editorial
ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍
സി പി എമ്മിനെ കടുത്ത പ്രതിരോധത്തിലാക്കുന്നുണ്ട് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍. എവ്വിധം ഇതിനെ അതിജീവിക്കുമെന്ന ആലോചനയിലാണ് പാര്‍ട്ടി നേതൃത്വം. തില്ലങ്കേരിക്കെതിരെയുള്ള കേസുകളെല്ലാം ചുഴിഞ്ഞെടുത്ത് കാപ്പ ചുമത്തി അദ്ദേഹത്തെ നിര്‍വീര്യമാക്കുകയല്ല ഇതിനുള്ള മാര്‍ഗം. പാര്‍ട്ടിക്കത് കൂടുതല്‍ ദോഷം വരുത്തുകയേ ഉള്ളൂ.

സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിന്റെ അറിവോടെയും ആസൂത്രണത്തോടെയുമാണ് നടക്കുന്നതെന്ന ആരോപണത്തിന് സ്ഥിരീകരണം നല്‍കുന്നതാണ് ആകാശ് തില്ലങ്കേരിയുടെ പുതിയ തുറന്നു പറച്ചില്‍. എടയന്നൂരിലെ സി പി എം നേതാക്കളുടെ നിര്‍ദേശാനുസാരമാണ് ശുഐബിനെ വധിച്ചതെന്നാണ് ഫേസ്ബുക്കിലൂടെ തില്ലങ്കേരി വെളിപ്പെടുത്തിയത്. എന്നാല്‍ കൊലക്ക് ക്വട്ടേഷന്‍ നല്‍കിയവര്‍ക്ക് പാര്‍ട്ടി നേതാക്കള്‍ സഹകരണ ബേങ്കില്‍ സുരക്ഷിത ജോലി നല്‍കിയപ്പോള്‍ കൊലപാതകത്തില്‍ പങ്കെടുത്ത തന്നെപ്പോലുള്ളവരെ പാര്‍ട്ടി കൈയൊഴിഞ്ഞു. തങ്ങള്‍ വായ തുറന്നാല്‍ പലര്‍ക്കും പുറത്തിറങ്ങി നടക്കാനാകില്ലെന്നും തില്ലങ്കേരി പറഞ്ഞു.
2018 ഫെബ്രുവരി 12ന് രാത്രിയാണ് യൂത്ത് കോണ്‍ഗ്രസ്സ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയും സജീവ സുന്നി പ്രവര്‍ത്തകനുമായ എടയന്നൂര്‍ സ്വദേശി ശുഐബിനെ വെട്ടിക്കൊലപ്പെടുത്തിയത്. ശുഐബും സുഹൃത്തുക്കളും തട്ടുകടയില്‍ നിന്ന് ചായ കുടിക്കവെ നമ്പര്‍ പ്ലേറ്റില്ലാത്ത കാറിലെത്തിയ അക്രമി സംഘം ബേംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ശുഐബിനെയും സുഹൃത്തുക്കളെയും വെട്ടുകയായിരുന്നു. കാലില്‍ വെട്ടേറ്റു നിലത്ത് വീണ ശേഷവും ശുഐബിനെതിരെ അക്രമം തുടര്‍ന്നു. 37 വെട്ടേറ്റിരുന്നു ശുഐബിന്. ഓടിയെത്തിയ നാട്ടുകാരുടെ നേരേയും ബോംബെറിഞ്ഞ ശേഷമാണ് അക്രമികള്‍ രക്ഷപ്പെട്ടത്. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ശുഐബ് മരണപ്പെട്ടു.
