muhammed faisal
അയോഗ്യനാക്കിയ നടപടി പിൻവലിച്ചില്ല; മുഹമ്മദ് ഫൈസലിൻ്റെ ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും
ഹൈക്കോടതി ഉത്തരവിനെതിരെ ലക്ഷദ്വീപ് ഭരണകൂടം സമർപ്പിച്ച ഹരജിയും ഇതോടൊപ്പം പരിഗണിക്കും.

ന്യൂഡൽഹി | ക്രിമിനൽ കേസിലെ ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും ലോക്സഭയിൽ നിന്ന് അയോഗ്യനാക്കിയ നടപടി പിൻവലിക്കാത്ത ലോക്സഭാ സെക്രട്ടറിയേറ്റ് നടപടിക്കെതിരെ ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസൽ സുപ്രീം കോടതിയിൽ നൽകിയ ഹരജി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കെ എം ജോസഫ് അധ്യക്ഷനായ ബഞ്ചാണ് പരിഗണിക്കുക. വിഷയം വേഗത്തിൽ പരിഗണിക്കണമെന്ന് മുഹമ്മദ് ഫൈസലിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്‌വി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് മുമ്പാകെ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ചാണ് ഹരജി ഇന്ന് പരിഗണിക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.
ഹൈക്കോടതി ഉത്തരവിനെതിരെ ലക്ഷദ്വീപ് ഭരണകൂടം സമർപ്പിച്ച ഹരജിയും ഇതോടൊപ്പം പരിഗണിക്കും. അയോഗ്യനാക്കിയ ഉത്തരവ് പിൻവലിക്കാത്തതിനാൽ നിലവിൽ നടക്കുന്ന ലോക്സഭാ സമ്മേളനത്തിൽ പങ്കെടുക്കാൻ സാധിക്കുന്നില്ലെന്നും അതിനാൽ കോടതി ഇടപെടൽ ആവശ്യമാണെന്നും ഹരജിയിൽ മുഹമ്മദ് ഫൈസൽ വ്യക്തമാക്കി. ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്തിട്ടില്ല. അതിനാൽ ഫൈസലിനെ അയോഗ്യനാക്കിയ ഉത്തരവ് പിൻവലിക്കാത്ത ലോക്സഭാ സെക്രട്ടേറിയേറ്റിന്റെ നടപടി തെറ്റാണെന്നും അഭിഷേക് മനു സിംഗ്‌വി വാദിച്ചു.
ശിക്ഷ സ്റ്റേ ചെയ്താൽ അയോഗ്യതയും ഇല്ലാതാകുമെന്ന് ലോക് പ്രഹാരി കേസിൽ സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഭരണഘടനയുടെ 32ാം വകുപ്പ് പ്രകാരം കോടതി ഇടപെടൽ നടത്തണമെന്നും ഫൈസൽ ആവശ്യപ്പെട്ടു. ജനുവരി 25നാണ് ഹൈക്കോടതി സിംഗിൾ ബഞ്ച് ഫൈസലിന്റെ ശിക്ഷ സ്റ്റേ ചെയ്തത്. തുടർന്ന് ലക്ഷദ്വീപിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ച ഉപതിരഞ്ഞെടുപ്പ് റദ്ദാക്കേണ്ടി വന്നിരുന്നു.