Connect with us

Editorial

കസ്റ്റഡി മരണങ്ങളിൽ വൻവർധന

കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട പരാതികളിൽ സത്യസന്ധമായ അന്വേഷണവും മറ്റു നിയമനടപടികളും കുറ്റക്കാർക്കെതിരെ കർശന ശിക്ഷാനടപടിയും ഉറപ്പ് വരുത്തിയെങ്കിലേ കസ്റ്റഡി മരണങ്ങൾ കുറക്കാനാകൂ.

Published

|

Last Updated

ഞെട്ടലുളവാക്കുന്നതാണ് രാജ്യത്തെ കസ്റ്റഡി മരണങ്ങളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ വെളിപ്പെടുത്തൽ. 2020 ഏപ്രിൽ ഒന്ന് മുതൽ 2022 മാർച്ച് 31 വരെയുള്ള രണ്ട് വർഷ കാലയളവിൽ 4,484 പേർ പോലീസ് കസ്റ്റഡിയിൽ മരിച്ചതായി രേഖാമൂലമുള്ള മറുപടിയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് ആണ് പാർലിമെന്റിനെ അറിയിച്ചത്. 2020-21-ൽ 1,940 മരണങ്ങളും 2021-22-ൽ 2,544 മരണങ്ങളും നടന്നു. അതേസമയം 2001 മുതൽ 2020 വരെയുള്ള രണ്ട് പതിറ്റാണ്ടിനിടയിൽ രാജ്യത്ത് നടന്നത് 1,888 കസ്റ്റഡി മരണങ്ങളാണ്. ഉത്തർപ്രദേശിലാണ് കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഏറ്റവും കൂടുതൽ കസ്റ്റഡി മരണങ്ങൾ റിപോർട്ട് ചെയ്യപ്പെട്ടത് 952. പശ്ചിമബംഗാൾ 442, ബിഹാർ 396, മധ്യപ്രദേശ് 364, മഹാരാഷ്ട്ര 340, ഗുജറാത്ത് 225, തമിഴ്നാട് 172 എന്നിങ്ങനെയാണ് മറ്റു ചില സംസ്ഥാനങ്ങളുടെ കണക്ക്.

പോലീസ് സ്റ്റേഷനുകളിലെ മൂന്നാംമുറകളാണ് മിക്കപ്പോഴും പ്രതികളുടെ മരണങ്ങൾക്ക് കാരണം. 2020 ജൂണിൽ തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ അറസ്റ്റിലായ ജയരാജന്റെയും മകൻ ബെന്നിക്‌സിന്റെയും മരണം മലദ്വാരത്തിൽ സ്റ്റീൽ കെട്ടിയ ലാത്തി കയറ്റിയിറക്കൽ, നെഞ്ചിലെ രോമം പിഴുതെടുക്കൽ തുടങ്ങിയ പോലീസ് പീഡനങ്ങളെ തുടർന്നായിരുന്നു. കച്ചവടക്കാരായ ഇവരുടെ കട രാത്രി അടക്കാൻ അനുവദിക്കപ്പെട്ട സമയത്തിലും 15 മിനുട്ട് വൈകിയെന്നതാണ് ആരോപിക്കപ്പെട്ട കുറ്റം. ഛത്തീസ്ഗഢ് ജയിലിൽ ചെറിയ ആദിവാസി പെൺകുട്ടികളെ നഗ്നരാക്കി വൈദ്യുതി ഷോക്കടിപ്പിച്ചു പീഡിപ്പിക്കുന്ന വിവരം റായിപൂർ സെൻട്രൽ ജയിലിലെ ഡെപ്യൂട്ടി ജയിലർ വർഷ ഡ്രോങ്‌ഗ്രെ സാമൂഹിക മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയതാണ്. ഇറാഖിൽ പിടികൂടിയ യുദ്ധത്തടവുകാരെ പീഡിപ്പിക്കാനായി അമേരിക്ക ഒരുക്കിയ ഗ്വാണ്ടനാമോ തടവറകൾക്ക് തുല്യമാണ് പല ഇന്ത്യൻ തടവറകളും. ഒരാൾക്ക് ശരിയായി നിവർന്ന് നിൽക്കാൻ പോലും സാധിക്കാത്തവിധം അർധവൃത്താകൃതിയിലുള്ളതും വൈദ്യുതി പ്രവാഹമുള്ള കമ്പിവേലിയാൽ ചുറ്റപ്പെട്ടതുമാണ് മുംബൈയിലെ ഒരു ജയിലറയെന്ന് അവിടെ കഴിയാൻ വിധിക്കപ്പെട്ട ഒരു തടവുകാരൻ ഈയിടെ വെളിപ്പെടുത്തിയിരുന്നു. തടവുകാർ ശരിയായൊന്ന് നിവർന്ന് കിടന്നാൽ ശരീര ഭാഗങ്ങൾ ചുറ്റിലുമുള്ള കമ്പിവേലിയിൽ തട്ടി ഷോക്കേൽക്കും. കസ്റ്റഡിയിൽ പീഡിപ്പിക്കപ്പെടുന്നവരിൽ ഭൂരിഭാഗവും ഒരു പ്രത്യേക മതവിഭാഗത്തിൽപ്പെട്ടവരും ദളിതരുമാണ്. വിശേഷിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ.