സംഭവത്തില്‍ സി പി എമ്മിന് പങ്കില്ലെന്നായിരുന്നു സി പി എം നേതൃത്വം പറഞ്ഞത്. സുന്നി സംഘടനകളുടെയും കോണ്‍ഗ്രസ്സിന്റെയും കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് നടന്ന പോലീസ് അന്വേഷണത്തില്‍ പക്ഷേ സി പി എം പ്രവര്‍ത്തകരുടെ പങ്ക് വെളിപ്പെട്ടു. തുടര്‍ന്ന് ആകാശ് തില്ലങ്കേരി, രഞ്ജി രാജ്, കെ ജിതിന്‍, സി എസ് ദീപ് ചന്ദ് എന്നിവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പാര്‍ട്ടിയുടെ തണലില്‍ വളര്‍ന്ന ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളായിരുന്നു ഇവര്‍. പിന്നീട് തില്ലങ്കേരിയുടെ സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ ബന്ധം പുറത്തുവരികയും പാര്‍ട്ടിക്കതീതമായ സാമ്പത്തിക ശക്തിയായി വളര്‍ന്നു വരികയും ചെയ്തതോടെ സി പി എം കണ്ണൂര്‍ ജില്ലാ നേതൃത്വം അദ്ദേഹത്തെയും സംഘത്തെയും തള്ളിപ്പറഞ്ഞെങ്കിലും ഇവരെ ഗുണ്ടകളായി വളര്‍ത്തിക്കൊണ്ടുവന്നതില്‍ പാര്‍ട്ടി ജില്ലാ നേതൃത്വത്തിനുള്ള പങ്ക് വ്യക്തമാണ്. രാഷ്ട്രീയ അക്രമ കേസുകളിലെയും കൊലപാതക കേസുകളിലെയും പ്രതികളാണ് മിക്ക ക്വട്ടേഷന്‍ സംഘത്തിലുമുള്ളത്. പ്രമുഖ പാര്‍ട്ടികള്‍ക്കു വേണ്ടി എതിരാളികളെ അരും കൊല ചെയ്തവരാണ് അധോലോക സംഘാംഗങ്ങളായി പരിണമിച്ചത്.
സംസ്ഥാനത്ത് ഏതെങ്കിലും ഒന്നോ രണ്ടോ പാര്‍ട്ടിക്കു മാത്രമല്ല, ഏറെക്കുറെ എല്ലാ പാര്‍ട്ടികള്‍ക്കുമുണ്ട് രാഷ്ട്രീയ എതിരാളികളെ കായികമായി നേരിടാനും ആവശ്യമെങ്കില്‍ വകവരുത്താനുമായി പോറ്റിവളര്‍ത്തുന്ന ഗുണ്ടാവിംഗും ബോംബ് നിര്‍മാണ സംഘങ്ങളും കില്ലര്‍ സ്‌ക്വാഡുമെല്ലാം. രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്ന് ആയുധങ്ങള്‍ പിടിച്ചെടുക്കുന്നതും ബോംബ് നിര്‍മാണത്തിനിടെ അബദ്ധത്തില്‍ പൊട്ടിത്തെറിച്ച് പാര്‍ട്ടി പ്രവര്‍ത്തകര്‍ മരണപ്പെടുകയോ ഗുരുതര പരുക്കേല്‍ക്കുകയോ ചെയ്യുന്നതും പതിവു വാര്‍ത്തയാണ്. ആശയ പ്രചാരണത്തിനും ആശയ സംവാദത്തിനുമപ്പുറം കൈക്കരുത്ത് പ്രകടനവും മനുഷ്യ ജീവനെടുത്ത് കണക്ക് തീര്‍ക്കലുമൊക്കെയാണല്ലോ ഇപ്പോഴത്തെ കക്ഷിരാഷ്ട്രീയം. കേരളത്തില്‍ ഇന്നോളമുണ്ടായ രാഷ്ട്രീയ കൊലപാതകങ്ങളുടെ ചരിത്രം പരതിയാല്‍ അവയെല്ലാം വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ ഗുണ്ടാ, ക്വട്ടേഷന്‍ സംഘങ്ങള്‍ ആസൂത്രിതമായും കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെയും നിര്‍വഹിച്ചതാണെന്ന് കാണാനാകും. പാര്‍ട്ടികളുടെ കരുത്തിനും പ്രവര്‍ത്തന രീതിക്കുമനുസരിച്ച് അവ നടപ്പാക്കുന്നതില്‍ വ്യത്യസ്തതയുണ്ടായേക്കാമെന്നു മാത്രം. ആത്യന്തികമായി എല്ലാം അക്രമ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. രാഷ്ട്രീയ ഗുണ്ടകള്‍ നിഗൂഢമായ സ്വര്‍ണക്കടത്ത്, തട്ടിക്കൊണ്ടുപോകല്‍, ലഹരിക്കടത്ത് തുടങ്ങി അധോലോക പ്രവര്‍ത്തനങ്ങളിലേക്ക് കടന്നു ചെല്ലുകയും പാര്‍ട്ടിക്ക് ഇവര്‍ ഒരു ബാധ്യതയായി മാറുകയും ചെയ്യുന്നതോടെയാണ് നേതൃത്വം അവരെ തള്ളിപ്പറയാന്‍ നിര്‍ബന്ധിതമാകുന്നത്. ഇതാണ് തില്ലങ്കേരിയുടെ കാര്യത്തില്‍ സംഭവിച്ചതും.
