Connect with us

Articles

ഒരു ന്യൂസ്പോര്‍ട്ടല്‍ ഉയര്‍ത്തുന്ന നിര്‍ണായക ചോദ്യങ്ങള്‍

ദേശീയ രംഗത്തെ പ്രധാന മാധ്യമങ്ങള്‍, പ്രത്യേകിച്ച് ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള മുഴുസമയ വാര്‍ത്താ ചാനലുകള്‍, കേവലം കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങളും സമീപനങ്ങളും പിന്തുണക്കാന്‍ വേണ്ടി മാത്രം നിലകൊണ്ടപ്പോള്‍ ശക്തമായ സമാന്തര ബദലായി നില്‍ക്കാനും ചില സുപ്രധാന ചോദ്യങ്ങളുയര്‍ത്താനും ന്യൂസ് ക്ലിക്കിന് സാധിച്ചു. ഈ നിലപാട് തുടരുന്ന ഏതൊരു മാധ്യമ സ്ഥാപനത്തിനും നേരിടേണ്ടി വരുന്ന വെല്ലുവിളി തന്നെയാണ് കഴിഞ്ഞ ദിവസം ന്യൂസ് ക്ലിക്കും അതിലെ മാധ്യമ പ്രവര്‍ത്തകരും നേരിട്ടത്.

Published

|

Last Updated

ഭരണകൂടത്തിന്റെ ജനവിരുദ്ധ നയങ്ങളെ കൃത്യമായി ചോദ്യം ചെയ്യുന്ന മാധ്യമ സ്ഥാപനങ്ങളെ തിരഞ്ഞുപിടിച്ച് ആക്രമിക്കുന്ന പതിവ് തെറ്റിക്കാതെയാണ് കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ചില അനിഷ്ട സംഭവങ്ങള്‍ അരങ്ങേറിയത്. ന്യൂസ് ക്ലിക്ക് എന്ന മാധ്യമ സ്ഥാപനവുമായി ബന്ധപ്പെട്ട മുപ്പതിലധികം സ്ഥലങ്ങളിലാണ് ഡല്‍ഹി പോലീസിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം വ്യാപകമായി റെയ്ഡ് നടത്തിയത്. ഒപ്പം, മണിക്കൂറുകളോളം നടത്തിയ ചോദ്യം ചെയ്യലിനുശേഷം യു എ പി എ നിയമപ്രകാരം ന്യൂസ് ക്ലിക്ക് സ്ഥാപകനും എഡിറ്റര്‍ ഇന്‍ ചീഫുമായ പ്രബീര്‍ പുര്‍കയസ്തയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുകയും ചെയ്തു. കോമേഡിയന്‍ സഞ്ജയ് റജൗറ, ചരിത്രകാരന്‍ സുഹൈല്‍ ഹാഷ്മി, സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവരുടെ വീടുകളിലും റെയ്ഡ് നടന്നു. പ്രബീര്‍ പുര്‍കയസ്തയെ കൂടാതെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പരഞ്ജയ് ഗുഹ താകുര്‍ത്ത, സഞ്ജയ് രാജൗറ, ഭാഷ സിംഗ്, ഊര്‍മിളേഷ്, അഭിസാര്‍ ശര്‍മ, ഔനിന്ദ്യോ ചക്രവര്‍ത്തി എന്നിവരുടെ വീടുകളിലും വിശദമായ പരിശോധന നടന്നു.

