Connect with us

Pathanamthitta

മിണ്ടാപ്രാണിയോട് ക്രൂരത; പത്തനംതിട്ടയില്‍ സാമൂഹിക വിരുദ്ധര്‍ എരുമയുടെ വാല്‍ മുറിച്ചു നീക്കി

മുറിച്ചു നീക്കിയ വാലിന്റെ ഭാഗം ഉടമയുടെ വീട്ടുമുറ്റത്തെ കസേരയില്‍ ഉപേക്ഷിച്ചു.

Published

|

Last Updated

തിരുവല്ല  |   നിരണത്ത് മിണ്ടാപ്രാണിക്ക് നേരേ സാമൂഹിക വിരുദ്ധരുടെ ആമ്രകണം. ഇരുളിന്റെ മറവില്‍ എത്തിയവര്‍ എരുമയുടെ വാല്‍ മുറിച്ചു നീക്കി. മുറിച്ചു നീക്കിയ വാലിന്റെ ഭാഗം ഉടമയുടെ വീട്ടുമുറ്റത്തെ കസേരയില്‍ ഉപേക്ഷിച്ചു. നിരണം പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ പുളിയ്ക്കല്‍ വീട്ടില്‍ ക്ഷീര കര്‍ഷകനായ പി.കെ മോഹനന്‍ വളര്‍ത്തുന്ന അഞ്ച് വയസ് പ്രായമുള്ള അമ്മിണി എന്ന എരുമയ്ക്ക് നേരെയാണ് ആക്രമണം നടന്നത്. കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു മനസാക്ഷിയെ ഞെട്ടിപ്പിക്കുന്ന സംഭവം.

തിങ്കളാഴ്ച പുലര്‍ച്ചെ നാലു മണിയോടെ പാല്‍ കറക്കുന്നതിനായി മോഹനന്‍ തൊഴുത്തില്‍ എത്തിയപ്പോഴാണ് വാല്‍ മുറിഞ്ഞ നിലയില്‍ ദയനീയ ഭാവത്തില്‍ നില്‍ക്കുന്ന എരുമയെ കണ്ടത്. വീട്ടു മുറ്റത്തെ കസേരയില്‍ മുറിച്ചു മാറ്റിയ വാലിന്റെ അവശിഷ്ടവും കണ്ടു.

തുടര്‍ന്ന് നിരണം മൃഗാശുപത്രിയിലെ ഡോക്ടറെ ഫോണില്‍ ബന്ധപ്പെട്ടു. ഡോക്ടര്‍ നിര്‍ദ്ദേശിച്ച പ്രകാരം വാലിന്റെ ഭാഗം മരുന്നുവെച്ച് കെട്ടി. ഇന്ന് രാവിലെ മൃഗഡോക്ടര്‍ എത്തി കൂടുതല്‍ പരിശോധനകള്‍ നടത്തി മുറിവ് പഴുക്കാതിരിക്കുവാനുള്ള മരുന്നുകളും നല്‍കി. സംഭവത്തില്‍ എരുമയുടെ ഉടമ മോഹനന്‍ പുളിക്കീഴ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വാല്‍ മുറിക്കപ്പെട്ട എരുമ കൂടാതെ കറവയുള്ള ഒരു പശുവും മൂന്ന് പോത്തുകളും മോഹനന് സ്വന്തമായുണ്ട്. തനിക്കും തന്റെ കുടുംബത്തിനും വ്യക്തിപരമായും രാഷ്ട്രീയപരമായും ആരുമായും വിരോധം നിലനില്‍ക്കുന്നില്ല എന്നും, സംഭവത്തിലെ പ്രതികളെ പിടികൂടുവാന്‍ പോലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്നും മോഹനന്‍ ആവശ്യപ്പെടുന്നു.