Kerala
സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അതൃപ്തി: കൊച്ചി ഡെപ്യൂട്ടി മേയര്‍ കെ എ അന്‍സിയ സി പി ഐ വിട്ടു
സി പി ഐ മഹിളാ സംഘം മണ്ഡലം സെക്രട്ടറിയായ അന്‍സിയ മട്ടാഞ്ചേരി അഞ്ചാം ഡിവിഷനിലെ കൗണ്‍സിലറാണ്.
കൊച്ചി | തദ്ദേശ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ വിവിധ പാര്‍ട്ടികളില്‍ അഭിപ്രായ ഭിന്നതകള്‍ മറനീക്കി പുറത്തുവരുന്നു. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട വിയോജിപ്പുകളും മറ്റ് പ്രശ്‌നങ്ങളും കാരണം രാജിവച്ചവരും രാജിക്കൊരുങ്ങുന്നവരും നിരവധിയാണ്.
കൊച്ചി കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ എ അന്‍സിയ സി പി ഐയില്‍ നിന്ന് രാജിവെച്ചതാണ് ഇത്തരത്തിലുള്ള സംഭവങ്ങളില്‍ ഏറ്റവും പുതിയത്. സി പി ഐ മഹിളാ സംഘം മണ്ഡലം സെക്രട്ടറിയായ അന്‍സിയ മട്ടാഞ്ചേരി അഞ്ചാം ഡിവിഷനിലെ കൗണ്‍സിലറാണ്. ലീഗ് കോട്ടയായിരുന്ന സീറ്റ് പിടിച്ചെടുത്തുകൊണ്ടാണ് അന്‍സിയ മട്ടാഞ്ചേരിയില്‍ വിജയം നേടിയത്.
വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയില്‍ നിന്ന് മത്സരിക്കാന്‍ പോകുന്നത് പാര്‍ട്ടി മെമ്പര്‍ഷിപ്പ് പോലുമില്ലാത്ത വ്യക്തികളാണെന്ന് അന്‍സിയ പറഞ്ഞു. ഇക്കാര്യമുള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പാര്‍ട്ടിയോട് പറഞ്ഞിരുന്നു. എന്നാല്‍, ഒരിക്കല്‍ പോലും പിന്തുണ ലഭിച്ചില്ല. സ്വതന്ത്രയായി മത്സരിച്ച് വിജയിച്ചത് പോലെയായിരുന്നു അവസ്ഥ. എന്നിട്ടും മട്ടാഞ്ചേരിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകാന്‍ സാധിച്ചുവെന്നും അന്‍സിയ പറഞ്ഞു. സി പി ഐയില്‍ നിന്ന് രാജിവെച്ചെങ്കിലും എല്‍ ഡി എഫിനൊപ്പം തുടരാനാണ് തീരുമാനമെന്ന് അന്‍സിയ അറിയിച്ചു.