ന്യൂസ് ക്ലിക്ക് എന്ന സ്ഥാപനം ചൈനയില്‍ നിന്നുള്ള വിദേശ ഫണ്ട് സ്വീകരിക്കുന്നുവെന്നും കേന്ദ്ര സര്‍ക്കാറിനെതിരെ റിപോര്‍ട്ടുകള്‍ ചെയ്യുന്നുണ്ടെന്നും ആരോപിച്ചാണ് രാജ്യത്തെ മാധ്യമ രംഗത്തെ അക്ഷരാര്‍ഥത്തില്‍ മുള്‍മുനയില്‍ നിര്‍ത്തി റെയ്ഡുകളും അറസ്റ്റുകളും അരങ്ങേറിയത്. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ നിന്ന് മാധ്യമ പ്രവര്‍ത്തകരുടെ വിദേശ യാത്രകള്‍, ഷഹീന്‍ ബാഗ് പ്രതിഷേധം, കര്‍ഷക സമരങ്ങള്‍ തുടങ്ങിയവയെക്കുറിച്ചായിരുന്നു പോലീസിന് ചോദിച്ചറിയാനുണ്ടായിരുന്നത്. 2023 ആഗസ്റ്റില്‍ ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച ഒരു റിപോര്‍ട്ടില്‍ ചൈനീസ് മാധ്യമ ശൃംഖലയുമായി അടുത്ത ബന്ധമുള്ള അമേരിക്കയില്‍ നിന്നുള്ള ശതകോടീശ്വരനായ നെവില്‍ റോയ് സിംഗം, ന്യൂസ് ക്ലിക്കിന് ധനസഹായം നല്‍കുന്നതായി പരാമര്‍ശമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ നേരത്തേ അന്വേഷണമാരംഭിച്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ന്യൂസ് ക്ലിക്കിന്റെ ചില ആസ്തികള്‍ കണ്ടുകെട്ടിയിരുന്നു. എന്നാല്‍, കേന്ദ്ര സര്‍ക്കാറും ചില മാധ്യമങ്ങളും കെട്ടിച്ചമച്ച ആരോപണം മാത്രമാണ് വിവാദങ്ങള്‍ക്ക് പിന്നിലെന്നും വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്നും ന്യൂസ് ക്ലിക്ക് അധികൃതര്‍ പ്രതികരിച്ചിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെയോ മറ്റ് താത്പര്യങ്ങളുടെയോ മുഖപത്രമായി തങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന ആരോപണം ശരിയല്ലെന്നും ഇന്ത്യന്‍ കോടതികളിലുള്ള തങ്ങളുടെ വിശ്വാസം ആവര്‍ത്തിക്കുന്നുവെന്നും ഇന്ത്യന്‍ നിയമങ്ങള്‍ക്കനുസൃതമായാണ് പ്രവര്‍ത്തിച്ചു വരുന്നതെന്നും തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന ആത്മവിശ്വാസമുണ്ടെന്നും ന്യൂസ് ക്ലിക്കിന്റെ ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. നിലവില്‍ ന്യൂസ് ക്ലിക്കില്‍ ജോലി ചെയ്യുന്ന അമ്പതോളം മാധ്യമ പ്രവര്‍ത്തകരുടെ വീടുകളിലാണ് കഴിഞ്ഞ ദിവസം വ്യാപകമായി റെയ്ഡ് നടന്നത്.

2009ലാണ് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ഇടതുപക്ഷ സഹയാത്രികനുമായ പ്രബീര്‍ പുര്‍കായസ്ത ന്യൂസ് ക്ലിക്ക് ആരംഭിക്കുന്നത്. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന ഒരു സാധാരണ ന്യൂസ്പോര്‍ട്ടലില്‍ നിന്ന് ആര്‍ക്കും അവഗണിക്കാന്‍ കഴിയാത്ത ഈടുറ്റ മാധ്യമ സാന്നിധ്യമായി ന്യൂസ് ക്ലിക്ക് മുന്നേറിയത് വളരെ പെട്ടെന്നായിരുന്നു. പലപ്പോഴും മുഖ്യധാരാ മാധ്യമങ്ങള്‍ പറയാന്‍ മടിച്ച വാര്‍ത്തകളും വിശകലനങ്ങളും ഈ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ കവര്‍ ചെയ്തു. ദേശീയ രംഗത്തെ പ്രധാന മാധ്യമങ്ങള്‍, പ്രത്യേകിച്ച് ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള മുഴുസമയ വാര്‍ത്താ ചാനലുകള്‍, കേവലം കേന്ദ്ര സര്‍ക്കാറിന്റെ നയങ്ങളും സമീപനങ്ങളും പിന്തുണക്കാന്‍ വേണ്ടി മാത്രം നിലകൊണ്ടപ്പോള്‍ ശക്തമായ സമാന്തര ബദലായി നില്‍ക്കാനും ചില സുപ്രധാന ചോദ്യങ്ങളുയര്‍ത്താനും ന്യൂസ് ക്ലിക്കിന് സാധിച്ചു. ഈ നിലപാട് തുടരുന്ന ഏതൊരു മാധ്യമ സ്ഥാപനത്തിനും നേരിടേണ്ടി വരുന്ന വെല്ലുവിളി തന്നെയാണ് കഴിഞ്ഞ ദിവസം ന്യൂസ് ക്ലിക്കും അതിലെ മാധ്യമ പ്രവര്‍ത്തകരും നേരിട്ടത്.

