Connect with us

kpcc list

പട്ടിക ജാതിക്കാര്‍ക്ക് കടുത്ത അവഗണനയെന്ന് ദളിത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍

എന്നാല്‍, മുതിര്‍ന്ന നേതാക്കള്‍ക്ക് തെരുവിലിറങ്ങേണ്ടി വരില്ലെന്നാണ് പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ പ്രതികരണം

Published

|

Last Updated

തിരുവനന്തപുരം | കെ പി സി സി ഭാരവാഹിപ്പട്ടിക പുറത്ത് വന്നതിന് പിന്നാലെ പ്രതിഷേധമുയര്‍ത്ത് സംസ്ഥാന ദളിത് കോണ്‍ഗ്രസ് നേതാവ് കെ കെ ഷാജു. പട്ടിക ജാതിക്കാര്‍ക്ക് ഭാരവാഹിപ്പട്ടികയില്‍ തികഞ്ഞ അവഗണനയാണെന്ന് ഷാജു പറഞ്ഞു. കെ സുധാകരന്‍ വാക്ക് പാലിച്ചില്ലെന്നും കെ കെ ഷാജു ആരോപിച്ചു. ദളിത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ആണ് കെ കെ ഷാജു.

എന്നാല്‍, മുതിര്‍ന്ന നേതാക്കള്‍ക്ക് തെരുവിലിറങ്ങേണ്ടി വരില്ലെന്നാണ് പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്റെ പ്രതികരണം. പാര്‍ട്ടിയാണ് വലുത് എന്ന് കരുതുന്നവര്‍ പ്രതിഷേധിക്കില്ല. അസംതൃപ്തി ഉള്ളവര്‍ ഉണ്ടാകാമെന്നും കെ സുധാകരന്‍ വ്യക്തമാക്കി. അവര്‍ക്ക് മറ്റ് ചുമതല നല്‍കും. പട്ടിക തയ്യാറാക്കിയത് ആവശ്യമായ കൂടയാലോചനകള്‍ക്ക് ശേഷമാണന്നും അദ്ദേഹം വ്യക്തമാക്കി. കഴിവാണ് മാനദണ്ഡമാക്കിയതെന്നും സാമുദായിക സമവാക്യങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നതെന്നും കെ പി സി സി നിര്‍ദ്ദേശിച്ച പട്ടിക അതേപടി അംഗീകരിച്ചെന്നും കെ സുധാകരന്‍ വ്യക്തമാക്കി.

നിലവില്‍ അമ്പത്തി ആറ് അംഗ ഭാരവാഹിപ്പട്ടികയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തേ 12 വൈസ് പ്രസിഡന്റുമാര്‍ ഉണ്ടായിരുന്നത് ഇപ്പോള്‍ നാലായി കുറച്ചിരിക്കുന്നു എന്നത് ഉള്‍പ്പെടെ ജംബോ പട്ടികയിലേക്ക് ഇത്തവണ നീണ്ടില്ല എന്നത് നേതൃത്വത്തിന്റെ വിജയമായാണ് കണക്കാക്കപ്പെടുന്നത്. 42 ജനറല്‍ സെക്രട്ടറിമാര്‍ ഉണ്ടായിരുന്നത് 23 ആയി കുറച്ചു. മൂന്ന് ജനറല്‍ സെക്രട്ടറിമാരും രണ്ട് എക്‌സിക്യൂട്ടീവ് അംഗങ്ങളും ഉള്‍പ്പെടെ നാമമാത്രമായ വനിതാ പ്രാതിനിധ്യമാണ് പട്ടികയില്‍ ഉള്ളത്. സെക്രട്ടറിമാരില്‍ വനിതകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ഉണ്ടാകുമെന്നാണ് ഇതിനെക്കുറച്ച് ആരാഞ്ഞപ്പോള്‍ കെ പി സി സി പ്രസിഡന്റ് ചൂണ്ടിക്കാട്ടിയത്. എന്നാല്‍, ഡി സി സി പ്രസിഡന്റ് പട്ടിക പ്രഖ്യാപിച്ചപ്പോഴും വനിതാ പ്രാതിനിധ്യം ഇല്ലാത്തത് ചൂണ്ടിക്കാട്ടിയപ്പോള്‍ കെ പി സി സി പട്ടികയില്‍ വനിതാ പ്രതിനിധ്യം ഉണ്ടാകും എന്ന നിലപാടാണ് അന്ന് കെ പി സി സി പ്രസിഡന്റ് എടുത്തത്.

നിലവില്‍ പ്രഖ്യാപിച്ച പട്ടികയില്‍ സെക്രട്ടറിമാരില്ല. സെക്രട്ടറിമാരുടെ പട്ടിക പത്ത് ദിവത്തിനകം ഉണ്ടാകുമെന്നാണ് കെ പി സി സി പ്രസിഡന്റ് അറിയിച്ചത്.