക് മാനസിക പീഡനം; റിപോർട്ട് സമർപ്പിക്കാൻ രണ്ടാഴ്ച സമയം തേടി
കേസ് പരിഗണിച്ച് മനുഷ്യാവകാശ കമ്മീശഷൻ

പത്തനംതിട്ട | സ്വർണമാല മോഷ്ടിച്ചെന്നാരോപിച്ച് വീട്ടുകാർ നൽകിയ പരാതിയിൽ വീട്ടുജോലിക്കാരിയായ ദളിത് സ്ത്രീയെ 20 മണിക്കൂർ പോലീസ് മാനസികമായി പീഡിപ്പിച്ചെന്ന പരാതിയിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ പത്തനംതിട്ട ക്രൈം ബ്രാഞ്ച് ഡിവൈ എസ് പി രണ്ടാഴ്ച സമയം തേടി. കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് കമ്മീഷൻ ഓഫീസിൽ നടത്തിയ സിറ്റിംഗിലാണ് പത്തനംതിട്ട ക്രൈംബ്രാഞ്ച് ഡിവൈ എസ് പി നേരിട്ട് ഹാജരായത്. ആഗസ്റ്റ് നാലിന് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.
തിരുവനന്തപുരം ജില്ലക്ക് പുറത്ത് ജോലി ചെയ്യുന്ന ഡിവൈ എസ് പി അന്വേഷിക്കണമെന്നായിരുന്നു ജസ്റ്റിസ് അലക്സാണ്ടർ തോമസിന്റെ ഉത്തരവ്. ജില്ലാ പോലീസ് മേധാവി സൗത്ത് സോൺ ഐ ജിയുമായി കൂടിയാലോചന നടത്തി അന്വേഷണ ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചിരുന്നു.
പോലീസ് പീഡനത്തിന് ഇരയായ വീട്ടുജോലിക്കാരിയുടെ മൊഴി വനിതാ അഭിഭാഷകയുടെ സാന്നിധ്യത്തിലെടുക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടിരുന്നു. വനിതാ അഭിഭാഷകയെ ജില്ലാ ലീഗൽ സർവീസ് സൊസൈറ്റി സെക്രട്ടറി നിയമിക്കണമെന്നായിരുന്നു നിർദേശം. മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലായിരുന്നു ഉത്തരവ്.