Connect with us

editorial

വോട്ടർ പട്ടികയിൽ വെട്ടിനിരത്തൽ

വോട്ടർ പട്ടികയിൽ നിന്ന് ആരുടെയെങ്കിലും പേര് നീക്കണമെങ്കിൽ ഫോറം-7ൽ അപേക്ഷിക്കണം. ഇങ്ങനെ നിരവധി വോട്ടർമാരെ കോൺഗ്രസ്സിന്റെ ശക്തി കേന്ദ്രങ്ങളിൽ നിന്ന് വെട്ടിമാറ്റിയിട്ടുണ്ടെങ്കിലും തങ്ങൾ അതിനപേക്ഷിച്ചിരുന്നില്ലെന്നാണ് പേരുകൾ ഒഴിവാക്കപ്പെട്ട മിക്കവരും പറയുന്നത്.

Published

|

Last Updated

വ്യാജ ഐ ഡികളിൽ നിന്നുള്ള ലോഗിൻ ഉപയോഗിച്ച് വോട്ടർ പട്ടിക അട്ടിമറിച്ചുവെന്ന പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ ആരോപണത്തിനു മുമ്പിൽ പിടിച്ചുനിൽക്കാനാകാതെ ഞൊണ്ടി ന്യായങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ. അന്വേഷണ ഏജൻസികൾക്ക് രേഖകൾ നൽകാൻ കമ്മീഷൻ കൂട്ടാക്കുന്നുമില്ല. വോട്ടർമാരുടെ പേര് ഓൺലൈനായി ഇല്ലാതാക്കാനാകില്ലെന്നാണ് രാഹുൽ ഗാന്ധിയുടെ ആരോപണത്തോട് പ്രതികരിക്കവെ കമ്മീഷണർ പറഞ്ഞത്. സാങ്കേതിക വിദ്യ അത്യപൂർവ വളർച്ച നേടിയ ഇക്കാലത്ത് ഇതും ഇതിലപ്പുറവും നടക്കുമെന്ന് ആർക്കാണറിയാത്തത്. അട്ടിമറിയുടെ ഗുണഭോക്താക്കൾ കേന്ദ്ര ഭരണകക്ഷിയും കമ്മീഷൻ അവരുടെ ചട്ടുകവുമായി മാറുമ്പോൾ പ്രത്യേകിച്ചും.

കോൺഗ്രസ്സിന്റെ ശക്തികേന്ദ്രങ്ങളിൽ സോഫ്റ്റ്‌വെയർ സഹായത്തോടെ വോട്ടർമാരുടെ പേരുകൾ വെട്ടിമാറ്റിയ കാര്യം, കർണാടകയിലെ അലന്ദ് നിയമസഭാ മണ്ഡലത്തിൽ ഈ കള്ളക്കളിക്ക് ഇരകളായ വോട്ടമാരെ അണിനിരത്തി അവരുടെ സാക്ഷ്യത്തോടെയാണ് രാഹുൽ ഗാന്ധി കഴിഞ്ഞ ദിവസം പത്രസമ്മേളനത്തിൽ സമൂഹത്തെ ബോധ്യപ്പെടുത്തിയത്. വോട്ടർ പട്ടികയിൽ നിന്ന് ആരുടെയെങ്കിലും പേര് നീക്കണമെങ്കിൽ ഫോറം-7ൽ അപേക്ഷിക്കണം. ഇങ്ങനെ നിരവധി വോട്ടർമാരെ കോൺഗ്രസ്സിന്റെ ശക്തി കേന്ദ്രങ്ങളിൽ നിന്ന് വെട്ടിമാറ്റിയിട്ടുണ്ടെങ്കിലും തങ്ങൾ അതിനപേക്ഷിച്ചിരുന്നില്ലെന്നാണ് പേരുകൾ ഒഴിവാക്കപ്പെട്ട മിക്കവരും പറയുന്നത്.