സമീപ കാലത്ത് ന്യൂസ് ക്ലിക്ക് പ്രസിദ്ധീകരിച്ച വാര്‍ത്തകളുടെ പൊതുസ്വഭാവം കേന്ദ്ര സര്‍ക്കാറിന്റെ ജനവിരുദ്ധ നിലപാടുകളെ തുറന്നു കാട്ടുക എന്നതായിരുന്നു. പൗരത്വ സമരങ്ങളെ കൃത്യമായും വിശദമായും സത്യസന്ധമായും റിപോര്‍ട്ട് ചെയ്ത ചുരുക്കം ചില മാധ്യമ സ്ഥാപനങ്ങളിലൊന്ന് ന്യൂസ് ക്ലിക്കായിരുന്നു. ഈ സമരവുമായി ബന്ധപ്പെട്ട് മുഖ്യധാരാ മാധ്യമങ്ങള്‍ കൊണ്ടുവന്ന ചില വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കാനും ഈ ഓണ്‍ലൈന്‍ ന്യൂസ്പോര്‍ട്ടല്‍ ധൈര്യം കാണിച്ചു. ഈ ധീരമായ കവറേജിനെത്തുടര്‍ന്നാണ് 2020ല്‍ ന്യൂസ് ക്ലിക്കില്‍ ആദ്യമായി കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ റെയ്ഡ് നടത്തുന്നതും സ്ഥാപനത്തിന്റെ 26 ശതമാനം ഫണ്ടിംഗും വിദേശത്ത് നിന്നുള്ളതാണെന്ന ആരോപണം ഉണ്ടാകുന്നതും. ഇതിനെത്തുടര്‍ന്ന് റിപബ്ലിക് ടി വി, സീ ന്യൂസ് ഉള്‍പ്പെടെ മോദി സ്തുതിപാഠകരായ മാധ്യമങ്ങള്‍ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ ഫണ്ട് സ്വീകരിക്കുന്ന മീഡിയയായി ന്യൂസ് ക്ലിക്കിനെ അവതരിപ്പിക്കുകയുണ്ടായി. കഴിഞ്ഞ ദിവസം നടന്നതിന് സമാനമായി ന്യൂസ് ക്ലിക്കിന്റെ ഓഫീസിലും മാധ്യമ പ്രവര്‍ത്തകരുടെ വീടുകളിലും റെയ്ഡ് നടന്നു. പിന്നീട് കര്‍ഷക സമര കാലത്തും വളരെ വ്യത്യസ്തവും വിശദവുമായ കവറേജുമായി ഈ സ്ഥാപനം മുന്നോട്ടുവന്നു. സമരത്തിന്റെ വീര്യം ചോരാതെ, കേന്ദ്ര സര്‍ക്കാറിനോട് നിര്‍ണായക ചോദ്യങ്ങളുമായി അക്കാലത്ത് നിരവധി വാര്‍ത്താധിഷ്ഠിത പരിപാടികള്‍ അവതരിപ്പിക്കാനും കര്‍ഷക സമരം കൃത്യമായി ജനങ്ങളിലേക്കെത്തിക്കാനും പ്രബീര്‍ പുര്‍കായസ്തയുടെ നേതൃത്വത്തിലുള്ള മാധ്യമ പ്രവര്‍ത്തകര്‍ക്ക് സാധിച്ചു. നോട്ട് നിരോധനം, കൊറോണ കൈകാര്യം ചെയ്തതിലെ പിഴവുകള്‍, ആള്‍ക്കൂട്ട കൊലപാതകങ്ങളില്‍ ബി ജെ പി നേതാക്കളുടെ പങ്ക്, യു പിയിലും ബിഹാറിലും മുസ്ലിംകള്‍ക്കെതിരെ നടന്ന ആക്രമണങ്ങള്‍ തുടങ്ങി കേന്ദ്ര സര്‍ക്കാറും വിവിധ സംസ്ഥാനങ്ങളിലെ ബി ജെ പി ഭരണകൂടങ്ങളും പ്രതിസ്ഥാനത്ത് വരുന്ന വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാനും ഫോളോ അപ് സ്റ്റോറികള്‍ കൊടുക്കാനും ന്യൂസ് ക്ലിക്ക് കാണിച്ച ധീരതയാണ് പലപ്പോഴായി കേന്ദ്ര ഏജന്‍സികളെ ചൊടിപ്പിച്ചത്.

