Kerala
യു ഐ ഡി ഇല്ലാത്തവരായി കണ്ടെത്തിയ കുട്ടികളുടെ കാര്യത്തില്‍ തീരുമാനം വൈകുന്നു; അധ്യാപക തസ്തികകള്‍ നഷ്ടപ്പെടുന്ന സാഹചര്യം
യു ഐ ഡി ഇല്ലാത്ത 57,130 കുട്ടികളെയാണ് ഇനിയും കണക്കില്‍ ഉള്‍പ്പെടുത്താനുള്ളത്.

പത്തനംതിട്ട | 2025-26 അധ്യയന വര്‍ഷം സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പ്രവേശനം നേടിയ കുട്ടികളില്‍ യു ഐ ഡി ഇല്ലാത്തവരായി കണ്ടെത്തിയ കുട്ടികളുടെ കാര്യത്തില്‍ തീരുമാനം വൈകുന്നു. ഇതോടെ സ്‌കൂളുകളിലെ തസ്തിക നിര്‍ണയ നടപടികളും അനിശ്ചിതത്വത്തിലായി. ജൂണിലെ ആറാം പ്രവൃത്തിദിന കണക്കെടുപ്പില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളില്‍ പ്രവേശനം നേടിയിട്ടുള്ള കുട്ടികളില്‍ 34,03,633 പേര്‍ക്കാണ് യു ഐ ഡി ഉള്ളത്. ഇവരെ മാത്രമാണ് അംഗീകൃത രേഖകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. യു ഐ ഡി ഇല്ലാത്ത 57,130 കുട്ടികളെയാണ് ഇനിയും കണക്കില്‍ ഉള്‍പ്പെടുത്താനുള്ളത്. യു ഐ ഡി ഇല്ലാത്തവരായി ഏറ്റവുമധികം കുട്ടികളുള്ളത് മലപ്പുറം ജില്ലയിലാണ്.
ആറാം പ്രവൃത്തിദിനം നടത്തിയ കണക്കെടുപ്പില്‍ തിരൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ 5,509 കുട്ടികള്‍ക്ക് യു ഐ ഡി ഹാജരാക്കാനായിട്ടില്ല. മലപ്പുറം വിദ്യാഭ്യാസ ജില്ലയില്‍ 4,323 പേര്‍ക്കും തിരൂരങ്ങാടിയില്‍ 4,053 പേര്‍ക്കും വണ്ടൂരില്‍ 1,587 പേര്‍ക്കും യു ഐ ഡി ഇല്ല. കെ ഇ ആറിന്റെ ബന്ധപ്പെട്ട ചട്ടത്തില്‍ വരുത്തിയ ഭേദഗതി പ്രകാരം ഓരോ അധ്യയന വര്‍ഷവും ആറാം പ്രവൃത്തിദിനത്തില്‍ പ്രവേശനം നേടുന്ന യു ഐ ഡി ഉള്ള കുട്ടികളുടെ എണ്ണമാണ് തസ്തിക നിര്‍ണയത്തിന് പരിഗണിക്കുന്നത്. സാങ്കേതിക പ്രശ്‌നങ്ങളില്‍ കുടുങ്ങിയാണ് പല കുട്ടികള്‍ക്കും സമയബന്ധിതമായി യു ഐ ഡി ലഭിക്കാതെ പോയത്. ഇവരില്‍ പലര്‍ക്കും ജൂണ്‍ 30നകം യു ഐ ഡി ലഭിച്ചുവെങ്കിലും അതുപോലും ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറായതുമില്ല.
കണക്കെടുപ്പ് ദിവസമോ അതിനു മുമ്പോ യു ഐ ഡി ഹാജരാക്കിയ കുട്ടികളുടെ വിവരങ്ങളാണ് ബന്ധപ്പെട്ട സൈറ്റുകള്‍ വഴി നല്‍കാനായത്. അതിനുശേഷം യു ഐ ഡി ലഭിച്ചവരെ പോലും ഉള്‍പ്പെടുത്താന്‍ തയ്യാറായില്ല. മുന്‍വര്‍ഷങ്ങളില്‍ ഇക്കാര്യത്തില്‍ ചില ഇളവുകള്‍ നല്‍കുമായിരുന്നുവെങ്കിലും ഇക്കൊല്ലം വിദ്യാഭ്യാസ വകുപ്പ് കര്‍ശന നിലപാട് സ്വീകരിച്ചതോടെ സംസ്ഥാനത്തെ പല സ്‌കൂളുകളിലും അധ്യാപക തസ്തികകള്‍ നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. യു ഐ ഡി ലഭ്യതയുടെ അടിസ്ഥാനത്തിലാണ് സൗജന്യ യൂണിഫോം പദ്ധതിയും നടപ്പാക്കുന്നത്. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളില്‍ മാത്രമാണ് യു ഐ ഡി നിര്‍ബന്ധമല്ലാത്തത്. യു ഐ ഡി ഇല്ലാത്ത കുട്ടികള്‍ സ്‌കൂളുകളില്‍ ഉണ്ടെങ്കില്‍ ഒരു ക്ലാസില്‍ അനുവദിച്ച എണ്ണത്തേക്കാള്‍ കൂടുതല്‍ കുട്ടികള്‍ ആ ക്ലാസില്‍ ഇരുന്നു പഠിക്കേണ്ട സാഹചര്യവും പലയിടങ്ങളിലും സംജാതമായിട്ടുണ്ട്. ഇതിലൂടെ പുതിയ തസ്തിക സൃഷ്ടിക്കാതെ സര്‍ക്കാരിന് ലാഭകരമാകുകയും ചെയ്യും.
ഓരോ അധ്യയനവര്‍ഷത്തെയും പാഠപുസ്തക അച്ചടി സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനായി ഇതുസംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഓരോ വര്‍ഷവും നവംബറിലാണ് ആരംഭിക്കുന്നത്. പാഠപുസ്തകങ്ങള്‍ക്കുള്ള ഇന്‍ഡന്റ് മുന്‍വര്‍ഷത്തെ യു ഐ ഡി അടിസ്ഥാനമാക്കി രേഖപ്പെടുത്താനാണ് സര്‍ക്കുലറിലൂടെ നിര്‍ദേശം നല്‍കാറുള്ളത്. പാഠപുസ്തക ഇന്‍ഡന്റ് മുന്‍കൂട്ടി രേഖപ്പെടുത്തുന്നതിനാല്‍ ആകെ കുട്ടികളുടെ രണ്ട് ശതമാനം ഇന്‍ഡന്റ് അധികരിച്ചു രേഖപ്പെടുത്താന്‍ അനുമതി നല്‍കാറുണ്ട്. എന്നാല്‍, ഇക്കുറി അതിലുമേറെയാണ് പല സ്‌കൂളുകളിലും യു ഐ ഡി ഉള്ളവരും ഇല്ലാത്തവരും തമ്മിലുള്ള അന്തരം. യു ഐ ഡി ലഭ്യമാകാത്ത കുട്ടികള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തില്‍ പ്രവേശന പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യത്തിന്മേല്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചിരിക്കുകയാണ്. അധ്യാപക, അനധ്യാപക തസ്തിക നിര്‍ണയത്തില്‍ യു ഐ ഡി മാനദണ്ഡം ഒഴിവാക്കണമെന്ന ആവശ്യത്തിന്മേല്‍ തീരുമാനമായിട്ടില്ലെന്നാണ് ഇതിനോടകം നിയമസഭയില്‍ അടക്കം വ്യക്തമാക്കിയിരിക്കുന്നത്.