പലപ്പോഴും നിരപരാധികളാണ് ചെയ്യാത്ത കുറ്റത്തിന്റെ പേരിൽ പോലീസിന്റെ മെയ്ക്കരുത്തിനു വിധേയരാകുന്നത്. ഹരിയാനയിലെ മേവാത്തിൽ കഴിഞ്ഞ വർഷം ജൂണിൽ ജുനൈദ് എന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കസ്റ്റഡിയിൽ അസഭ്യ വർഷവും വർഗീയ പരാമർശങ്ങളും ക്രൂര പീഡനവുമാണ് ജുനൈദിനു ഏൽക്കേണ്ടിവന്നത്. ആളുമാറിയാണ് അറസ്റ്റെന്നു ബോധ്യമായതോടെ പോലീസ് വിട്ടയക്കാൻ തയ്യാറായെങ്കിലും മോചിപ്പിക്കണമെങ്കിൽ 70,000 രൂപ കൈക്കൂലി നൽകണമെന്ന് കുടുംബത്തോട് ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തി അത് കൈക്കലാക്കുകയും ചെയ്തു. മോചിതനായെങ്കിലും പോലീസ് മർദനത്തിന്റെ ആഘാതത്തിൽ താമസിയാതെ ജുനൈദ് മരണപ്പെട്ടു. രണ്ടര മാസം മുമ്പ് തിരുവനന്തപുരം ഫോർട്ട് സ്റ്റേഷൻ പോലീസ് മാല മോഷണക്കേസിൽ ഓട്ടോ ഡ്രൈവറായ കുമാറിനെ അറസ്റ്റ് ചെയ്തു. കസ്റ്റഡിയിൽ കുമാറിനു ശക്തമായ മർദന മുറകൾ അനുഭവിക്കേണ്ടി വരികയും നട്ടെല്ലിനു ക്ഷതമേൽക്കുകയും ചെയ്തു. പിന്നീട് ആളുമാറിയാണ് അറസ്റ്റ് ചെയ്തതെന്നും കുമാർ നിരപരാധിയാണെന്നും ബോധ്യപ്പെട്ടതോടെ അദ്ദേഹത്തെ വിട്ടയച്ചു.

കസ്റ്റഡി മരണങ്ങളെക്കുറിച്ച് സമഗ്രമായ അന്വേഷണം നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. പോലീസ് കസ്റ്റഡിയിൽ പ്രതിക്ക് മരണം സംഭവിച്ചാൽ ഉടനടി എഫ് ഐ ആർ തയ്യാറാക്കണം. ജുഡീഷ്യൽ മജിസ്‌ട്രേറ്റിന്റെ അന്വേഷണവും അനിവാര്യമാണ.് പോലീസ് അന്വേഷണം നടത്തിയാലും മജിസ്‌ട്രേറ്റ് അന്വേഷിക്കേണ്ടതുണ്ട്. അന്വേഷണം നടത്തുന്ന മജിസ്‌ട്രേറ്റ് മരണം നടന്ന് 24 മണിക്കൂറിനുള്ളിൽ അടുത്തുള്ള സിവിൽ സർജന് മൃതദേഹം വിശദ പരിശോധനക്ക് കൈമാറണം. മരണവിവരം 24 മണിക്കൂറിനുള്ളിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനെയും അറിയിച്ചിരിക്കണം. പോസ്റ്റ്‌മോർട്ടത്തിന്റെ വീഡിയോ റെക്കോർഡ് ചെയ്യണം. ഇതെല്ലാം ഉൾപ്പെടുന്ന മജിസ്‌ട്രേറ്റിന്റെ അന്വേഷണ റിപോർട്ട് രണ്ട് മാസത്തിനകം തന്നെ കമ്മീഷന് നൽകുകയും വേണം. എന്നാൽ മിക്ക കസ്റ്റഡി മരണങ്ങളിലും ഈ ചട്ടങ്ങളൊന്നും പാലിക്കപ്പെടാറില്ല.