ഭരണകൂടത്തെ വിമര്‍ശിക്കുന്ന മാധ്യമ സ്ഥാപനങ്ങള്‍ നിരന്തരം അക്രമിക്കപ്പെടുന്ന സവിശേഷ രാഷ്ട്രീയ കാലാവസ്ഥയില്‍ പ്രബീറിനെ അറസ്റ്റ് ചെയ്യാന്‍ മോദി സര്‍ക്കാറിനും ഡല്‍ഹി പോലീസിനും കാരണങ്ങള്‍ ഒരുപാടുണ്ട്. ശാസ്ത്രമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഗഹനമായ അറിവും ശക്തമായ രാഷ്ട്രീയ നിലപാടുമുള്ള മാധ്യമ പ്രവര്‍ത്തകനാണ് പ്രബീര്‍ പുര്‍കായസ്ത. അദ്ദേഹം 2023 ജൂണില്‍ എഴുതിയ ഒരു ലേഖനത്തിന്റെ തുടക്കം, 1975ലെ അടിയന്തരാവസ്ഥയിലാണെങ്കിലും ഇപ്പോഴത്തെ അടിയന്തരാവസ്ഥയിലാണെങ്കിലും, ഒരു ഇരയായി അറിയപ്പെടാന്‍ എനിക്ക് താത്പര്യമില്ല എന്നായിരുന്നു. ഇങ്ങനെ ശക്തമായ രാഷ്ട്രീയ ഉള്ളടക്കമുള്ള ഒരു വാക്യം എഴുതാന്‍ അയാള്‍ക്ക് കരുത്തു നല്‍കുന്നത് ഇന്ദിരാ ഗാന്ധിയുടെ അടിയന്തരാവസ്ഥക്കാലത്ത് രാഷ്ട്രീയത്തടവുകാരനായിരുന്നതിന്റെ ശക്തിയും പുതിയ കാലത്തെ രാഷ്ട്രീയത്തെ ആ അനുഭവങ്ങളില്‍ നിന്ന് നിര്‍വചിക്കാനുള്ള കഴിവും കൊണ്ടായിരുന്നു. ജെ എന്‍ യുവില്‍ പഠിച്ചിരുന്ന കാലത്ത് എസ് എഫ് ഐയുടെ ഭാഗമായിരുന്ന പ്രബീര്‍ പിന്നീട് സി പി എം സഹയാത്രികനുമായി പ്രവര്‍ത്തിച്ചു. നവലിബറല്‍ കാലത്ത് സാങ്കേതികവിദ്യയുടെ വികാസം നേരിട്ട് ക്യാപിറ്റലിസത്തെ സഹായിക്കുമെന്നും ശാസ്ത്രത്തിന്റെയും ശാസ്ത്ര സര്‍വകലാശാലകളുടെയും വികാസമാണ് നേരിട്ട് ജനങ്ങളെയും വിശിഷ്യാ വിദ്യാര്‍ഥികളെയും സഹായിക്കുന്നതെന്നും പറയുന്ന ‘നോളഡ്ജ് ആസ് കോമണ്‍സ്’ പോലുള്ള അദ്ദേഹത്തിന്റെ പുസ്തകങ്ങളും മാധ്യമ സ്വാതന്ത്ര്യത്തിലേക്ക് ഭരണകൂടം ഇടിച്ചുകയറുന്നതിനെക്കുറിച്ചുള്ള ലേഖനങ്ങളും മുതലാളിമാരെ സുഖിപ്പിക്കുന്നവരെയും രാജ്യം ഭരിക്കുന്നവരെയും നേരത്തേ തന്നെ അസ്വസ്ഥരാക്കിയിട്ടുണ്ട്. നടപടിക്രമങ്ങള്‍ പാലിക്കാതെ ചൈനീസ് ഫണ്ട് ഉപയോഗിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്ന് പ്രബീര്‍ പുര്‍കായസ്തയുടെ വസതി 2023 ആഗസ്റ്റില്‍ ഇ ഡി സീല്‍ ചെയ്തിരുന്നു. അന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ ന്യൂസ് ക്ലിക്കിന്റെ ഭാഗം വാദിച്ചത് പ്രബീര്‍ തന്നെയായിരുന്നു. മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിക്കുന്ന സ്റ്റോറികളുടെ ബദല്‍ വീക്ഷണത്തിനും വിശദാംശങ്ങള്‍ക്കുമായി ആളുകള്‍ തിരയുന്ന ഓണ്‍ലൈന്‍ സാന്നിധ്യമായി അപ്പോഴേക്കും ന്യൂസ് ക്ലിക്ക് മാറിക്കഴിഞ്ഞിരുന്നു. ബിഹാര്‍ ജാതി സെന്‍സസ് ബി ജെ പിയുടെ കണക്കുകൂട്ടലുകള്‍ എങ്ങനെ തകിടം മറിച്ചു എന്നതായിരുന്നു അടുത്തിടെ ന്യൂസ് പോര്‍ട്ടല്‍ അന്വേഷിച്ചത്. മറ്റൊന്ന് കേന്ദ്ര സര്‍ക്കാറിന്റെ പഴയ പെന്‍ഷന്‍ പദ്ധതിയെക്കുറിച്ചായിരുന്നു. പഴയ പെന്‍ഷന്‍ പദ്ധതി പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തുടനീളമുള്ളവര്‍ പ്രതിഷേധവുമായി പഴയ ഡല്‍ഹിയിലെ ചരിത്രപ്രസിദ്ധമായ രാം ലീലാ മൈതാനത്ത് തടിച്ചുകൂടിയിട്ടും മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിച്ച സ്റ്റോറി. അദാനി ഗ്രൂപ്പിനെ തുറന്നു കാട്ടുന്നതിലും ന്യൂസ് ക്ലിക്ക് മുന്നില്‍ നിന്നു.

