National
ഡല്‍ഹി വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണുണ്ടായ അപകടം; ഒന്നാം ടെര്‍മിനലിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു
ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ടെര്‍മിനല്‍ തുറക്കില്ല.
		
      																					
              
              
            ന്യൂഡല്‍ഹി| ഡല്‍ഹി വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണുണ്ടായ അപകടത്തെതുടര്‍ന്ന് ഒന്നാം ടെര്‍മിനലിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ടെര്‍മിനല്‍ തുറക്കില്ല. കഴിഞ്ഞ ദിവസം വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണ് ഒരാള്‍ മരിച്ചിരുന്നു. എട്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുണ്ടായ അപകടത്തില്‍ ടാക്സി ഡൈവറാണ് മരിച്ചത്. സംഭവത്തെതുടര്‍ന്ന് വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു വിമാനത്താവളം സന്ദര്‍ശിച്ചിരുന്നു. വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അന്വേഷണത്തിന് ഉത്തരവിട്ടുവെന്നും മന്ത്രി വിശദീകരിച്ചു.
മരിച്ച വ്യക്തിയുടെ കുടുംബത്തിന് 20 ലക്ഷം രൂപ ധനസഹായം നല്‍കുമെന്നും രാം മോഹന്‍ നായിഡു വ്യക്തമാക്കി. പരുക്കേറ്റവര്‍ക്ക് മൂന്ന് ലക്ഷം രൂപ നല്‍കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കനത്ത മഴയെ തുടര്‍ന്നാണ് അപകടം സംഭവിച്ചതെന്നാണ് പ്രാഥമികമായി വിലയിരുത്തുന്നത്.

            
								
          
            
								
          
            
								
          
            
								
          
            
								
          
            
								
          



