Connect with us

Kerala

പുസ്തക പ്രകാശനത്തിന് മുമ്പ് പയ്യന്നൂര്‍ ഫണ്ട് കണക്കുകള്‍ പുറത്തുവിടാന്‍ സിപിഎം തയ്യാറാകണം: വി കുഞ്ഞികൃഷ്ണന്‍

തന്റെ പുസ്തകം പുറത്തുവന്നാല്‍  അതിലുള്ള കാര്യങ്ങള്‍ പരിഗണിച്ച് കണക്ക് തയ്യാറാക്കാം എന്ന നിലപാടാണ് പാര്‍ട്ടിക്ക്

Published

|

Last Updated

കണ്ണൂര്‍ \  തന്റെ പുസ്തക പ്രകാശനം നടക്കും മുമ്പ് പയ്യന്നൂരിലെ പാര്‍ട്ടി ഫണ്ടുകളുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്തുവിടാന്‍ സിപിഎം സന്നദ്ധമാകണമെന്ന് പയ്യന്നൂരിലെ സിപിഎം നേതാവ് വി കുഞ്ഞികൃഷ്ണന്‍. തന്റെ പുസ്തകം പുറത്തുവന്നാല്‍  അതിലുള്ള കാര്യങ്ങള്‍ പരിഗണിച്ച് കണക്ക് തയ്യാറാക്കാം എന്ന നിലപാടാണ് പാര്‍ട്ടിക്ക്. തന്റെ പുസ്തക പ്രകാശനം മാറ്റിവെച്ചിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി ഫണ്ടുമായി ബന്ധപ്പെട്ട കണക്കുകള്‍ വിശദീകരിക്കുമെന്ന് കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാകേഷും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പറഞ്ഞിരുന്നു.

അഞ്ചു വര്‍ഷത്തോളമായി ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുന്നു. എന്നാല്‍, ഇതുവരെ തന്നെ പോലും ബോധ്യപ്പെടുത്താന്‍ പാകത്തിലൊരു കണക്ക് പാര്‍ട്ടി കമ്മിറ്റിയില്‍ എവിടെയും പറഞ്ഞിട്ടില്ല. ഇപ്പോള്‍ തന്നെ പുറത്താക്കാന്‍ ചേര്‍ന്ന കമ്മിറ്റിക്ക് ശേഷം ഏരിയ കമ്മിറ്റി യോഗം ചേര്‍ന്ന് കാര്യങ്ങള്‍ വിശദീകരിച്ചു. എന്നാല്‍, രക്തസാക്ഷി ഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശദീകരിച്ചിട്ടില്ലെന്നാണ് മനസിലാക്കുന്നതെന്നും കുഞ്ഞികൃഷ്ണന്‍ പറഞ്ഞു

സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടല്‍ കൊണ്ടാകാം ജില്ലാ കമ്മിറ്റി ഇപ്പോള്‍ കണക്ക് പുറത്ത് വിടുന്നത്. ഇനി തന്റെ പുസ്തകം പുറത്തുവരട്ടെ അതിലുള്ള കാര്യങ്ങളെല്ലാം പരിഗണിച്ച് കണക്ക് തയ്യാറാക്കാം എന്ന നിലപാടാണ് പാര്‍ട്ടിക്ക് ഉള്ളത്. തന്റെ പുസ്തക പ്രകാശന ചടങ്ങിന് മുന്‍പായി കണക്കുകള്‍ ജനങ്ങളെ അറിയിക്കാന്‍ പാര്‍ട്ടി തയ്യാറാകണമെന്നും കുഞ്ഞികൃഷ്ണന്‍ ആവശ്യപ്പെട്ടു.

ഫെബ്രുവരി നാലിന് ബുധനാഴ്ച പയ്യന്നൂര്‍ ഗാന്ധി സ്‌ക്വയറില്‍ വെച്ചാണ് വി കുഞ്ഞികൃഷ്ണന്റെ ‘നേതൃത്വത്തെ അണികള്‍ തിരുത്തണം’ എന്ന പേരിലുള്ള പുസ്തകത്തിന്റെ പ്രകാശനം നടക്കാനിരിക്കുന്നത്.

 

---- facebook comment plugin here -----

Latest