Kerala
ചോറ്റാനിക്കര പോക്സോ അതിജീവിതയുടെ മരണം: പ്രതിക്കെതിരെ കുറ്റകരമായ നരഹത്യ
കുറ്റപത്രം സമർപ്പിച്ചു

കൊച്ചി | ചോറ്റാനിക്കരയിലെ പോക്സോ അതിജീവിതയുടെ മരണത്തിൽ കുറ്റപത്രം സമർപ്പിച്ചു. ആൺ സുഹൃത്ത് അനൂപിനെതിരെ കുറ്റകരമായ നരഹത്യ, ബലാത്സംഗ ശ്രമം, ആയുധം ഉപയോഗിച്ച് മുറിവേൽപ്പിക്കുക തുടങ്ങിയ വകുപ്പുകൾ ചുമത്തി. ചോറ്റാനിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
നൂറോളം സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതിയുടെ സി സി ടി വി ദൃശ്യങ്ങളും ആക്രമിക്കാൻ ഉപയോഗിച്ച ആയുധങ്ങളും ലഭിച്ചിട്ടുണ്ട്. അനൂപിനെതിരെ കൊലക്കുറ്റം ചുമത്തില്ലെന്ന് നേരത്തെ തന്നെ പൊലീസ് വ്യക്തമാക്കിയിരുന്നു. പോസ്റ്റ്‌മോർട്ടം റിപോർട്ടിലെ കണ്ടെത്തലിനെ അടിസ്ഥാനമാക്കിയായിരുന്നു കൊലക്കുറ്റം ഒഴിവാക്കിയത്. കഴുത്തിലിട്ട കുരുക്കാണ് മസ്തിഷ്‌ക മരണത്തിന് കാരണമെന്നായിരുന്നു പോസ്റ്റുമോർട്ടത്തിലെ കണ്ടെത്തൽ.
ജനുവരി 26നാണ് പോക്സോ അതിജീവിതയെ വീടിനുള്ളിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ വീട്ടിലെത്തി പ്രതി ആക്രമണം നടത്തുകയായിരുന്നു. സുഹൃത്തായ ഇയാൾ നേരത്തേയും പെൺകുട്ടിയുടെ വീട്ടിൽ വരാറുണ്ടായിരുന്നു. ഇയാൾ പെൺകുട്ടിയുടെ തല ഭിത്തിയിലിടിക്കുകയും ശ്വാസം മുട്ടിക്കാൻ ശ്രമിക്കുകയും ചെയ്തു. ക്രൂരമായ ആക്രമണത്തെ തുടർന്ന് പെൺകുട്ടി ഷാളിൽ തൂങ്ങി ജീവനൊടുക്കാൻ ശ്രമിച്ചു. ഇതിന് പിന്നാലെ ഇയാൾ ഷാൾ മുറിച്ച് പെൺകുട്ടിയെ താഴെയിടുകയായിരുന്നു.