Kerala
ട്രംപിനെതിരെ മിണ്ടാതെ മോദി; അമേരിക്കക്കെതിരെ ശബ്ദമുയര്‍ത്തി ആര്‍ എസ് എസ്
സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും മിശിഹ എന്ന വ്യാജേന, അമേരിക്ക ലോകത്ത് ഭീകരതയെയും സ്വേച്ഛാധിപത്യത്തെയും പ്രോത്സാഹിപ്പിക്കുകയാണെന്ന് ഓര്‍ഗനൈസര്‍ പറയുന്നു

ന്യൂഡല്‍ഹി | അമേരിക്ക ഇന്ത്യക്കെതിരെ നികുതിയുദ്ധം തുടരുമ്പോഴും പ്രധാന മന്ത്രി നരേന്ദ്രമോദി സുഹൃത്തായ പ്രസിഡന്റ് ട്രംപിനെ തള്ളിപ്പറയാതിരിക്കെ, അമേരിക്കക്കെതിരെ ശബ്ദമുയര്‍ത്തി ആര്‍ എസ് എസ് മുഖപത്രം ഓര്‍ഗനൈസര്‍.
സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും മിശിഹ എന്ന വ്യാജേന, അമേരിക്ക ലോകത്ത് ഭീകരതയെയും സ്വേച്ഛാധിപത്യത്തെയും പ്രോത്സാഹിപ്പിക്കുകയാണെന്ന് ഓര്‍ഗനൈസര്‍ പറയുന്നു. അധിക തീരുവയിലൂടെ ഇന്ത്യയെ അടിച്ചമര്‍ത്താനാണ് ട്രംപ് ശ്രമിച്ചതെന്നും വ്യാപാര യുദ്ധങ്ങളും താരിഫുകളും മറ്റൊരു രാജ്യത്തിന്റെ പരമാധികാരത്തെ ദുര്‍ബലപ്പെടുത്തുന്നതിനുമുള്ള പുതിയ ഉപകരണങ്ങളാണെന്നും ചൂണ്ടിക്കാട്ടുന്നു.
ഐക്യരാഷ്ട്രസഭ, ലോക വ്യാപാര സംഘടന തുടങ്ങിയ അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ അപ്രസക്തവും കാര്യക്ഷമവുമല്ലെന്നും സൈനിക ശക്തിയിലും സാമ്പത്തിക ചൂഷണത്തിലും അധിഷ്ഠിതമായ അമേരിക്ക കുത്തകയാക്കി വച്ചിരുന്ന അനിയന്ത്രിതമായ ലോകക്രമം തകര്‍ത്തുകൊണ്ടിരിക്കുകയാണെന്നും എഡിറ്റോറിയല്‍ വിമര്‍ശിച്ചു.
ലോക മഹായുദ്ധത്തിന് ശേഷം ലോകമെമ്പാടും ജനാധിപത്യം, സ്ഥിരത, സമാധാനം എന്നിവ വ്യാപിക്കുമെന്ന് കരുതിയിരുന്നു. ഇപ്പോള്‍ അമേരിക്കന്‍ ഏക ധ്രുവ ലോകം അധഃപതനത്തിലേക്ക് നീങ്ങുകയാണെന്നും ഓര്‍ഗനൈസര്‍ വിമര്‍ശിച്ചു. റഷ്യയില്‍ നിന്ന് എണ്ണ വാങ്ങല്‍ തുടരുന്നതിന് മറുപടിയായാണ് ഇന്ത്യയ്ക്ക് പകരം തീരുവ അമേരിക്ക കുത്തനെ ഉയര്‍ത്തിയത്.