സമീപ കാലത്ത് ന്യൂസ് ക്ലിക്ക് കവര്‍ ചെയ്തവയില്‍ ഏറ്റവും ശ്രദ്ധേയമായത് മുഖ്യധാരാ മാധ്യമങ്ങള്‍ പാടേ അവഗണിച്ച മണിപ്പൂര്‍ കലാപവുമായി ബന്ധപ്പെട്ട വാര്‍ത്തകളായിരുന്നു. 2023 മെയ് മൂന്നിനാണ് മണിപ്പൂരില്‍ കലാപം തുടങ്ങിയത്. സംസ്ഥാനത്തെ 53 ശതമാനം വരുന്ന പ്രബല വംശീയ വിഭാഗമായ മെയ്തെയ്കളും ക്രിസ്ത്യാനികളായ കുകികളും തമ്മില്‍ നടന്ന വംശീയ കലാപം മൂന്ന് മാസത്തോളം നീണ്ടുനില്‍ക്കുകയും 181 പേര്‍ കൊല്ലപ്പെടുകയും ചെയ്തു. 300 പേര്‍ക്ക് പരുക്കേല്‍ക്കുകയും 54,488 പേര്‍ക്ക് സ്വന്തം വീടുപേക്ഷിക്കേണ്ടിയും വന്നു. ഇന്ത്യയില്‍ സമീപകാലത്ത് നടന്ന ഏറ്റവും ഗുരുതരമായ ഈ കലാപം പക്ഷേ, കവര്‍ ചെയ്യുന്നതില്‍ രാജ്യത്തെ മാധ്യമങ്ങള്‍ കാണിച്ച ലജ്ജാകരമായ വിമുഖതയും ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകള്‍ നല്‍കിയ തെറ്റായ വ്യാഖ്യാനങ്ങളും അന്തര്‍ദേശീയ തലത്തില്‍ ഏറെ ചര്‍ച്ചയായി. കൃത്യമായ രാഷ്ട്രീയ അജന്‍ഡയനുസരിച്ച് കേന്ദ്ര സര്‍ക്കാറിനെയും സംസ്ഥാനം ഭരിക്കുന്ന ബി ജെ പിയെയും സംരക്ഷിക്കാന്‍ വേണ്ടി സര്‍വ ന്യൂസ്റൂമുകളിലും വാര്‍ത്തകള്‍ വന്നപ്പോള്‍ മണിപ്പൂര്‍ കലാപത്തിന്റെ യഥാര്‍ഥ ചിത്രം കവര്‍ ചെയ്യുന്നതില്‍ ജാഗ്രത പാലിക്കാന്‍ ന്യൂസ് ക്ലിക്കിന് സാധിച്ചു. ഇപ്പോഴത്തെ റെയ്ഡിന് പിന്നിലെ ഒരു കാരണം ഈ ജാഗ്രതയാണ്. കലാപകലുഷിതമായ മൂന്ന് മാസങ്ങള്‍ മൊത്തത്തില്‍ രാജ്യത്തെയും സവിശേഷമായി മണിപ്പൂരിനെയും ഭീതിയിലാഴ്ത്തിയപ്പോള്‍, കലാപം നിയന്ത്രിക്കാനോ പരിഹാരം കാണാനോ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാനോ കഴിയാതെ പരാജയപ്പെട്ട