അലന്ദ് മണ്ഡലത്തിലെ സൂര്യകാന്ത് എന്ന വ്യക്തി 12 പേരെ പട്ടികയിൽ നിന്ന് നീക്കാൻ അപേക്ഷിച്ചതായി കാണുന്നുണ്ട്. ഇക്കാര്യം താൻ അറിയില്ലെന്നും അങ്ങനെയൊരു അപേക്ഷ നൽകിയിട്ടില്ലെന്നുമാണ് രാഹുൽ ഗാന്ധിയോടൊപ്പം മാധ്യമപ്രവർത്തരുടെ മുമ്പിൽ ഹാജരായ സുര്യകാന്ത് പറഞ്ഞത്. സൂര്യകാന്തിന്റെ അപേക്ഷയിൽ ഉൾപ്പെട്ട ബബിത എന്ന സ്ത്രീയും പേര് വെട്ടാൻ അപേക്ഷിച്ചിരുന്നില്ലെന്ന് വെളിപ്പെടുത്തി. രേഖ പ്രകാരം 12 പേരെ വെട്ടിമാറ്റാൻ അപേക്ഷ നൽകിയതായി കാണുന്ന ഗോദാബായി എന്ന സ്ത്രീയും തന്റെ പേരിലുള്ള അപേക്ഷ വ്യാജമാണെന്ന് പറയുന്നു.

അലന്ദിൽ 2023ൽ ആറായിരത്തോളം വോട്ടർമാരെ വെട്ടിനിരത്താൻ ശ്രമം നടന്നതായി അന്വേഷണത്തിൽ കണ്ടെത്തിയെന്നാണ് കോൺഗ്രസ്സ് വൃത്തങ്ങൾ പറയുന്നത്. പ്രദേശത്തെ അങ്കൺവാടി ടീച്ചർ കൂടിയായ ബൂത്ത് ലെവൽ ഓഫീസറാണ് ഈ വെട്ടിനിരത്തൽ കണ്ടെത്തിയത്. തന്റെ സഹോദരന്റെയും കുടുംബത്തിന്റെയും പേരുകൾ പട്ടികയിൽ നിന്ന് നീക്കം ചെയ്യാൻ ആവശ്യപ്പെടുന്ന ഫോറം-7 അവരുടെ ശ്രദ്ധയിൽപെട്ടു. സഹോദരനോട് തിരക്കിയപ്പോൾ അങ്ങനെ അപേക്ഷ നൽകിയിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്. തുടർന്ന് ബി എൽ ഒ നടത്തിയ അന്വേഷണത്തിൽ ഒരു ഗ്രാമത്തിൽ ഇത്തരത്തിൽ 47 വ്യാജ അപേക്ഷ കണ്ടെത്താനായി.

മണ്ഡലത്തിൽ പേര് ഒഴിവാക്കാൻ ലഭിച്ച 6,018 അപേക്ഷകളിൽ നിയമപ്രകാരമുള്ളത് 24 എണ്ണം മാത്രമാണെന്ന് റിട്ടേണിംഗ് ഓഫീസർ പോലീസിന് നൽകിയ റിപോർട്ടിൽ പറയുന്നുമുണ്ട്. വോട്ട് അപഹരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുസമൂഹത്തെ അറിയിക്കാനായി “വോട്ട്‌ചോരി’എന്ന പേരിൽ വെബ്‌സൈറ്റും തുടങ്ങിയിട്ടുണ്ട് കോൺഗ്രസ്സ്.

കർണാടകയിൽ സംസ്ഥാനത്തിനു പുറത്തുനിന്നുള്ള ലോഗിൻ ഐ ഡികളും വ്യാജ നമ്പറുകളും ഉപയോഗിച്ചാണ് വോട്ടർ പട്ടിക അട്ടമറി നടത്തിയതെന്നാണ് വിലയിരുത്തപ്പെടുന്നത്. വോട്ടുകൾ നീക്കം ചെയ്യാൻ ഉപയോഗിച്ച സെൽഫോൺ നമ്പറുകൾ കണ്ടെത്തിയിട്ടുണ്ട്.

