Connect with us

temple and communist govt

ഇന്ദു മല്‍ഹോത്രക്ക് മറുപടിയുമായി ദേവസ്വം മന്ത്രി

2018 മുതല്‍ 2022 വരെ 449 കോടി രൂപയാണ് വിവിധ ദേവസ്വം ബോര്‍ഡുകള്‍ക്ക് അനുവദിച്ചത്.

Published

|

Last Updated

തിരുവനന്തപുരം | കമ്മ്യൂണിസ്റ്റ് സര്‍ക്കാറുകള്‍ ഹിന്ദു ക്ഷേത്രങ്ങള്‍ കൈയടക്കി എന്നും വരുമാനം ലക്ഷ്യമിട്ടാണ് ഇത് ചെയ്യുന്നതെന്നുമുള്ള സുപ്രീം കോടതി റിട്ട. ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ പരമാര്‍ശം വസ്തുതകള്‍ക്ക് നിരക്കാത്തതും തെറ്റിദ്ധാരണയില്‍ നിന്നും ഉടലെടുത്തതുമാണെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോ എല്‍ ഡി എഫ് സർക്കാറോ ഒരു ഹിന്ദു ക്ഷേത്രവും കൈയടക്കിയിട്ടില്ല. ഹിന്ദുമതത്തിലെ എല്ലാ വിഭാഗത്തിനും ആരാധന നടത്താനുള്ള അവകാശം നേടിക്കൊടുക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നടത്തിയ പോരാട്ടങ്ങള്‍ നാടിന്റെ ചരിത്രത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

കമ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വം നല്‍കിയ ഇടതുപക്ഷ സര്‍ക്കാറുകള്‍ എല്ലാ വിഭാഗത്തിന്റേയും ആരാധനയും വിശ്വാസങ്ങളും സംരക്ഷിക്കുന്നതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. അന്യാധീനപ്പെട്ട ദേവസ്വം ഭൂമി തിരിച്ചുപിടിക്കുന്നതിനും ക്ഷേത്ര ജീവനക്കാര്‍ക്ക് വ്യവസ്ഥാപിത രീതിയില്‍ ശമ്പളം കൊടുക്കുന്നതിനും ഒരു കാലത്ത് ക്ഷേത്ര പരിസരത്തു പോലും പ്രവേശനം നിഷേധിക്കപ്പെട്ട ജനതയെ ക്ഷേത്ര ജീവനക്കാരാക്കി മാറ്റുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചത് ഇടതുപക്ഷ സര്‍ക്കാറുകളുടെ കാലത്താണെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്ര വരുമാനം സര്‍ക്കാറുകള്‍ കൊണ്ടുപോകുന്നു എന്ന തീവ്ര ഹിന്ദുത്വ ശക്തികളുടെ കാലങ്ങളായുള്ള പ്രചാരണം ഉന്നത നീതിപീഠത്തില്‍ നിന്നും വിരമിച്ച ന്യായാധിപയേയും ഒരു പക്ഷേ സ്വാധീനിച്ചിട്ടുണ്ടാവാം. ഒരു ക്ഷേത്രത്തിന്റേയും വരുമാനം സര്‍ക്കാര്‍ ഇതുവരെ കൈയടക്കിയിട്ടില്ല. മറിച്ച് ദേവസ്വം ബോര്‍ഡുകളുടെ നടത്തിപ്പിനാവശ്യമായ സാമ്പത്തിക സഹായങ്ങള്‍ സര്‍ക്കാര്‍ നല്‍കിവരാറുണ്ട് എന്നതാണ് യാഥാര്‍ഥ്യം.

പ്രളയവും കൊവിഡും ദേവസ്വം ബോര്‍ഡുകളുടെ വരുമാനത്തില്‍ വലിയ തോതില്‍ പ്രതിസന്ധി സൃഷ്ടിച്ചപ്പോള്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ നടത്താനും ജീവനക്കാരുടെ ശമ്പളം നല്‍കാനുമായി സംസ്ഥാന സര്‍ക്കാര്‍ ബജറ്റ് വിഹിതമായും അല്ലാതെയും വിവിധ ദേവസ്വം ബോര്‍ഡുകള്‍ക്ക് 2018 മുതല്‍ 2022 വരെ അഞ്ച് വര്‍ഷത്തിനുള്ളില്‍ 449 കോടി രൂപയാണ് അനുവദിച്ചത്. ശബരിമല മാസ്റ്റര്‍പ്ലാന്‍ പോലുള്ള ബൃഹത്തായ വികസന പദ്ധതികള്‍ കാര്യക്ഷമമായി നടത്താനും സുഗമമായ തീര്‍ഥാടന സൗകര്യങ്ങള്‍ ഒരുക്കാനുമാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ നിലവില്‍ മുന്‍ഗണന നല്‍കുന്നത്. ഈ സാഹചര്യത്തില്‍ ജനങ്ങളെ ആകെ തെറ്റിദ്ധരിപ്പിച്ച് ഇടതുപക്ഷ ഗവണ്‍മെന്റിനെതിരെ തിരിച്ചുവിടാന്‍ കഴിയുമോ എന്ന ശ്രമമാണ് റിട്ട. ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര നടത്തിയത്. സുപ്രീം കോടതിയില്‍ ജഡ്ജി ആയിരുന്നപ്പോള്‍ ജസ്റ്റീസ് ഇന്ദു മല്‍ഹോത്രയുടെ മനസ്സ് എങ്ങനെയാണ് പ്രവര്‍ത്തിച്ചത് എന്ന് ഇത്തരം പ്രസ്ഥാവനകളില്‍ നിന്നും വ്യക്തമാകുകയാണെന്നും അദ്ദേഹം പറഞ്ഞു.

 

Latest