കേന്ദ്ര ആഭ്യന്തര വകുപ്പോ സംസ്ഥാന സര്‍ക്കാറോ ഒരിടത്തും ചോദ്യം ചെയ്യപ്പെടാതെ താരതമ്യേന അത്രമേല്‍ പ്രധാനമല്ലാത്ത വിഷയങ്ങള്‍ കവര്‍ ചെയ്യാനും ചര്‍ച്ചയാക്കാനുമാണ് മിക്ക മാധ്യമങ്ങളും ശ്രദ്ധിച്ചത്. നൂറുകണക്കിന് ഗ്രാമങ്ങളാണ് മണിപ്പൂര്‍ കലാപത്തില്‍ കത്തിയെരിഞ്ഞത്. കലാപത്തിന്റെ ഭീകരമായ അവസ്ഥ ഒരിക്കലും പുറത്തെത്തരുതെന്ന മട്ടിലായിരുന്നു തുടക്കം മുതല്‍ മിക്ക മാധ്യമങ്ങളുടെയും നിലപാട്. സമൂഹ മാധ്യമങ്ങളിലൂടെ കലാപത്തിന്റെ ഭയാനകത വ്യാപിക്കാതിരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ നേരത്തേ വിച്ഛേദിച്ചിരുന്നു. വ്യാജവാര്‍ത്തകള്‍ പരക്കാതിരിക്കാന്‍ എന്ന പേരിലായിരുന്നു അത്. അല്‍ജസീറയും ന്യൂയോര്‍ക്ക് ടൈംസും ഉള്‍പ്പെടെ നിരവധി അന്തര്‍ദേശീയ മാധ്യമങ്ങള്‍ ഈ നീക്കത്തെ നിശിതമായി വിമര്‍ശിക്കുകയുണ്ടായി. കലാപത്തിന്റെ യഥാര്‍ഥ കാരണങ്ങളെ അവഗണിക്കുകയും ഇരകളായ സാധാരണക്കാരുടെ പ്രശ്നങ്ങള്‍ നിസ്സാരവത്കരിക്കുകയും ചെയ്ത്, മണിപ്പൂര്‍ വംശീയ കലഹത്തിന്റെ തീവ്രതയും ദൂരവ്യാപകമായ ഫലങ്ങളും മറച്ചുവെച്ചാണ് വാര്‍ത്തകള്‍ വന്നത്. കലാപത്തിലേക്ക് ഇരു വിഭാഗങ്ങളെയും നയിച്ച കാരണങ്ങള്‍, ക്രൂരമായ പീഡനങ്ങള്‍ക്കിരകളായ സ്ത്രീകള്‍, തകര്‍ന്നടിഞ്ഞ നൂറുകണക്കിന് വീടുകള്‍, നിരന്തരമായി നടന്ന സംഘര്‍ഷങ്ങള്‍ – ഇവയൊന്നും കവര്‍ ചെയ്യാന്‍ നമ്മുടെ രാജ്യത്തെ മാധ്യമങ്ങള്‍ക്ക് സമയമില്ലായിരുന്ന ഒരു നിര്‍ണായക സമയത്താണ് ന്യൂസ് ക്ലിക്ക് തങ്ങളുടെ പരിമിതമായ വിഭവങ്ങള്‍ കൊണ്ട് ഏറെ ശ്രദ്ധേയമായ കവറേജിലൂടെ മണിപ്പൂര്‍ കലാപത്തിന്റെ തീവ്രത പുറംലോകത്തെത്തിച്ചത്.