സി പി എമ്മിനെ കടുത്ത പ്രതിരോധത്തിലാക്കുന്നുണ്ട് തില്ലങ്കേരിയുടെ വെളിപ്പെടുത്തല്‍. എവ്വിധം ഇതിനെ അതിജീവിക്കുമെന്ന ആലോചനയിലാണ് പാര്‍ട്ടി നേതൃത്വം. തില്ലങ്കേരിക്കെതിരെയുള്ള കേസുകളെല്ലാം ചുഴിഞ്ഞെടുത്ത് കാപ്പ ചുമത്തി അദ്ദേഹത്തെ നിര്‍വീര്യമാക്കുകയല്ല ഇതിനുള്ള മാര്‍ഗം. പാര്‍ട്ടിക്കത് കൂടുതല്‍ ദോഷം വരുത്തുകയേ ഉള്ളൂ. ക്രിമിനലിസം ഉപേക്ഷിച്ച് രാഷ്ട്രീയത്തെ അതിന്റെ ശരിയായ ദിശയിലൂടെ മുന്നോട്ടു കൊണ്ടുപോകുകയാണ് ശരിയായ വഴി. ജനസേവനവും രാഷ്ട്ര നിര്‍മാണവുമാണ് രാഷ്ട്രീയത്തിന്റെ ലക്ഷ്യം. ജനങ്ങളുടെ ജീവനും ജീവിതവും സംരക്ഷിക്കുകയും അവരുടെ കണ്ണീരൊപ്പുകയുമാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും ഭരണാധികാരികളുടെയും ഉത്തരവാദിത്വം. ജനങ്ങളുടെ ജീവനും നാടിന്റെ സ്വസ്ഥതക്കും ഭീഷണിയാണ് അക്രമ രാഷ്ട്രീയം. കുടുംബത്തിന്റെ അത്താണികളായ, ഭാവിയുടെ പ്രതീക്ഷകളായ എത്രയെത്ര ജീവിതങ്ങളെയാണ് അക്രമ രാഷ്ട്രീയം പിഴുതെറിഞ്ഞത്. എത്രയെത്ര കുടുംബങ്ങളാണ് ഇപ്പോഴും അവരെയോര്‍ത്ത് കണ്ണീരൊഴുക്കുന്നത്. ഓരോ കൊലപാതകവും രാഷ്ട്രീയമായി തങ്ങള്‍ക്കെത്രത്തോളം നേട്ടമുണ്ടാക്കിയെന്നതിനെക്കുറിച്ചല്ല, ഇരകളുടെ കുടുംബങ്ങള്‍ അനുഭവിക്കുന്ന കടുത്ത വേദനകളെക്കുറിച്ചായിരിക്കണം പാര്‍ട്ടി നേതൃത്വങ്ങള്‍ ആലോചിക്കേണ്ടത്. തന്റെ കുടുംബത്തിലാണ് ഇത്തരമൊരു ദുരന്തം സംഭവിച്ചതെങ്കില്‍ എന്നാലോചിക്കാനുള്ള വിവേക ബുദ്ധി പ്രകടിപ്പിക്കണം. രാഷ്ട്രീയ കുടിപ്പകയും വിദ്വേഷവും നിറഞ്ഞ മനസ്സുകളിലേക്ക് കനിവിന്റെയും അലിവിന്റെയും സ്‌നേഹധാര ഒഴുക്കിവിടാന്‍ നേതൃത്വങ്ങള്‍ക്ക് കഴിയണം. എങ്കില്‍ രാഷ്ട്രീയ രംഗത്ത് അത്ഭുതാവഹമായ മാറ്റങ്ങള്‍ സൃഷ്ടിക്കാം. അതുവഴി സംസ്ഥാനത്ത് ശാന്തിയും സമാധാനവും നിറഞ്ഞ അന്തരീക്ഷം സംജാതമാകുകയും ചെയ്യും.