From the print
ഒാട്ടോ ഡ്രൈവറുടെ മരണം; ഗുരുതര ആരോപണവുമായി ബന്ധുക്കൾ
ജീപ്പ് ഓടിച്ചിരുന്ന സുമിൽ ഷാദും നവാസും തമ്മിൽ വ്യക്തിവൈരാഗ്യമുണ്ടായിരുന്നെന്നും ചൂണ്ടിക്കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകി.

കൽപ്പറ്റ | വയനാട് ചുണ്ടേലിൽ ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർ ചുണ്ടേൽ കാപ്പ്കുന്ന് സ്വദേശി കുന്നത്ത് പിടിയേക്കൽ നവാസ് (40) മരിച്ച സംഭവത്തിൽ ഗുരുതര അരോപണവുമായി ബന്ധുക്കളും നാട്ടുകാരും രംഗത്ത്. അപകടം ആസൂത്രിതമാണെന്നും കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് അപകടമുണ്ടാക്കിയതെന്നും ബന്ധുക്കൾ ആരോപിച്ചു. ജീപ്പ് ഓടിച്ചിരുന്ന സുമിൽ ഷാദും നവാസും തമ്മിൽ വ്യക്തിവൈരാഗ്യമുണ്ടായിരുന്നെന്നും ചൂണ്ടിക്കാട്ടി ബന്ധുക്കൾ പോലീസിൽ പരാതി നൽകി.
തിങ്കളാഴ്ച രാവിലെയാണ് ചുണ്ടേൽ അമ്മാറ ആനോത്ത് റോഡിൽ ഥാർ ജീപ്പും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവറായ നവാസ് മരിക്കുന്നത്. ജീപ്പ് ഓടിച്ചിരുന്നത് സുമിൽഷാദായിരുന്നു. ഇയാളുടെ ഹോട്ടലും നവാസിന്റെ സ്റ്റേഷനറിക്കടയും ചുണ്ടേൽ-കോഴിക്കോട് റോഡിന് ഇരുവശത്തായാണ്.
കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കൊലപാതകമാണിതെന്ന് നവാസിന്റെ ബന്ധു അബ്ദുർ റശീദ് മാധ്യമങ്ങളോട് പറഞ്ഞു. ഗൂഢാലോചനയിൽ ഒന്നിലധികം പേർ ഉൾപ്പെട്ടിട്ടുണ്ടെന്നും നവാസിനെ വിളിച്ചുവരുത്തി നടത്തിയ അപകടമാണെന്നും അദ്ദേഹം പറഞ്ഞു.
ചുണ്ടേലിൽ നവാസ് ഏറെ നേരം കാത്തുനിൽക്കുകയും ഫോൺ വന്നപ്പോൾ പെട്ടെന്ന് എടുത്ത് നടന്നു പോകുകയും ചെയ്യുന്ന സി സി ടി വി ദൃശ്യങ്ങളുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു. ഇരുവാഹനങ്ങൾക്കും നൂറ് മീറ്ററോളം ദൂരക്കാഴ്ച കിട്ടുന്ന സ്ഥലത്തെ അപകടം ദുരൂഹമാണെന്ന് നാട്ടുകാരും പരാതിപ്പെട്ടു.
അതേസമയം, മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന സുമിൽഷാദ് പോലീസ് നിരീക്ഷണത്തിലാണ്. നിലവിൽ മനഃപൂർവമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിട്ടുള്ളത്. ബന്ധുക്കളുടെ ആരോപണമടക്കമുള്ള കാര്യങ്ങളിൽ അന്വേഷണം തുടരുകയാണെന്ന് പോലീസ് വ്യക്തമാക്കി. പിന്നാലെ നാട്ടുകാർ സുമിൽഷാദിന്റെ ഹോട്ടൽ അടിച്ചുതകർത്തു. ചുണ്ടേലിൽ നിന്ന് അമ്മാറ ആനോത്ത് വഴി പൊഴുതനയിലേക്ക് പോകുന്ന റോഡിൽ ഹാരിസൺസ് മലയാളം പ്ലാന്റേഷൻ എസ്റ്റേറ്റ് ഫാക്ടറിക്ക് സമീപത്തെ ഇറക്കത്തിലാണ് അപകടമുണ്ടായത്.