ഇതേക്കുറിച്ച് കർണാടകയിലെ രഹസ്യാന്വേഷണ ഏജൻസി അന്വേഷണം നടത്തിവരികയാണ്. അന്വേഷണ ഉദ്യോഗസ്ഥർ കഴിഞ്ഞ ഒന്നര വർഷത്തിനിടെ 18 തവണ ഇതുസംബന്ധിച്ച വിവരങ്ങൾ ആവശ്യപ്പെട്ടിട്ടും അതുനൽകാതെ രാഹുലിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ആവർത്തിച്ച് ആരോപിച്ച് തടിതപ്പുകയാണ് കമ്മീഷൻ. തങ്ങളുടെ ഭാഗം ക്ലിയറാണെങ്കിൽ ആവശ്യപ്പെട്ട രേഖകളും വിവരങ്ങളും നൽകുന്നതിൽ എന്തിനു വൈമനസ്യം കാണിക്കണം?
കോൺഗ്രസ്സ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷി വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യുന്നതിനു പുറമെ ബി ജെ പിക്ക് സഹായകമായ വിധത്തിൽ വ്യാജവോട്ടർമാരെ പട്ടികയിൽ കടത്തിക്കൂട്ടിയതായും കണ്ടെത്തിയിട്ടുണ്ട്. ബി ജെ പി നേതാവ് സുരേഷ്‌ഗോപി വിജയിച്ച തൃശൂർ മണ്ഡലത്തിൽ ഉത്തരവാദപ്പെട്ടവർക്ക് നിഷേധിക്കാനാകാത്ത വിധം പ്രകടമാണ്
ഈ കള്ളക്കളി.

വോട്ടർ പട്ടികയിൽ പുതുതായി ആളെ ചേർക്കുന്നതിന് അവസാന ദിവസങ്ങളിൽ ലഭിക്കുന്ന അപേക്ഷകൾ സമയക്കുറവ് കാരണം മതിയായ അന്വേഷണം നടത്താതെ അംഗീകരിക്കുന്നത് സാധാരണമാണ്. പ്രത്യേകമായ ഈ സാഹചര്യം മുതലെടുത്താണ് തൃശൂർ ലോക്‌സഭാ മണ്ഡലത്തിലും ഉത്തരേന്ത്യയിൽ പ്രമുഖർ മത്സരിക്കുന്ന മണ്ഡലങ്ങളിലും ബി ജെ പി വ്യാജവോട്ടുകൾ വൻതോതിൽ ചേർത്തതെന്നാണ് അനുമാനിക്കപ്പെടുന്നത്.

പ്രതിരോധത്തിലായ മോദി ഭരണകൂടം ഇക്കാര്യത്തിലും വർഗീയതയും വിഭാഗീയതയും സൃഷ്ടിച്ച് മുഖം രക്ഷിക്കാനുള്ള ശ്രമത്തിലാണ്. ബംഗ്ലാദേശിൽ നിന്ന് നുഴഞ്ഞുകയറിവരെ സഹായിക്കാനാണ് രാഹുൽ ഗാന്ധിയുടെ ശ്രമമെന്നാണ് വോട്ട് അപഹരണ ആരോപണത്തെക്കുറിച്ച് ബിഹാറിലെ റോഹ്താസിൽ സംസാരിക്കവെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കുറ്റപ്പെടുത്തിയത്. കുടിയേറ്റക്കാർക്ക് വോട്ടവകാശവും സൗജന്യറേഷനും ജോലിയും വീടും നൽകണമെന്നാണ് രാഹുൽ ഗാന്ധി പറയുന്നതെന്നും ഷാ ആരോപിച്ചു. വിഭാഗീയത സൃഷ്ടിച്ച് വിഷയത്തിൽ നിന്ന് ജനശ്രദ്ധ തെറ്റിക്കുകയായിരിക്കണം
അദ്ദേഹത്തിന്റെ ലക്ഷ്യം.

Latest