Kerala
കോടികൾ നഷ്ടം; കോൺഗ്രസ് നേതാവ് വി എസ് ശിവകുമാറിന്റെ വീട്ടിൽ നിക്ഷേപകരുടെ പ്രതിഷേധം
300 നിക്ഷേപകർക്കായി 13 കോടിയാണ് നഷ്ടമായത്.

തിരുവനന്തപുരം | തലസ്ഥാനത്തെ പ്രമുഖ കോൺഗ്രസ് നേതാവ് വി എസ് ശിവകുമാറിന്റെ വീട്ടിലെത്തി പ്രതിഷേധിച്ച് സഹകരണ സൊസൈറ്റിയിലെ നിക്ഷേപകർ. ശിവകുമാറിന്റെ ബിനാമിയുടെതാണ് സൊസൈറ്റി എന്ന് പണം നഷ്ടപെട്ടവർ ആരോപിക്കുന്നു. 300 നിക്ഷേപകർക്കായി 13 കോടിയാണ് നഷ്ടമായത്.
തിരുവനന്തപുരം ജില്ലാ അൺ എംപ്ലോയീസ് സോഷ്യൽ വെൽഫെയർ കോ ഓപറേറ്റീവ് സൊസൈറ്റിയിൽ പണം നിക്ഷേപിച്ചവർക്കാണ് പണം നഷ്ടമായത്. ശിവകുമാറായിരുന്നു സൊസൈറ്റി ഉദ്ഘാടനം ചെയ്തത്. കിള്ളിപ്പാലം, വെള്ളായണി, വലിയതുറ ബ്രാഞ്ചുകളിലെ നിക്ഷേപകരാണ് രാവിലെ ശിവകുമാറിൻ്റെ വീട്ടിലെത്തി പ്രതിഷേധിച്ചത്.
അതേസമയം, ശിവകുമാർ എല്ലാം നിഷേധിച്ചു. എവിടെയെല്ലാം ഉദ്ഘാടനത്തിന് പോകുന്നെന്നും അതുകാരണം വീട്ടിലെത്തി പ്രതിഷേധിക്കേണ്ടതുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. സംസ്ഥാനത്ത് സഹകരണ സംഘങ്ങളിൽ ഏറ്റവും കൂടുതൽ ക്രമക്കേട് നടന്നത് യു ഡി എഫ് ഭരിക്കുന്ന സംഘങ്ങളിലാണെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. തിരുവനന്തപുരം ജില്ലയിൽ ക്രമക്കേട് നടന്ന 29 സഹകരണ സംഘങ്ങളിൽ യു ഡി എഫ് ഭരിക്കുന്നത് 25ഉം എൽ ഡി എഫ്, ബി ജെ പി എന്നിവയുടെ ഒന്നുമാണുള്ളത്.