From the print
ദോഹ സ്‌ഫോടനം; അറബ് ലോകം ആശങ്കയിൽ
ഖത്വറിന്റെ പരമാധികാരത്തിനു നേരെയുള്ള നഗ്‌നമായ ലംഘനമാണ് ഇതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ്

ദോഹ | ദോഹയിൽ ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്‌റാഈൽ നടത്തിയ ആക്രമണം മേഖലയിലെ സുരക്ഷക്ക് ഭീഷണിയായി മാറിയിക്കുകയാണ്. ഖത്വറിന്റെ പരമാധികാരത്തിനു നേരെയുള്ള നഗ്‌നമായ ലംഘനമാണ് ഇതെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് മാജിദ് അൽ അൻസാരി പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളെയും മാനദണ്ഡങ്ങളെയും ധിക്കരിക്കുന്നതും ഖത്വറിലെ പൗരൻമാരുടെയും താമസക്കാരുടെയും സുരക്ഷക്ക് ഗുരുതരമായ ഭീഷണിയുണ്ടാക്കുന്നതുമാണ് ആക്രമണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഹമാസ്- ഇസ്‌റാഈൽ സംഘർഷത്തിൽ മാധ്യസ്ഥ്യ ശ്രമം ഊർജിതമാക്കിയ രാജ്യമാണ് ഖത്വർ. പുതിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഈ നീക്കങ്ങളിൽ നിന്ന് പിൻവാങ്ങുന്നതായി സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.
അൽ ഉദൈദ് സൈനിക താവളം ഉൾപ്പെടെ രാജ്യത്തെ തന്ത്രപ്രധാനമായ സ്ഥലങ്ങൾ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് ഖത്വർ അധികാരികൾ വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ ഉടനടി പ്രഖ്യാപിക്കുമെന്നും അവർ പറഞ്ഞു.
ഈ ആക്രമണം സമാധാന ശ്രമങ്ങളെ അട്ടിമറിക്കുമെന്ന് ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
പ്രാദേശിക സുരക്ഷയിൽ ഇസ്‌റാഈൽ തുടർച്ചയായി കൈകടത്തുന്നതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ദോഹയിലെ ആക്രമണം. ഇത് മധ്യപൂർവദേശത്തെ പ്രാദേശിക രാഷ്ട്രീയത്തെ കൂടുതൽ സങ്കീർണമാക്കും.
ഗൾഫ് രാജ്യങ്ങൾക്ക് രോഷം
ഇസ്‌റാഈൽ ആക്രമണത്തെ ഗൾഫ് രാജ്യങ്ങൾ അപലപിച്ചു. സഊദി അറേബ്യ,യു എ ഇ, കുവൈത്ത്, ഒമാൻ നടുക്കവും രോഷവും പ്രകടിപ്പിച്ചു.
ഖത്വറിന് രാജ്യത്തിന്റെ പൂർണ പിന്തുണയുണ്ടെന്ന് സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഖത്വർ അമീറിനെ ഫോണിൽ അറിയിച്ചു. ആക്രമണങ്ങളെ ക്രിമിനൽ നടപടിയായും അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനമായും അപലപിച്ചു.
ഖത്വറിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച ഒമാൻ, ഇത് ഒരു രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള നഗ്നമായ ലംഘനവും മേഖലയുടെ സുരക്ഷക്ക് ഭീഷണിയുമാണെന്ന് പറഞ്ഞു.
ഇത്തരം നടപടികൾ അന്താരാഷ്ട്ര സമാധാനത്തെ ഇല്ലാതാക്കുമെന്നും അതിനാൽ സംയമനവും പരമാധികാരത്തോടുള്ള ബഹുമാനവും അനിവാര്യമാണെന്നും കുവൈത്ത് പറഞ്ഞു.
ഗൾഫ് സഹകരണ കൗൺസിലും ആക്രമണത്തെ അപലപിച്ചു. ഗൾഫ് സഹകരണ കൗൺസിൽ അംഗരാജ്യങ്ങൾ ഖത്വറിനൊപ്പം ഒറ്റക്കെട്ടായി നിൽക്കുമെന്നും ഇസ്‌റാഈലിന്റെ ആക്രമണത്തിനെതിരെ ഖത്വർ എടുക്കുന്ന ഏത് നടപടിക്കും പൂർണ പിന്തുണ നൽകുമെന്നും പ്രഖ്യാപിച്ചു.
പശ്ചിമേഷ്യൻ രാജ്യങ്ങളിൽ സ്ഥിരതയും സുരക്ഷയും കൈവരിക്കാനുള്ള ശ്രമങ്ങളെ പരാജയപ്പെടുത്തുന്നതാണ് ഇസ്‌റാഈൽ നടപടിയെന്ന് ലബനാൻ പ്രസിഡന്റ് ജോസഫ് ഔൻ പറഞ്ഞു. ഗസ്സാ ആക്രമണത്തിൽ നിന്ന് പിന്മാറാൻ ഇസ്‌റാഈലിന് ഉദ്ദേശമില്ലെന്നാണ് ദോഹ ആക്രമണം സൂചിപ്പിക്കുന്നതെന്ന് തുർക്കിയ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
യു എൻ ചാർട്ടറിന്റെ നഗ്നമായ ലംഘനമാണ് ഇസ്‌റാഈൽ നടത്തിയതെന്ന് ജോർദാൻ ഭരണകൂടം പ്രസ്താവനയിൽ പറഞ്ഞു.
ഇസ്‌റാഈലിന്റെ പദ്ധതികളിൽ കൂടുതൽ ജാഗ്രത പാലിക്കാൻ അറബ് രാജ്യങ്ങൾ തയ്യാറാകണമെന്ന് യമനിലെ ഹൂതി സുപ്രീം പൊളിറ്റിക്കൽ കൗൺസിൽ മേധാവി മഹ്ദി അൽ മശ്അത് പറഞ്ഞു. ഇസ്‌റാഈലിനെതിരെ പോരാടാൻ ഇനിയും വൈകിക്കൂടാ. സയണിസ്റ്റ് ഭീഷണി നേരിടുന്നതിൽ നാം ഒരുമിച്ചില്ലെങ്കിൽ ദോഹയിൽ സംഭവിച്ചത് മേഖലയിലെ മറ്റു രാജ്യങ്ങളും അനുഭവിക്കേണ്ടി വരുമെന്നും മഹ്ദി അൽ മശ്അത് മുന്നറിയിപ്പ് നൽകി.