68,000ത്തിലധികം സ്ഥിരം ഫോളോവേഴ്സുള്ള ന്യൂസ് ക്ലിക്കിന്റെയും മുഖ്യ പത്രാധിപരായ പ്രബീര്‍ പുര്‍കായസ്തയുടെയും ഏറ്റവും പുതിയ അന്വേഷണം 1970കളിലെ ചിലി ഭരണകൂടത്തിന്റെ സൈബര്‍സിന്‍ എന്ന പ്രൊജക്ടുമായി ബന്ധപ്പെട്ടതാണ്. ഈ പ്രൊജക്ട് നിയമവിരുദ്ധമായി ഇന്ത്യയുടെ ഐ ടി രംഗത്തും സമ്പദ് വ്യവസ്ഥയിലും ഇടപെടുന്നതിന് ശ്രമിച്ചിട്ടുണ്ടെന്നും ന്യൂസ് ക്ലിക്ക് കണ്ടെത്തുകയുണ്ടായി. ഒപ്പം, ‘നിയമവിധേയമായ കൈക്കൂലി’ എന്ന് പ്രതിപക്ഷം വിളിക്കുന്ന ഇലക്ടറല്‍ ബോണ്ടുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍, റോഡ് വീതി കൂട്ടല്‍ പദ്ധതികള്‍ക്ക് നിര്‍ബന്ധിത ഗ്രീന്‍ ക്ലിയറന്‍സ് ലംഘിച്ചതിന് സര്‍ക്കാറിനെ ആക്ഷേപിക്കുന്ന കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ ഗുജറാത്ത് റിപോര്‍ട്ട് എന്നിവയും ആദ്യമായി റിപോര്‍ട്ട് ചെയ്യുന്നത് ന്യൂസ് ക്ലിക്കാണ്. ഇങ്ങനെ, മുഖ്യധാരാ മാധ്യമങ്ങളിലെവിടെയും കാണാന്‍ കഴിയാത്ത, എന്നാല്‍ രാജ്യം നിര്‍ബന്ധമായും അറിയേണ്ട വാര്‍ത്തകളുടെ പ്രവാഹമാണ് ന്യൂസ് ക്ലിക്ക് വെബ്സൈറ്റ്. സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായ നിരവധി ആനുകാലിക സംഭവങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാനും ന്യൂസ് ക്ലിക്കിന് സാധിച്ചു. ഈ രീതിയില്‍ ധീരമായ ഇടപെടലുകള്‍ നടത്തുന്ന ന്യൂസ് ക്ലിക്ക് സ്വാഭാവികമായും കേന്ദ്ര സര്‍ക്കാറിന് വലിയ തലവേദനയാണ്. അത് പൂര്‍ണമായും അടച്ചു പൂട്ടേണ്ടത് സ്വാഭാവികമായും കോര്‍പറേറ്റ്-രാഷ്ട്രീയ അജന്‍ഡയാണ്. 2024ലെ പൊതു തിരഞ്ഞെടുപ്പിനെ വരെ സ്വാധീനിക്കാന്‍ ശേഷിയുള്ള ഇത്തരം കവറേജുകളെ നിശ്ശബ്ദമാക്കേണ്ടത് രാജ്യം ഭരിക്കുന്ന ബി ജെ പി സര്‍ക്കാറിന്റെ ആവശ്യമാണ്. അപ്പോഴും ഈ ന്യൂസ് പോര്‍ട്ടല്‍ മുന്നോട്ടുവെച്ച ചോദ്യങ്ങള്‍ ഏറെ പ്രസക്തമാണ്.

 

Latest