2001-2020 കാലയളവിൽ നടന്ന 1,888 കസ്റ്റഡി മരണങ്ങളിൽ 893 പോലീസ് ഉദ്യോഗസ്ഥർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്. അതിൽ കുറ്റപത്രം സമർപ്പിച്ചത് 358 പേർക്കെതിരെയും ഇക്കാലയളവിൽ ശിക്ഷിക്കപ്പെട്ടത് 26 പോലീസുകാരും മാത്രം. ബാക്കി കേസുകളിലൊന്നിലും ഇരക്ക് നീതി കിട്ടിയിട്ടില്ലെന്ന് ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യൂറോ (എൻ സി ആർ ബി) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. കുറ്റക്കാരായ പോലീസുകാർക്ക് അർഹമായ ശിക്ഷ ലഭിക്കാത്തതാണ് കസ്റ്റഡി മരണങ്ങൾ വർധിക്കാൻ പ്രധാന കാരണം. കസ്റ്റഡി മരണങ്ങൾക്കും പോലീസ് പീഡനങ്ങൾക്കും ഭരണഘടനയുടെ പഴുതുകൾ കാരണമാകുന്നതായും പോലീസ് സ്റ്റേഷനുകളാണ് മനുഷ്യാവകാശങ്ങൾക്കു ഏറ്റവും വലിയ ഭീഷണിയെന്നും ഈയിടെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ പ്രതികരിച്ചതിന്റെ പശ്ചാത്തലമിതാണ്.
കസ്റ്റഡി മരണങ്ങൾ കുറക്കുന്നതിനായി എല്ലാ പോലീസ് സ്റ്റേഷനുകളിലും അന്വേഷണ ഏജൻസികളുടെ ഓഫീസുകളിലും സി സി ടി വി ക്യാമറകൾ സ്ഥാപിക്കണമെന്ന് 2020 ഡിസംബറിൽ സുപ്രീം കോടതി നിർദേശിച്ചിരുന്നു. ഇതുകൊണ്ടു മാത്രം പോലീസ് മർദനവും പീഡനവും തടയാനാകില്ലെന്നാണ് അനുഭവം. ക്യാമറ സ്ഥാപിച്ച പല സ്റ്റേഷനുകളിലും അത് ഓഫ് ചെയ്താണ് പോലീസ് മൂന്നാംമുറ പ്രയോഗിക്കുന്നത്. ക്യാമറകൾ കേടുവരുത്തി ഇടിവെട്ടിനെ പഴിചാരുന്ന സംഭവവുമുണ്ട്. ഡൽഹിയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം കത്തിപ്പടരുന്നതിനിടെ കഴിഞ്ഞ ഫെബ്രുവരിയിൽ തെരുവുകളിൽ സ്ഥാപിച്ച സി സി ടി വി ക്യാമറകൾ പോലീസ് തല്ലിത്തകർക്കുന്ന ദൃശ്യങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നതാണ്. കസ്റ്റഡി മർദനവുമായി ബന്ധപ്പെട്ട പരാതികളിൽ സത്യസന്ധമായ അന്വേഷണവും മറ്റു നിയമനടപടികളും കുറ്റക്കാർക്കെതിരെ കർശന ശിക്ഷാനടപടിയും ഉറപ്പ് വരുത്തിയെങ്കിലേ കസ്റ്റഡി മരണങ്ങൾ കുറക്കാനാകൂ.