Kerala
ദിലീപിന് നീതി കിട്ടി,സര്‍ക്കാര്‍ അപ്പീലിനു പോകും, മറ്റു പണിയൊന്നുമില്ലല്ലോ; അടൂര്‍ പ്രകാശ്
ദിലീപിന് കോടതി തന്നെയാണ് നീതി നല്‍കിയത്. ഉന്നത പോലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ ഉണ്ടാക്കിയെടുത്ത കേസാണെന്ന് ദിലീപ് തന്നെ പറഞ്ഞിട്ടുണ്ട്.
പത്തനംതിട്ട| നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിന് നീതി ലഭ്യമായെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ദിലീപുമായി അടുത്ത ബന്ധമുണ്ട്. ഈ വിധി വ്യക്തിപരമായി സന്തോഷം നല്‍കുന്നുവെന്ന് അടൂര്‍ പ്രകാശ് പറഞ്ഞു. കലാകാരന്‍ എന്ന നിലയില്‍ മാത്രമല്ല, വ്യക്തിയെന്ന നിലയിലും ദിലീപിനെ സംബന്ധിച്ചിടത്തോളം നീതി ലഭ്യമായി. പത്തനംതിട്ടയില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയപ്പോഴാണ് അടൂര്‍ പ്രകാശിന്റെ പ്രതികരണം.
ഉന്നത പോലീസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ ഉണ്ടാക്കിയെടുത്ത ഗൂഢാലോചനയാണ് കേസുമായി ബന്ധപ്പെട്ട് നടന്നതെന്ന് ദിലീപ് പറഞ്ഞിട്ടുണ്ട്. അത്തരം കാര്യങ്ങളില്‍ താനല്ല അഭിപ്രായം പറയേണ്ടത്. സര്‍ക്കാര്‍ അപ്പീല്‍ പോകുമല്ലോ. സര്‍ക്കാരിന് മറ്റു പണിയൊന്നുമില്ലല്ലോ. ആരെയൊക്കെ ദ്രോഹിക്കാം എന്നാണ് സര്‍ക്കാര്‍ നോക്കുന്നത്. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം എന്ത് വേണമെങ്കിലും കെട്ടിച്ചമച്ചുണ്ടാക്കാന്‍ പറ്റുന്നതാണെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
തദ്ദേശ തെരഞ്ഞടുപ്പില്‍ യുഡിഎഫ് മികച്ച വിജയം നേടുമെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി. ഇത്തവണ സര്‍ക്കാര്‍ വിരുദ്ധത വോട്ടായി മാറും. ശബരിമല സ്വര്‍ണക്കൊളള നടത്തിയവര്‍ക്കെതിരായ വിധിയെഴുത്തുകൂടിയാകും വോട്ടെടുപ്പെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം നടിയെ ആക്രമിച്ച കേസില്‍ വിധിക്കെതിരെ സര്‍ക്കാര്‍ അപ്പീലിന് പോകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. വന്നത് അവസാനവിധി അല്ല. അതിജീവിതയ്‌ക്കെതിരായ സൈബര്‍ ആക്രമണത്തെയും വി ഡി സതീശന്‍ വിമര്‍ശിച്ചു. സാമൂഹിക മാധ്യമങ്ങള്‍ വില്‍പന ചരക്കാക്കി മാറ്റിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ അല്ല കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും വിഡി സതീശന്‍ പ്രതികരിച്ചു.
അതിനിടെ, നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനായ നടന്‍ ദിലീപ് നിയമ നടപടിക്കൊരുങ്ങുന്നു. തനിക്കെതിരെ ഗൂഢാലോചന നടന്നു. പ്രത്യേക അന്വേഷണ സംഘം സര്‍ക്കാറിനെ തെറ്റിദ്ധരിപ്പിച്ചുവെന്നുമാണ് ദിലീപിന്റെ ആരോപണം. തന്നെയും കുടുംബത്തെയും സാമൂഹികമായി ഒറ്റപ്പെടുത്താന്‍ ശ്രമം നടന്നു. വിധി പകര്‍പ്പ് ലഭിച്ച ശേഷം നിയമനടപടിയിലേക്ക് നീങ്ങുമെന്നും ദിലീപ് പറഞ്ഞു. കേസില്‍ എട്ടാം പ്രതിയായിരുന്നു ദിലീപ്.

