Connect with us

parlament winter sesson

സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എം പിമാരുടെ ധര്‍ണ ഇന്ന്

ഇരുസഭകളിലും പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കും

Published

|

Last Updated

ന്യൂഡല്‍ഹി | കര്‍ഷക പ്രശ്‌നം ഉയര്‍ത്തിക്കാട്ടി പ്രതിഷേധിച്ചതിന്റെ പേരില്‍ പാര്‍ലിമെന്റില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട 12 എം പിമാരുടെ പ്രതിഷേധം ഇന്ന്. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എളമരം കരീം, ബിനോയ് വിശ്വം അടക്കമുള്ള 12 എം പിമാരും പാര്‍ലിമെന്റ് വളപ്പിലെ ഗാന്ധി പ്രതിമക്ക് മുമ്പില്‍ ധര്‍ണ ഇരിക്കും. ഇതേ സമയം വിഷയം ഉര്‍ത്തി ഇരു സഭകളിലും പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം.

എം പിമാരെ പുറത്താക്കാന്‍ അവകാശമുണ്ടെന്ന രാജ്യസഭ അധ്യക്ഷന്‍ വെങ്കയ്യനായിഡുവിന്റെ പ്രസ്ഥാവന പ്രതിപക്ഷത്തെ കൂടുതല്‍ പ്രകോപിപ്പിച്ചിട്ടുണ്ട്. പ്രതിപക്ഷവുമായി ചര്‍ച്ചയാവാമെന്നും മാപ്പ് പറഞ്ഞാല്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കാമെന്ന നിലപാടാണ് കേന്ദ്രത്തിനുള്ളത്. എന്നാല്‍ മാപ്പ് പറയില്ലെന്ന് പ്രതിപക്ഷം തറപ്പിച്ച് പറയുന്നു.

സസ്‌പെന്‍ഷന്‍ ചട്ടവിരുദ്ധമെന്ന പ്രതിപക്ഷ ആരോപണം അധ്യക്ഷന്‍ ഇന്നലെ തള്ളിയിരുന്നു. കഴിഞ്ഞ സമ്മേളനത്തില്‍ തന്നെ അംഗങ്ങളുടെ പേര് ചൂണ്ടിക്കാട്ടിയതാണ്. സഭക്കുള്ള അധികാരം ഉപയോഗിച്ചാണ് സസ്‌പെന്‍ഷന്‍ എന്നും വെങ്കയ്യ നായിഡു ന്യായീകരിച്ചു. രാവിലെ 16 പാര്‍ട്ടികളുടെ നേതാക്കള്‍ യോഗം ചേര്‍ന്ന ശേഷം വെങ്കയ്യ നായിഡുവിനെ കണ്ടിരുന്നു. സസ്‌പെന്‍ഷന്‍ പിന്‍വലിക്കണം എന്ന് ആശ്യപ്പെടുമ്പോഴും ഖേദം പ്രകടിപ്പിക്കില്ല എന്ന നിലപാടില്‍ പാര്‍ട്ടികള്‍ ഉറച്ചു നില്‍ക്കുകയാണ്.

വെങ്കയ്യ നായിഡുവിന്റെ നിലപാടില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇന്നലെ സഭയില്‍ നിന്നും ഇറങ്ങി പോയിരുന്നു. തുടര്‍ന്ന് അവര്‍ ഗാന്ധി പ്രതിമക്കു മുന്നില്‍ ധര്‍ണ നടത്തി. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചില്ലെങ്കില്‍ സമ്മേളനം ബഹിഷ്‌ക്കരിക്കണോ എന്ന് ആലോചനയുണ്ട്. സര്‍ക്കാറിന്റെ നിലപാട് നോക്കി ഇക്കാര്യം തീരുമാനിക്കും.

 

 

Latest