National
വെള്ളത്തിൽ മുങ്ങി ധരാളി; ഘീർഗംഗ നദി പൊടുന്നനെ സംഹാരതാണ്ഡവമാടി
നിരവധിപ്പേർ കുടുങ്ങികിടക്കുന്നതായി റിപോർട്ട്

ധരാളി | ഉത്തരകാശിയിലെ ധരാളി ഗ്രാമത്തിലുണ്ടായ മിന്നൽ പ്രളയത്തിൽ വിറങ്ങലിച്ച് ഉത്തരാഖണ്ഡ്. മേഘവിസ്ഫോടനത്തെ തുടർന്ന് ഘീർഗംഗ നദിയിൽ പൊടുന്നനെ മിന്നൽ പ്രളയമുണ്ടാവുകയും ധരാളി ഗ്രാമത്തിൻ്റെ ഒരു ഭാഗത്തെ തുടച്ചെടുക്കുകയുമായിരുന്നു. ശാന്തമായി ഒഴുകി കൊണ്ടിരുന്ന നദി ഉച്ചക്ക് 1.40 ഓടെ നിമിഷനേരം കൊണ്ട് സംഹാര താണ്ഡവമാടി. അതിശക്തമായെത്തിയ വെള്ളത്തിൽ കൂറ്റൻ കെട്ടിടങ്ങളടക്കം തകർന്നടിഞ്ഞു. നൂറോളം പേരെയാണ് കാണാതായത്. അഞ്ച് മരണം നിലവിൽ സ്ഥിരീകരിച്ചു. മരണസംഖ്യ ഇനിയും വർധിച്ചേക്കും.
സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിനോദ സഞ്ചാര കേന്ദ്രത്തിനടുത്തുള്ള ഗ്രാമമാണ് ധരാളി. ഇതിനാൽ നിരവധി ഹോട്ടലുകളും ഹോം സ്റ്റേകളും പ്രദേശത്തുണ്ടായിരുന്നു. ഇവയെല്ലാം കുത്തൊഴുക്കിൽ ഒലിച്ചുപോയി. ജനവാസ മേഖലയായതിനാൽ നിരവധി വീടുകളും മേഖലയിലുണ്ട്, കനത്ത നാശനഷ്ടമാണ് റിപോർട്ട് ചെയ്യുന്നത്. നിരവധിപ്പേർ കുടുങ്ങികിടക്കുന്നതായും റിപോർട്ടുകളുണ്ട്. മലവെള്ളം ഒലിച്ചെത്തുന്നത് ഉയരത്തിൽ നിൽക്കുന്നവർ കാണുകയും കൂകിവിളിച്ച് അടിവാരത്തിലുള്ള ആളുകളെ അറിയിക്കുകയും ചെയ്യുന്നത് വിഡിയോയിൽ കാണാം.
തുടർച്ചയായി മഴ പെയ്യുന്നത് രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്. എസ് ഡി ആർ എഫ്, ആർമി ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുകയാണെന്ന് ഉത്തരകാശി പോലീസ് അറിയിച്ചു.