Connect with us

National

അതിവേഗ പാതയില്‍ കൃത്യമായ മറുപടിയില്ലാതെ കേന്ദ്ര റെയില്‍വെ മന്ത്രി; റെയില്‍വെ വിഹിതത്തില്‍ കേരളത്തിന് വന്‍വര്‍ധനയെന്നും മന്ത്രി

മെട്രോമാന്‍ ഇ ശ്രീധരന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്നും മന്ത്രി

Published

|

Last Updated

ന്യൂഡല്‍ഹി  | കേന്ദ്ര ബജറ്റില്‍ റെയില്‍വെ വിഹിതത്തില്‍ കേരളത്തിന് വന്‍വര്‍ധനയാണ് വരുത്തിയതെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ്. കേരളത്തിനായി 3795 കോടി റെയില്‍വെക്കായി ബജറ്റ് വിഹിതം അനുവദിച്ചെന്നും കേന്ദ്രമന്ത്രി പറഞ്ഞു .യു പി എ സര്‍ക്കാരിന്റെ കാലത്തെക്കാള്‍ പത്തിരട്ടി തുകയാണ് ഇതെന്നും മന്ത്രി പറഞ്ഞു.അതിവേഗ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് മെട്രോമാന്‍ ഇ ശ്രീധരന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയുണ്ടെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. കേരളത്തിന്റെ റെയില്‍ വികസനത്തെക്കുറിച്ച് അദ്ദേഹത്തോട് ചര്‍ച്ച നടത്തിയിരുന്നു. കേരളത്തില്‍ ഹൈ സ്പീഡ് റെയില്‍വേ വരുമെന്നു പറഞ്ഞ അശ്വിനി വൈഷ്ണവ് അതിവേഗ റെയില്‍ പാത എപ്പോള്‍ വരുമെന്ന് തുടങ്ങിയ ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കിയില്ല.

 

മംഗലാപുരം- ഷൊര്‍ണൂര്‍ മൂന്നും നാലും പാതകളുടെ ഡിപിആര്‍ നടപടികള്‍ പുരോഗമിക്കുന്നു. ഷൊര്‍ണൂര്‍ കോയമ്പത്തൂര്‍ മൂന്നാം നാലും പാതയുടെ ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയായതായി കേന്ദ്രമന്ത്രി പറഞ്ഞു. ഡിപിഐര്‍ നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. ഷൊര്‍ണൂര്‍- എറണാകുളം മൂന്നാം പാതയുടെ ഫീല്‍ഡ് സര്‍വേ പൂര്‍ത്തിയായി. ഡിപിആര്‍ അന്തിമ നടപടികളിലാണ്. എറണാകുളം- കായംകുളം മൂന്നാം പാത ( കോട്ടയം വഴി) ട്രാഫിക് സര്‍വേ പൂര്‍ത്തിയായി. കായംകുളം- തിരുവനന്തപുരം മൂന്നാം പാതയുടെ ട്രാഫിക് സര്‍വേ പൂര്‍ത്തിയായി അലൈന്‍മെന്റ് പൂര്‍ത്തിയായിട്ടുണ്ട്. ഡിപിആര്‍ ഉടന്‍ തയ്യാറാക്കും. തിരുവനന്തപുരം – നാഗര്‍കോവില്‍ സര്‍വേ നടക്കുകയാണ്.തുറവൂര്‍- അമ്പലപ്പുഴ പാത ഇരട്ടിപ്പിക്കലില്‍ സര്‍വേ പൂര്‍ത്തിയായി. ഡിപിആര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.

ഏറെ സുപ്രധാനമായ ശബരിപാതയ്ക്ക് എല്ലാ നടപടികളും പൂര്‍ത്തിയായി. അങ്കമാലി ശബരിപാതയ്ക്ക് സ്ഥലമേറ്റെടുക്കല്‍ തുടങ്ങി. ഗുരുവായൂര്‍- തിരുനാവായ പാതയുടെ നടപടികള്‍ ആരംഭിച്ചു. സ്ഥലം ഏറ്റെടുക്കലില്‍ സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ തേടിയിട്ടുണ്ട്. പദ്ധതിക്കായി 1975 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. റെയില്‍വേ മേല്‍പ്പാലങ്ങള്‍, അടിപ്പാതകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് റെയില്‍വേ നടപടി ആരംഭിച്ചിട്ടുണ്ട്. 105 റെയില്‍വേ മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയും തേടിയിട്ടുണ്ട്. സ്ഥലമേറ്റെടുക്കലില്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹകരണവും വേണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു

 

---- facebook comment plugin here -----

Latest