Connect with us

From the print

വെട്ടിനിരത്തൽ മണ്ണിലും പാർട്ടിയിലും

പാടശേഖരങ്ങള്‍ നികത്തുന്നതിനെതിരെയും നെല്‍കൃഷിയല്ലാത്ത മറ്റു കൃഷികള്‍ നടത്തുന്നതിനെതിരെയും വി എസിന്റെ നേതൃത്വത്തില്‍ നടന്ന സമരം വലിയ വിവാദത്തിന് വഴിവെച്ചു.

Published

|

Last Updated

199697 കാലത്ത് മാങ്കൊമ്പില്‍ വി എസ് അച്യുതാന്ദന്റെ നേതൃത്വത്തില്‍ നടന്ന വെട്ടിനിരത്തല്‍ സമരം വി എസിന്റെ സമരചരിത്രത്തിലെ പ്രധാന ഏടുകളിലൊന്നാണ്. ഇതോടെ വി എസിന് പാര്‍ട്ടിയിലും ജീവിതത്തിലും ‘വെട്ടിനിരത്തല്‍ സ്വഭാവക്കാരന്‍’ എന്ന വിളിപ്പേരും വന്നു.

കയര്‍ മേഖലയില്‍ തൊഴിലാളികളെ സംഘടിപ്പിച്ചു വിജയം കൊയ്ത വി എസിനെ പി കൃഷ്ണപിള്ള കുട്ടനാട്ടിലെ കര്‍ഷക തൊഴിലാളികളെ സംഘടിപ്പിക്കാന്‍ നിയോഗിച്ചത് ചരിത്രം. ഈ മേഖലയില്‍ ജന്മി- കുടിയാന്‍ വ്യവസ്ഥക്കെതിരെ അഹോരാത്രം പോരാടി വിജയിച്ച വി എസിന്റെ പോരാട്ട ഭൂമിയായി കുട്ടനാട് മാറിയതും ചരിത്രം.

വര്‍ധിച്ച കൂലിയും തൊഴിലാളികളെ കിട്ടാനില്ലാതെ വരികയും ചെയ്തതോടെ നഷ്ടക്കണക്കുകള്‍ മാത്രം പേറിയിരുന്ന കര്‍ഷകര്‍, നെല്‍പ്പാടങ്ങള്‍ നികത്തി ലാഭകരമായ ഇതര കൃഷികളിലേക്ക് തിരിയുന്നതിന് എതിരെയായിരുന്നു വി എസിന്റെ നേതൃത്വത്തിലുള്ള വെട്ടിനിരത്തല്‍ സമരം. ഈ പ്രവണത കാരണം കര്‍ഷകത്തൊഴിലാളികള്‍ ജോലിയില്ലാതാകുന്നുവെന്നതായിരുന്നു സമരക്കാര്‍ ഉയര്‍ത്തിയ വാദം. തന്റെ നികത്തിയ പാടശേഖരത്തില്‍ തെങ്ങും വാഴയും മറ്റും നട്ടുവളര്‍ത്തിയ മാങ്കൊമ്പിലെ കര്‍ഷകനായിരുന്നു പ്രക്ഷോഭത്തിന്റെ ആദ്യ ഇര. ഒരു വിഭാഗം കെ എസ് കെ ടി യു പ്രവര്‍ത്തകര്‍ അയാളുടെ കൃഷി പൂര്‍ണമായും വെട്ടിനശിപ്പിച്ചു.

ഈ സമരം പിന്നീട് ആലപ്പുഴയുടെ വിവിധ മേഖലകളിലേക്ക് പടര്‍ന്നു. പാടശേഖരങ്ങള്‍ നികത്തുന്നതിനെതിരെയും നെല്‍കൃഷിയല്ലാത്ത മറ്റു കൃഷികള്‍ നടത്തുന്നതിനെതിരെയും വി എസിന്റെ നേതൃത്വത്തില്‍ നടന്ന ഈ സമരം വലിയ വിവാദത്തിന് വഴിവെച്ചു. കെ എസ് കെ ടി യു നടപടിയില്‍ നിന്ന് സി പി എം സൗകര്യപൂര്‍വം മാറിനിന്നു.

ഇതിന് ശേഷമാണ്, തനിക്ക് ഇഷ്ടമില്ലാത്തവരെ വി എസ് ‘വെട്ടിനിരത്തുന്നു’വെന്ന ആരോപണം പാര്‍ട്ടിക്കുള്ളില്‍ നിന്ന് തന്നെ വന്നത്. കുട്ടനാട്ടിലെ കൃഷി വെട്ടിനിരത്തല്‍ പാര്‍ട്ടിക്കുള്ളിലും പ്രയോഗിക്കപ്പെട്ടതോടെ നിരവധി പേര്‍ വി എസിന്റെ നേതൃത്വത്തിലുള്ള നടപടികള്‍ക്ക് വിധേയരായി. സി പി എമ്മിലെ അതിശക്തരായ നേതാക്കളായിരുന്ന എം വി രാഘവന്‍, കെ ആര്‍ ഗൗരിയമ്മ തുടങ്ങിയവരെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കാന്‍ വി എസാണ് ചുക്കാന്‍ പിടിച്ചതെന്നും ആരോപിക്കപ്പെട്ടു. പാര്‍ട്ടിയുടെ പാലക്കാട് സംസ്ഥാന സമ്മേളനത്തില്‍ ഏതാനും പേര്‍ക്ക് സ്ഥാനങ്ങള്‍ നഷ്ടപ്പെട്ടപ്പോഴും വി എസിനെതിരെ വെട്ടിനിരത്തല്‍ ആരോപണവുമായി എതിര്‍പക്ഷം രംഗത്ത് വന്നു. 1996ല്‍ മാരാരിക്കുളത്തെ തന്റെ പരാജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെയും വി എസ് ഇതുപോലെ വെട്ടിനിരത്തിയെന്ന ആരോപണവും വന്നു. ഇത് പാര്‍ട്ടി നടപടിക്കും കാരണമായി.